യുഎസില്‍ ഇടക്കാല തിരഞ്ഞെടുപ്പ്; സര്‍വേ ഫലങ്ങള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് അനുകൂലം

യുഎസില്‍ ഇടക്കാല തിരഞ്ഞെടുപ്പ്; സര്‍വേ ഫലങ്ങള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് അനുകൂലം

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അഞ്ച് ഇന്ത്യൻ വംശജരും
Updated on
2 min read

യുഎസില്‍ ജനപ്രതിനിധി സഭയിലേക്കും വിവിധ സംസ്ഥാനങ്ങളിലെ ഗവർണർ പദവിയിലേയ്ക്കുമുള്ള നിർണായക ഇടക്കാല തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. 435 അംഗ ജനപ്രതിനിധി സഭയിലേക്കും 100 അംഗ സെനറ്റിലെ 35 സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ്. ആകെ സീറ്റുകളുടെ മൂന്നിലൊന്ന് സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പെന്നതിനാല്‍ ഫലം പ്രസിഡന്റ് ബൈഡനും ഡെമോക്രാറ്റിക് പാര്‍ട്ടിക്കും ഏറെ നിര്‍ണായകമാണ്. 25 സീറ്റുകളിലെങ്കിലും വിജയിക്കാനാകുമെന്നാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രതീക്ഷ. അത് കോണ്‍ഗ്രസിലെ ഭൂരിപക്ഷ നിലയെ പുനര്‍നിര്‍വചിച്ചേക്കും. 36 സംസ്ഥാനങ്ങളിലെ ഗവർണർമാരെ നിശ്ചയിക്കുന്ന തിരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കുന്നുണ്ട്. ഏറെ നിര്‍ണായക തിരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന സംസ്ഥാനങ്ങളിൽ പ്രസിഡന്റ് ബൈഡൻ, മുൻ പ്രസിഡന്റുമാരായ ബരാക് ഒബാമ , ഡൊണാൾഡ് ട്രംപ് തുടങ്ങിയ പ്രധാന നേതാക്കൾ പ്രചാരണത്തിനിറങ്ങിയിട്ടുണ്ട്.

ജനപ്രതിനിധിസഭയില്‍ നേരിയ ഭൂരിപക്ഷമാണ് ബൈഡന്റെ ഡെമോക്രാറ്റിക്‌ പാർട്ടിക്ക് ഉള്ളത്

ജനപ്രതിനിധി സഭയില്‍ അംഗങ്ങള്‍ക്ക് രണ്ട് വര്‍ഷമാണ് കാലാവധി. സെനറ്റ് അംഗങ്ങളുടെ കാലാവധി ആറ് വര്‍ഷമാണ്. ജനപ്രതിനിധി സഭയിലെ അംഗങ്ങള്‍ക്കൊപ്പം സെനറ്റിലെ മൂന്നിലൊന്ന് സീറ്റുകളിലേക്കുമാണ് ഇടക്കാല തിരഞ്ഞെടുപ്പ് നടക്കുന്നത്. ജനപ്രതിനിധിസഭയില്‍ നേരിയ ഭൂരിപക്ഷമാണ് ബൈഡന്റെ ഡെമോക്രാറ്റിക്‌ പാർട്ടിക്ക് ഉള്ളത്. 435 അംഗ സഭയില്‍ 222 ആണ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ അംഗബലം. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് 213 സീറ്റുകളുമുണ്ട്.

ഇടക്കാല തിരഞ്ഞെടുപ്പോടെ ഡെമോക്രാറ്റിക്‌ പാർട്ടിയുടെ ഭൂരിപക്ഷം നഷ്ടമാവും എന്നാണ് തിരഞ്ഞെടുപ്പിന് മുൻപേയുള്ള സർവേ ഫലങ്ങൾ. ഇതോടൊപ്പം​ സെനറ്റിലും പോരാട്ടം കനക്കും. നിലവില്‍ രണ്ട് പാര്‍ട്ടികള്‍ക്കും 50 അംഗങ്ങളാണുള്ളത്. ജോർജിയ, നെവാഡ, പെൻസിൽവാനിയ, അരിസോണ എന്നീ നാല് സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് ഫലം അനുകൂലമാകുന്നതോടെ, സെനറ്റിലും റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമാകും. ഇരുസഭകളിലും ഭൂരിപക്ഷമുള്ളവരാണ് നിയമനിര്‍മാണ പ്രക്രിയകളെ നിയന്ത്രിക്കുക എന്നതിനാല്‍, ബൈഡന്‍ ഭരണത്തെ അത് സാരമായി ബാധിച്ചേക്കും.

നിലവിലെ ഭരണത്തിന്റെ വിധിയെഴുത്താകും തിരഞ്ഞെടുപ്പ് ഫലമെന്ന് വിലയിരുത്തപ്പെടുന്നു

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് രണ്ട് വർഷത്തിന് ശേഷമാണ് ഇടക്കാല തിരഞ്ഞെടുപ്പ് നടത്തുക. ആകെ നാല് വർഷമാണ് പ്രസിഡന്റിന്റെ കാലാവധി. കാലാവധിയുടെ മധ്യത്തിൽ ആയതിനാലാണ് ഇതിനെ ഇടക്കാല തിരഞ്ഞെടുപ്പ് എന്ന് വിളിക്കുന്നത്. ഇന്ത്യൻ പാർലമെന്റിന് സമാനമായി യു എസ് കോൺഗ്രസിന് രണ്ട് സഭകളുണ്ട്. ജനപ്രതിനിധിസഭയും സെനറ്റും. ജനപ്രതിനിധി സഭയിൽ ആകെ സീറ്റുകളിലേക്കും സെനറ്റിലെ മൂന്നിലൊന്ന് സീറ്റുകളിലേക്കും ആണ് ഇടക്കാല തിരഞ്ഞെടുപ്പ് നടക്കുക. അതിനാല്‍ തന്നെ നിലവിലെ ഭരണത്തിന്റെ വിധിയെഴുത്താകും തിരഞ്ഞെടുപ്പ് ഫലമെന്ന് വിലയിരുത്തപ്പെടുന്നു. ഡൊണാള്‍ഡ് ട്രംപ്, ബരാക് ഒബാമ, ജോര്‍ജ്ജ് ഡബ്ല്യു ബുഷ് എന്നിവരുടെ കാലത്തെ ഇടക്കാല തിരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം പ്രകടമായിരുന്നു.

തിരഞ്ഞെടുപ്പിൽ അഞ്ച് ഇന്ത്യൻ വംശജരും മത്സരിക്കുന്നുണ്ട്

ഇടക്കാല തിരഞ്ഞെടുപ്പില്‍ ഏര്‍ലി ബാലറ്റ് സംവിധാനത്തില്‍ 420 ലക്ഷത്തിലധികം പേര്‍ വോട്ട് ചെയ്തതായാണ് യുഎസ് ഇലക്ഷന്‍സ് പ്രോജക്ടിന്റെ കണക്കുകള്‍. ഇത് 2018ലെ പൊതു തിരഞ്ഞെടുപ്പിനേക്കാള്‍ അധികമാണെന്നും കണക്കുകള്‍ പറയുന്നു. തിരഞ്ഞെടുപ്പിൽ അഞ്ച് ഇന്ത്യൻ വംശജരും മത്സരിക്കുന്നുണ്ട്. നിലവിൽ യു എസ് കോൺഗ്രസ് അംഗങ്ങളായ അമിത് ബെറ, രാജ കൃഷ്ണമൂർത്തി, റോ ഖന്ന , പ്രമീള ജയപാൽ എന്നിവരാണ് ഈ ഇന്ത്യൻ വംശജർ. സർവേ പ്രകാരം ഡെമോക്രാറ്റിക്‌ പാർട്ടി അംഗങ്ങളായ എല്ലാവർക്കും വിജയസാധ്യതയുണ്ട്.

അതിനിടെ റിപ്പബ്ലിക്കൻ പാർട്ടിക്ക് വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് ടെസ്‌ല സിഇഒയും ട്വിറ്റർ മേധാവിയുമായ ഇലോൺ മസ്ക് രംഗത്തെത്തി. തിരഞ്ഞെടുപ്പിന് ഒരുദിവസം മുമ്പേയാണ് സ്വതന്ത്ര ചിന്താഗതിക്കാരായ വോട്ടർമാരോട് റിപ്പബ്ലിക്കൻ കോൺഗ്രസിന് വോട്ട് ചെയ്യണം എന്നാവശ്യപ്പെട്ട് മസ്ക് ട്വീറ്റ് ചെയ്തത്.

logo
The Fourth
www.thefourthnews.in