ക്യാപിറ്റോള്‍ കലാപകാരികള്‍ക്കൊപ്പം ഗാനം പുറത്തിറക്കി ട്രംപ്‌

ക്യാപിറ്റോള്‍ കലാപകാരികള്‍ക്കൊപ്പം ഗാനം പുറത്തിറക്കി ട്രംപ്‌

പ്രതികളുടെ കുടുംബത്തെ സഹായിക്കാനുള്ള ചാരിറ്റി ഫണ്ടിങ്ങിന്റെ ഭാഗമായാണ് ഗാനമെന്നാണ് റിപ്പോർട്ടുകള്‍
Updated on
1 min read

ക്യാപിറ്റോള്‍ കലാപത്തിലെ പ്രതികള്‍ക്കൊപ്പം ഗാനം പുറത്തിറക്കി മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്‌. സ്‌പോട്ടിഫൈ, ആപ്പിൾ മ്യൂസിക്, യൂട്യൂബ് തുടങ്ങിയ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളിലാണ് 'ജസ്റ്റിസ് ഫോർ ഓൾ' എന്ന പേരില്‍ ട്രംപും ജയിലില്‍ കഴിയുന്ന പ്രതികളും ചേർന്ന് ഗാനം പുറത്തിറക്കിയിരിക്കുന്നത്. പ്രതികളുടെ കുടുംബത്തെ സഹായിക്കാനുള്ള ഫണ്ടിങ്ങിന്റെ ഭാഗമായാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകള്‍. വീഡിയോയില്‍ ട്രംപ് പ്രതിജ്ഞ ചൊല്ലുകയും തുടർന്ന് J6 പ്രിസൺ ക്വയർ എന്ന് സ്വയം വിളിക്കുന്ന തടവുകാർ ദേശീയ ഗാനം ആലപിക്കുകയും ചെയ്യുന്നുണ്ട്.

ക്യാപിറ്റോള്‍ കലാപകാരികള്‍ക്കൊപ്പം ഗാനം പുറത്തിറക്കി ട്രംപ്‌
ക്യാപിറ്റോള്‍ ആക്രമണം: ട്രംപിനെതിരെ ക്രിമിനല്‍ കുറ്റം ചുമത്തണമെന്ന് അന്വേഷണ സമിതി

എല്ലാവരും ചേർന്ന് 'യുഎസ്എ' എന്ന് വിളിക്കുന്നതോടെയാണ് ഗാനം അവസാനിക്കുന്നത്. ഫ്ലോറിഡയിലെ മാർ-എ-ലാഗോ റിസോർട്ടിലാണ് ട്രംപ് തന്റെ ഭാഗം റെക്കോർഡ് ചെയ്തത്. തടവുകാർ ജയിൽ ഹൗസിലെ ഫോണിൽ നിന്നാണ് അവരുടെ ഭാഗം പകർത്തിയത്. ആപ്പിൾ മ്യൂസിക്കിലെ "ഡിവോഷണല്‍ ആൻഡ് സ്പിരിച്വല്‍" വിഭാഗത്തിൽ ഗാനം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗാനരചയിതാവായാണ് ട്രംപിന്റെ പേര് വീഡിയോയില്‍ നല്‍കിയിരിക്കുന്നത്. ഗാനം ഇതിനകം തന്നെ നിരൂപക ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.

ട്രംപ് വൈറ്റ് ഹൗസ് വിടുന്നതിന് രണ്ടാഴ്ച മുമ്പാണ് ക്യാപിറ്റോളില്‍ കലാപമുണ്ടാവുന്നത്. അനുയായികൾ അഴിച്ചുവിട്ട കലാപത്തിൽ പരിക്കേറ്റവരുടെ പരാതിയില്‍ പോലീസ് ഉദ്യോഗസ്ഥർക്ക് ട്രംപിനെതിരെ കേസെടുക്കാമെന്ന് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് വ്യാഴാഴ്ച ഉത്തരവിട്ടിരുന്നു. പ്രസിഡന്റിന് ഔദ്യോഗിക കാര്യങ്ങളില്‍ സമ്പൂർണ്ണ നിയമ പരിരക്ഷ കിട്ടുമെങ്കിലും ഓഫീസിന് പുറത്ത് അനൗദ്യോഗികമായി ചെയ്യുന്ന കാര്യങ്ങളില്‍ കേസെടുക്കാമെന്നും വകുപ്പ് കൂട്ടിച്ചേർത്തു.

കേസില്‍ ട്രംപിനെതിരെ കലാപാഹ്വാനം ഉള്‍പ്പെടെ നാല് ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്താന്‍ അമേരിക്കന്‍ കോണ്‍ഗ്രസ് നിയോഗിച്ച അന്വേഷണ സമിതി നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. ഡെമോക്രാറ്റുകള്‍ നയിച്ച സമിതി ഏകകണ്ഠമായാണ് യുഎസ് നീതിന്യായ വകുപ്പിന് ശുപാര്‍ശ നല്‍കിയത്. കലാപം, ഔദ്യോഗിക കൃത്യനിര്‍വഹണം തടയല്‍, രാജ്യത്തോടുള്ള വഞ്ചന, വ്യാജ പ്രസ്താവനയിറക്കാനുള്ള ഗൂഢാലോചന എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് സമിതി കണ്ടെത്തിയത്.

logo
The Fourth
www.thefourthnews.in