സൂപ്പർസോണിക് ചാര ഡ്രോൺ ചൈന ഉടൻ വിക്ഷേപിക്കുമെന്ന് അമേരിക്കയുടെ രഹസ്യ റിപ്പോർട്ട്
സൂപ്പർ സോണിക് ചാര ഡ്രോൺ വിക്ഷേപിക്കാൻ ചൈന പദ്ധതിയിടുന്നതായി റിപ്പോർട്ട്. ശബ്ദത്തേക്കാൾ മൂന്നിരട്ടി വേഗത്തിൽ സഞ്ചരിക്കുന്ന ഹൈ ആൾട്ടിറ്റൂഡ് (90,000 ഉയരത്തിൽ സഞ്ചരിക്കാൻ സാധിക്കുന്നവ) ചാര ബലൂൺ ഉടൻ തന്നെ ചൈന വിക്ഷേപിക്കുമെന്നാണ് വിവരം. അമേരിക്കയുടെ ചോർന്ന സൈനിക രഹസ്യത്തെ അടിസ്ഥാനമാക്കി വാഷിങ്ടൺ പോസ്റ്റാണ് ചൊവ്വാഴ്ച വാർത്ത പുറത്തുവിട്ടത്.
നാഷണൽ ജിയോസ്‌പേഷ്യൽ ഇന്റലിജൻസ് ഏജൻസിയെ ഉദ്ധരിച്ച് കൊണ്ടാണ് വാഷിങ്ടൺ പോസ്റ്റ് സംഭവം റിപ്പോർട്ട് ചെയ്തത്. ഷാങ്ഹായിൽ നിന്ന് ഏകദേശം 560 കിലോമീറ്റർ മാറി കിഴക്കൻ ചൈനയിലെ ഒരു എയർ ബേസിൽ രണ്ട് റോക്കറ്റുകൾ ഘടിപ്പിച്ചിരുന്ന ചാര ഡ്രോണുകളുടെ ചിത്രങ്ങളാണ് ചോർന്ന രേഖയിലുള്ളതെന്നും പത്രം പറയുന്നു. ഓഗസ്റ്റ് ഒൻപതിന് എടുത്തതാണ് ഉപഗ്രഹ ചിത്രം. ഡിസ്‌കോഡ് മെസേജിങ് ആപ്പിൽ പോസ്റ്റ് ചെയ്ത ക്ലാസിഫൈഡ് ഫയലുകളുടെ കൂട്ടത്തിൽ നിന്നാണ് ഈ വിവരങ്ങൾ ലഭിച്ചതെന്ന് വാഷിംഗ്ടൺ പോസ്റ്റും അറിയിച്ചു.
ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ഈസ്റ്റേൺ തിയേറ്റർ കമാൻഡിന് കീഴിൽ വരുന്ന താവളത്തിൽ ചാര ഡ്രോൺ "ഏതാണ്ട് ഉറപ്പായും" സ്ഥാപിച്ചിട്ടുണ്ടെന്ന് അമേരിക്ക വിലയിരുത്തുന്നു. എന്നാൽ ഇരു രാജ്യങ്ങളുടെയും പ്രതിരോധ മന്ത്രാലയങ്ങൾ വാർത്തയോട് ഇതുവരെയും പ്രതികരിച്ചിട്ടില്ല. പെന്റഗണിലെ രഹസ്യ വിവരങ്ങൾ ചോർത്തിയതെന്ന് സംശയിക്കുന്ന വ്യക്തി,
പെന്റഗണിൽ നിന്ന് ചോർന്ന രഹസ്യ രേഖകൾ അമേരിക്കയുടെ പ്രതിച്ഛായയ്ക്ക് ഒരുപാട് മങ്ങലേല്പിച്ചിരുന്നു. സഖ്യകക്ഷികളെയും യുഎൻ ജനറൽ സെക്രട്ടറിയേയും ഉൾപ്പെടെ അമേരിക്ക രഹസ്യമായി വീക്ഷിക്കുന്നുണ്ടായിരുന്നു എന്നതിന്റെ തെളിവുകൾ അടങ്ങിയതായിരുന്നു ചോർന്ന രേഖകൾ. ഡിസ്‌കോഡ് എന്ന മെസേജിങ് ആപ്പിലായിരുന്നു രേഖകൾ പോസ്റ്റ് ചെയ്തിരുന്നത്. കേസിൽ കുറ്റാരോപിതനായ ജാക്ക് ഡഗ്ലസ് ടെഷേറയെന്ന മുൻ യുഎസ് എയർ നാഷണൽ ഗാർഡ് ഉദ്യോഗസ്ഥനെ കഴിഞ്ഞ വ്യാഴാഴ്ച എഫ്ബിഐ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയിരുന്നു.
ദേശീയ പ്രതിരോധ വിവരങ്ങൾ അനധികൃതമായി കൈവശം വച്ച് കൈമാറ്റം ചെയ്തു, രഹസ്യ വിവരങ്ങളും പ്രതിരോധ സാമഗ്രികളും അനധികൃതമായി നീക്കം ചെയ്തു തുടങ്ങി രണ്ട് കുറ്റങ്ങളാണ് ബോസ്റ്റണിലെ ഫെഡറൽ കോടതി ജാക്ക് ടെയ്‌സെയ്‌റയ്ക്കെതിരെ ചുമത്തിയത്. ഇയാളെ ബോസ്റ്റണിൽ തടവിലാക്കിയിരിക്കുകയാണ്. അമേരിക്കൻ മിലിട്ടറി കംപ്യൂട്ടറുകളിൽ നിന്ന് ഇയാൾ ശേഖരിച്ച വിവരങ്ങളാണ് പങ്കിട്ടത് എന്നാണ് നിഗമനം.