ചൈനീസ് ചാര ബലൂൺ അമേരിക്കയുടെ രഹസ്യവിവരങ്ങൾ ചോർത്തിയോ? പ്രതികരിച്ച് പെന്റഗൺ
അമേരിക്കൻ ആകാശത്തിലൂടെ പറന്ന ചൈനയുടെ ചാരബലൂണിന് രാജ്യത്തെ രഹസ്യവിവരങ്ങളൊന്നും ശേഖരിക്കാനായിട്ടില്ലെന്ന് പെന്റഗൺ. ബലൂൺ രഹസ്യവിവരങ്ങളൊന്നും ശേഖരിച്ചിട്ടില്ലെന്നാണ് വിലയിരുത്തലെന്ന് പെന്റഗൺ വക്താവ് പാറ്റ് റൈഡർ പറഞ്ഞു. ബലൂൺ വഴി രഹസ്യാന്വേഷണ വിവരശേഖരണം തടയാൻ യുഎസ് നടപടികൾ സ്വീകരിച്ചിരുന്നതായും പെന്റഗൺ വ്യക്തമാക്കി.
ഈ വർഷം ജനുവരി അവസാനം മുതൽ ഫെബ്രുവരി ആദ്യംവരെ വടക്ക് - പടിഞ്ഞാറൻ അലാസ്‌കയിൽ നിന്ന് കരോലിനയിലേക്കാണ് ഇലക്ട്രോണിക് ഉപകരണങ്ങൾ വഹിച്ചുകൊണ്ട് ചൈനയുടെ ചാരബലൂൺ പറന്നത്. ചാരപ്രവൃത്തി നടത്തുന്നെന്ന വിവരത്തെത്തുടർന്ന് പ്രസിഡന്റ് ജോ ബൈഡന്റെ ഉത്തരവുപ്രകാരം ഫെബ്രുവരി നാലിന് തെക്കൻ കരോലിന തീരത്ത് വച്ച് സൈന്യം ചാര ബലൂൺ വെടിവച്ചിടുകയായിരുന്നു. പിന്നീട് അറ്റ്ലാന്റിക് സമുദ്രത്തിൽ നിന്ന് യു എസ് സൈന്യം ഇതിന്റെ അവശിഷ്ടങ്ങൾ കണ്ടെടുക്കുകയും ചെയ്തു.
അമേരിക്കയിൽ ചാരപ്പണി ചെയ്യുന്നതിനായി അവരുടെതന്നെ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയിരുന്നതായി യുഎസ് രഹസ്യാന്വേഷണ ഏജൻസിയുടെ റിപ്പോർട്ട് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. വാണിജ്യാടിസ്ഥാനത്തിൽ ലഭ്യമായ യുഎസ് ഗിയർ, ഫോട്ടോകൾ, വീഡിയോകൾ, മറ്റ് ഉപകരണങ്ങൾ, ചൈനയുടെ പ്രത്യേക സെൻസറുകൾ തുടങ്ങിയവ വിവരശേഖരണത്തിനായി ബലൂണിൽ ഉപയോഗിച്ചതായാണ് കഴിഞ്ഞ ദിവസം അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസി പുറത്തുവിട്ട റിപ്പോർട്ട്. ഇതിന് പിന്നാലെ രഹസ്യവിവരങ്ങൾ ചോർത്തിയെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു.
കാലാവസ്ഥ നിരീക്ഷണത്തിനായി അയച്ച ബലൂൺ എന്നാണ് ചൈന നൽകിയ വിശദീകരണമെങ്കിലും ചാരപ്പണി ലക്ഷ്യമിട്ടായിരുന്നു നീക്കമെന്നതിന് കൂടുതൽ തെളിവുകൾ നൽകുന്നതാണെന്നായിരുന്നു നേരത്തെ പുറത്തുവന്ന വിവരങ്ങൾ. ആശയവിനിമയങ്ങൾ ശേഖരിക്കുക, ജിയോലൊക്കേറ്റ് ചെയ്യുക എന്നിവ സാധ്യമാക്കാനായി ഒന്നിലധികം ആന്റിനകൾ ബലൂണിലുണ്ടായിരുന്നെന്നായിരുന്നു കണ്ടെത്തൽ. അറ്റ്‌ലാന്റിക് സമുദ്രത്തിൽ നിന്ന് അവശിഷ്ടങ്ങൾ ശേഖരിച്ച് പരിശോധനകളുൾപ്പെടെ നടന്നുവരികെയാണ് പെന്റഗണിന്‍റെ വെളിപ്പെടുത്തല്‍.