ഹവായിൽ കാട്ടുതീ ദുരന്തം; മൗയി ദ്വീപിൽ 36 മരണം

ഹവായിൽ കാട്ടുതീ ദുരന്തം; മൗയി ദ്വീപിൽ 36 മരണം

ലഹൈനയിലും തുറമുഖത്തും പരിസര പ്രദേശങ്ങളിലും വ്യാപകമായി നാശനഷ്ടമുണ്ടായതായി ഉദ്യോഗസ്ഥർ
Updated on
1 min read

ഹവായ് ദ്വീപായ മൗയിയിൽ അതിവേഗം പടരുന്ന കാട്ടുതീയിൽ 36 പേർ മരിച്ചതായി റിപ്പോർട്ട്. ഡോറ ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ കാട്ടുതീയാണ് ദ്വീപിൽ നാശം വിതച്ചത്. പൊള്ളലേറ്റവരെ ചികിത്സ നൽകുന്നതിനായി ഒവാഹു ദ്വീപിലേക്ക് വിമാനമാർ​ഗം കൊണ്ടുപോയതായി അധികൃതർ അറിയിച്ചു.

പ്രദേശത്ത് രാത്രിയും പകലുമായി ശക്തമായ തീപിടിത്തമുണ്ടായതോടെ ആയിരക്കണക്കിന് ആളുകൾക്ക് വീടുകൾവിട്ട് ഓടേണ്ടിവന്നു. നിരവധി ആളുകളെ കാണാതായി. ഇവരെ കണ്ടെത്താൻ ശ്രമം തുടരുകയാണ്.മുതിർന്നവരും കുട്ടികളും ഉൾപ്പെടെ പ്രദേശവാസികൾ സ്വയരക്ഷയ്ക്കായി കടലിലേക്ക് എടുത്തുചാടി. ഇവരിൽ മിക്കവരെയും യുഎസ് കോസ്റ്റ് ഗാർഡും രക്ഷാപ്രവർത്തകരും ചേർന്ന് കരയിലെത്തിച്ചു.

തീ അണയ്ക്കാനായി ഹെലികോപ്റ്ററുകൾ ഉൾപ്പെടെയുള്ളവ ഉപയോ​ഗിച്ച് ശ്രമം തുടരുകയാണ്. വീടുകളിൽ നിന്ന് ഒഴിപ്പിച്ചവർക്ക് അഭയമൊരുക്കുന്നതിനായി മൗയിയിൽ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. എന്നാൽ തീ പടരുന്ന സാഹചര്യത്തിൽ എല്ലാ ക്യാമ്പുകളിലും ആളുകളാൽ നിറഞ്ഞിരിക്കുകയാണ്.

ഹവായിൽ കാട്ടുതീ ദുരന്തം; മൗയി ദ്വീപിൽ 36 മരണം
തിരഞ്ഞെടുപ്പ് റാലിക്കിടെ വെടിവയ്പ്; ഇക്വഡോറില്‍ പ്രസിഡന്റ് സ്ഥാനാർഥി കൊല്ലപ്പെട്ടു

തീപിടിത്തമുണ്ടായ ദ്വീപ് പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമാണ്. സഞ്ചാരികളോട് ഇങ്ങോട്ട് വരരുതെന്ന് ഉദ്യോ​ഗസ്ഥർ നിർദേശം നൽകി. വിനോദസഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട പ്രദേശമായ ഫ്രണ്ട് സ്ട്രീറ്റിൽ ഉൾപ്പെടെ ലഹൈനയിൽ കാട്ടുതീ വലിയ നാശനഷ്ടമുണ്ടാക്കി.

റിസോർട്ടുകൾ ധാരാളമുള്ള വിനോദസഞ്ചാരകേന്ദ്രമായ ലഹൈന നഗരം പൂർണമായും തീപിടിത്തത്തിൽ നശിച്ചുവെന്നാണ് സർക്കാർ പ്രസ്താവനയിൽ പറയുന്നത്. നിരവധി വ്യാപാര സ്ഥാപനങ്ങൾ ഉൾപ്പെടെ നൂറുകണക്കിന് കെട്ടിടങ്ങൾ കത്തിനശിച്ചു. നിരവധി ആളുകൾക്ക് പരുക്കേറ്റു. തീപിടിത്തമുണ്ടായ മൂന്ന് മേഖലകളിലെ 13 ഇടങ്ങളിൽനിന്ന് ജനങ്ങളെ മാറ്റിമാർപ്പിച്ചു.

ഹവായിൽ കാട്ടുതീ ദുരന്തം; മൗയി ദ്വീപിൽ 36 മരണം
ജോ ബൈഡന് വധഭീഷണി, സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടയാളെ എഫ്ബിഐ വെടിവച്ചുകൊന്നു

കഴിഞ്ഞ ​ദിവസം ഉച്ചതിരിഞ്ഞ്, യുഎസ് സിവിൽ എയർ പട്രോളും മൗയി അഗ്നിശമന വകുപ്പും ചേർന്ന് നടത്തിയ അന്വേഷണത്തിൽ 271 കെട്ടിടങ്ങൾക്ക് തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ചതായി കണ്ടെത്തി. എന്നാൽ നാശനഷ്ടത്തിന്റെ പൂർണ വ്യാപ്തി വിലയിരുത്താൻ ആഴ്ചകളോ മാസങ്ങളോ വേണ്ടിവരുമെന്ന് മൗയി കൗണ്ടി വക്താവ് മഹിന മാർട്ടിൻ പറഞ്ഞു.

തീപിടിത്തത്തിൽ ആളുകൾ മരിച്ചതിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അനുശോചിച്ചു. രക്ഷാപ്രവർത്തനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

logo
The Fourth
www.thefourthnews.in