'നൂറ്റാണ്ടിന്റെ ഹിമപാതം';
അതിശൈത്യത്തില്‍ വിറങ്ങലിച്ച് അമേരിക്ക, ന്യൂയോര്‍ക്കില്‍ അടിയന്തരാവസ്ഥ

'നൂറ്റാണ്ടിന്റെ ഹിമപാതം'; അതിശൈത്യത്തില്‍ വിറങ്ങലിച്ച് അമേരിക്ക, ന്യൂയോര്‍ക്കില്‍ അടിയന്തരാവസ്ഥ

ന്യൂയോര്‍ക്കിലെ ബഫലോ നഗരമാണ് ദുരന്തത്തില്‍ ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ടത്
Updated on
2 min read

കൊടും ശൈത്യത്തില്‍ വിറങ്ങലിച്ച് അമേരിക്ക. ഒരു നൂറ്റാണ്ടിനിടെ നേരിടുന്ന ഏറ്റവും വലിയ ശൈത്യകാലത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. രാജ്യത്ത് ഇതുവരെ കൊടുംതണുപ്പിലും വാഹനാപകടങ്ങളിലും 60ലധികം പേർ മരിച്ചെന്നാണ് കണക്കുകള്‍. ശീതക്കൊടുങ്കാറ്റിന്റെ ഫലമായി ആയിരക്കണക്കിന് ജനങ്ങളാണ് വൈദ്യുതിയും മറ്റ് സൗകര്യങ്ങളുമില്ലാതെ കഷ്ടപ്പെടുന്നത്.

ഗുരുതര സാഹചര്യം കണക്കിലെടുത്ത് ന്യൂയോർക്കില്‍ സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മഞ്ഞുവീഴ്ച ശക്തമായി തുടരുന്ന പശ്ചാത്തലത്തില്‍ മരണസംഖ്യ ഇനിയും കൂടിയേക്കുമെന്നാണ് വിലയിരുത്തല്‍. ന്യൂയോര്‍ക്കിലെ ബഫലോ മേഖലയെയാണ് ദുരന്തം ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ടത്. 'ബോംബ് സൈക്ലോണ്‍' എന്ന പ്രതിഭാസമാണ് കൊടുംശൈത്യത്തിന് കാരണമെന്നാണ് കണ്ടെത്തല്‍.

രണ്ടുലക്ഷം പേർക്ക് വൈദ്യുതിയില്ല

ഇതുവരെ 28 മരണമാണ് ന്യൂയോർക്കിൽ സ്ഥിരീകരിച്ചത്. ഇതിനു മുന്പ് കൊടിയ മഞ്ഞു വീഴ്ച രേഖപ്പെടുത്തിയ 1977ൽ 25 പേരായിരുന്നു മരിച്ചത്. പലയിടങ്ങളിലേക്കും രക്ഷാപ്രവർത്തക‍ർക്ക് ഇനിയും എത്തിച്ചേരാൻ ആയിട്ടില്ല. മഞ്ഞുമൂടി കിടക്കുന്ന വാഹനങ്ങൾക്ക് അകത്ത് നിന്നാണ് പല മൃതദേഹങ്ങളും ലഭിച്ചിട്ടുള്ളത്. ഈ അവസ്ഥയിൽ ഇനിയും നിരവധി വാഹനങ്ങളുണ്ട്.


തടസ്സപ്പെട്ട വൈദ്യുതി വിതരണം ഇനിയും പൂർണ തോതിൽ പുനഃസ്ഥാപിക്കാൻ ആകാത്തതിനാൽ പല വീടുകളും ഇരുട്ടിലാണ്. രണ്ടുലക്ഷം പേർക്ക് വൈദ്യുതി ലഭ്യമല്ലെന്നാണ് വിലയിരുത്തല്‍. വീടുകൾക്കുള്ളില്‍ താപനില കുറയുന്നതും ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.

കാലാവസ്ഥ പ്രതികൂലമായതോടെ ഗതാഗത സംവിധാനങ്ങളും തകരാറിലായി

കാലാവസ്ഥ പ്രതികൂലമായതോടെ ഗതാഗത സംവിധാനങ്ങളും തകരാറിലായി. മൂവായിരത്തിലേറെ വിമാനങ്ങളും റദ്ദാക്കി. റെയിൽ, റോഡ്, വ്യോമഗതാഗത സംവിധാനങ്ങൾ ഇനിയും പഴയ പടിയായിട്ടില്ല. മഞ്ഞുവീഴ്ചയുടെ മറവിൽ വ്യാപക കൊള്ള നടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. കിഴക്കൻ ബഫലോയിൽ ഒരു കട കുത്തിത്തുറന്ന് അരലക്ഷം ഡോളറിന്റെ ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ കവർന്നതായി കടയുടമ പരാതിപ്പെട്ടു.

ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ശൈത്യം

ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ശൈത്യമാവും ഈ വര്‍ഷം രാജ്യത്ത് അനുഭവപ്പെടുകയെന്ന് കഴിഞ്ഞയാഴ്ച തന്നെ അമേരിക്കന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാൽ ഈ വാരാന്ത്യത്തോടെ പല സംസ്ഥാനങ്ങളിലും അതിശൈത്യത്തിന് കുറവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കാലാവസ്ഥാ നിരീക്ഷകർ.

രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം -50 ഡിഗ്രി സെൽഷ്യസ് വരെ താപനിലയാണ് രേഖപ്പെടുത്തുന്നത്.
അമേരിക്കയുടെ 60 ശതമാനത്തിലധികം അളുകളെ ഇതുവരെ ശൈത്യ കൊടുങ്കാറ്റ് ബാധിച്ചുവെന്നാണ് നാഷണല്‍ വെതര്‍ സര്‍വീസ് പറയുന്നത്. ഫ്ലോറിഡ, ജോര്‍ജിയ, ടെക്‌സസ്, ലോവ, വിസ്‌കോന്‍സിന്‍, മിഷിഗന്‍ എന്നിവിടങ്ങളിലും സ്ഥിതി ഗുരുതരമാണ്.

logo
The Fourth
www.thefourthnews.in