കൊടുങ്കാറ്റിലും ചുഴലിയിലും അമേരിക്കയിൽ മരണം 22 ആയി; ആറ് സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥ
അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ ആഞ്ഞു വിശുന്ന കൊടുങ്കാറ്റിൽ കനത്ത നാശനഷ്ടം. വിവിധ സംസ്ഥാനങ്ങളിലായി 22 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. തെക്ക്- മധ്യ- കിഴക്കന്‍ സംസ്ഥാനങ്ങളിലാണ് ചുഴലിക്കാറ്റ് ജനജീവിതം തകര്‍ത്തെറിഞ്ഞത്.
തെക്കന്‍ സംസ്ഥാനങ്ങളായ അലബാമ, അര്‍ക്കാന്‍സസ്, മിസിസിപ്പി, ടെന്നസി, മധ്യ വടക്കൻ സംസ്ഥാനങ്ങളായ (മിഡ് വെസ്റ്റ്) ഇല്ലിനോയിസ്, ഇന്‍ഡ്യാന തുടങ്ങിയ ഇടങ്ങളിലുമാണ് കൂടുതല്‍ ആള്‍നാശം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കൊടുങ്കാറ്റിനൊപ്പം അൻപതിലധികം ചുഴലികളാണ് ഏഴ് സംസ്ഥാനങ്ങളിലായി വെള്ളിയാഴ്ച മാത്രം ഉണ്ടായത്. ദുരന്തം നേരിടാന്‍ അധികൃതര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ഫിലാഡല്‍ഫിയ, പിറ്റ്സ്ബര്‍ഗ്, പെന്‍സില്‍വാനിയ, ന്യൂയോര്‍ക്ക് തുടങ്ങിയ മേഖലകളില്‍ ചുഴലിക്കാറ്റിന്റെയും ആലിപ്പഴമഴയുടെയും ഭീഷണി നിലനില്‍ക്കുന്നുണ്ട്
കഴിഞ്ഞ ആഴ്ച മിസിസിപ്പിയിലുണ്ടായ ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായത്. ഇതിന് പിന്നാലെയാണ് പുതിയ കൊടുങ്കാറ്റ് അഞ്ഞുവീശുന്നത്. കാറ്റിന്‌റെ പ്രഭാവത്തില്‍ റോഡുകള്‍ വിണ്ടുകീറി. ആളുകള്‍ തിങ്ങി പാര്‍ക്കുന്ന സ്ഥലങ്ങളില്‍ കെട്ടികങ്ങളുടെ മേല്‍ക്കൂര തകര്‍ന്നു വീണ് നിരവധി പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി. പലയിടത്തും കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. വെള്ളിയാഴ്ച മുതലാണ് കാറ്റ് ആഞ്ഞുവീശിയത്. ഈ മേഖലകളില്‍ വൈദ്യുതി ബന്ധം പൂര്‍ണമായും വിച്ഛേദിച്ചിരിക്കുകയാണ്. ചുഴലിക്കാറ്റ് മൂലം ചില മേഖലകളില്‍ കാട്ടുതീയും ചില പ്രദേശങ്ങളില്‍ ഹിമപാതവും ഉണ്ടായി. ഫിലാഡല്‍ഫിയ, പിറ്റ്സ്ബര്‍ഗ്, പെന്‍സില്‍വാനിയ, ന്യൂയോര്‍ക്ക് തുടങ്ങിയ മേഖലകളില്‍ ചുഴലിക്കാറ്റിന്റെയും ആലിപ്പഴമഴയുടെയും ഭീഷണി നിലനില്‍ക്കുന്നുണ്ട്.