ഡോണൾഡ്‌ ട്രംപ്
ഡോണൾഡ്‌ ട്രംപ്

'അമേരിക്കയെ രക്ഷിക്കാൻ ശ്രമിച്ചതാണ് ഞാൻ ചെയ്ത ഒരേയൊരു കുറ്റം'; വിചാരണയ്ക്ക് ശേഷം അനുയായികളെ അഭിസംബോധന ചെയ്ത് ട്രംപ്

"തന്നെ വെറുക്കുന്ന ഒരു കുടുംബത്തിൽനിന്നുള്ള ഒരു ജഡ്ജിയാണുള്ളത്. അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസിന് വേണ്ടിയാണ് അദേഹത്തിന്റെ മകൾ പ്രവർത്തിക്കുന്നത്, " ട്രംപ് പറഞ്ഞു
Updated on
2 min read

വിവാഹേതര ലൈംഗിക ബന്ധം മറച്ചുവയ്ക്കാൻ തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് പോൺ താരത്തിന് പണം നൽകിയതുമായ ബന്ധപ്പെട്ട കേസിലെ ആദ്യ വിചാരണയ്ക്ക് ശേഷം അനുയായികളെ അഭിസംബോധന ചെയ്ത് അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ്. അമേരിക്കയെ നശിപ്പിക്കാൻ ശ്രമിക്കുന്നവരിൽനിന്ന് രാജ്യത്തെ രക്ഷിക്കാൻ നിർഭയം പോരാടിയതാണ് താൻ ചെയ്ത ഒരേയൊരു കുറ്റമെന്ന് ഫ്ലോറിഡയിലെ മാർ-എ-ലാഗോ വസതിയിൽ നടത്തിയ പ്രസംഗത്തിൽ ട്രംപ് പറഞ്ഞു. 25 മിനുറ്റ് നീണ്ട പ്രസംഗത്തിൽ പ്രസിഡന്റ് ജോ ബൈഡനെ ഉള്‍പ്പെടെ വിമർശിച്ച ട്രംപ്, അമേരിക്ക ഒരു നരകമാകുകയാണെന്നും പറഞ്ഞു.

ട്രംപിന്റെ കേസിൽ അന്വേഷണം നടത്തിയ മാൻഹട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി ആൽവിൻ ബ്രാഗിന്റെ ഭാര്യയെയും കേസിന്റെ മേൽനോട്ടം വഹിക്കുന്ന ജഡ്ജിയുടെ മകളെയും ഉൾപ്പെടെ ട്രംപ് ആക്ഷേപിച്ചു. തന്നെ വെറുക്കുന്ന ഒരു കുടുംബത്തിൽ നിന്നുള്ള ഒരു ജഡ്ജിയാണുള്ളത്. അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസിന് വേണ്ടിയാണ് അദേഹത്തിന്റെ മകൾ പ്രവർത്തിക്കുന്നത്. കോടതി തനിക്കെതിരെ പക്ഷപാതപരമായാണ് പെരുമാറുന്നത്. കേസിന്റെ വിവരങ്ങൾ ആൽവിൻ ബ്രാഗ് ചോർത്തിയെന്നും അദ്ദേഹമാണ് യഥാർത്ഥ കുറ്റവാളിയെന്നും ട്രംപ് ആരോപിച്ചു.

ഡോണൾഡ്‌ ട്രംപ്
ഡോണൾഡ്‌ ട്രംപ്

ചൊവ്വാഴ്ച ഉച്ചയോടെയാണ് ആദ്യ വിചാരണ അവസാനിച്ചത്. ന്യൂയോർക്കിലെ മാൻഹാട്ടൻ കോടതിയിൽ നടന്ന വിചാരണയിൽ 34 കുറ്റങ്ങളാണ് ട്രംപിന് മേൽ ചുമത്തിയത്. എന്നാൽ താൻ കുറ്റങ്ങളൊന്നും ചെയ്തിട്ടില്ലെന്ന വാദം ട്രംപ് കോടതിയിലും ആവർത്തിച്ചു.

ക്രിമിനൽ കുറ്റങ്ങളെല്ലാം 'ട്രംപ് ഓർഗനൈസേഷ'ന്റെ ബിസിനസ് രേഖകളിൽ നടത്തിയിരിക്കുന്ന ക്രമക്കേടുമായി ബന്ധപ്പെട്ടാണ്. 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ സമഗ്രത തകർക്കാനുള്ള നിയമവിരുദ്ധ ഗൂഢാലോചനയിൽ ട്രംപ് ഭാഗമായിരുന്നുവെന്ന് പ്രോസിക്യൂട്ടർമാർ ആരോപിച്ചു. പോൺതാരമായ സ്റ്റോമി ഡാനിയേൽസുമായുള്ള ബന്ധം മറച്ചുവയ്ക്കാൻ 130,000 ഡോളർ നൽകിയത് ഉൾപ്പെടെയുള്ള വിവരങ്ങൾ മറച്ചുപിടിക്കാനായിരുന്നു ഗൂഢാലോചനയെന്നും പ്രോസിക്യൂഷൻ ആരോപിച്ചു. വാദങ്ങൾ കേട്ട കോടതി, അടുത്ത വിചാരണ ഡിസംബർ നാലിലേക്ക് മാറ്റി. അതിനിടയിൽ ട്രംപിന് മറ്റ് അപ്പീലുകളോ ഹർജികളോ നൽകാമെന്നും കോടതി നിർദേശിച്ചു.

ഡോണൾഡ്‌ ട്രംപ്
ഡോണൾഡ് ട്രംപിന്റെ അറസ്റ്റ് രേഖപ്പെടുത്തി; അമേരിക്കയിൽ കനത്ത സുരക്ഷ

2016ലെ തിരഞ്ഞെടുപ്പിൽ തന്റെ സ്ഥാനാർഥിത്തത്തിന് പ്രശ്നമുണ്ടാകാതിരിക്കാൻ വേണ്ടിയാണ് രേഖകൾ വ്യാജമായി നിർമിച്ചതെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. വാദം നടക്കുന്നതിനിടെ കോടതി പരിസരത്ത് ട്രംപിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തടിച്ചുകൂടിയിരുന്നു. അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മുൻ പ്രസിഡന്റിനെ്റിനെതിരെ ക്രിമിനൽ കുറ്റങ്ങൾ ചുമത്തുന്നത്.

മാർച്ച് 30നാണ് മൻഹാട്ടൻ കോടതി ട്രംപിനെതിരെ ക്രിമിനൽ കുറ്റം ചുമത്തിയത്. പോൺതാരം സ്റ്റോമി ഡാനിയേൽസുമായുള്ള ബന്ധം മറച്ചുവയ്ക്കാൻ 2016ലെ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് നിയമവിരുദ്ധമായി 1,30,000 ഡോളർ നൽകിയെന്നതാണ് കേസ്. തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. കുറ്റപത്രത്തിൽ ബിസിനസ് രേഖകളിൽ കൃത്രിമത്വം കാണിച്ചതടക്കമുള്ള ഒന്നിലധികം ആരോപണങ്ങളുള്ളതായി വാർത്താ ഏജൻസിസായ അസോസിയേറ്റഡ് പ്രസ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in