'അമേരിക്കൻ തിരഞ്ഞെടുപ്പിൽ യുകെയിലെ ലേബർ പാർട്ടി ഇടപെടുന്നു'; തിരഞ്ഞെടുപ്പ് കമ്മിഷന് പരാതിയുമായി ട്രംപ്
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യുകെയിലെ ലേബർ പാർട്ടി ഇടപെടുന്നുവെന്ന് ആരോപിച്ച് മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ഡോണൾഡ് ട്രംപ്. വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയുമായ കമല ഹാരിസിനുവേണ്ടി ലേബർ പാർട്ടി അംഗങ്ങൾ അമേരിക്കയിൽ പ്രചാരണം നടത്തുന്നുവെന്നാണ് ട്രംപിന്റെ അസാധാരണ പരാതി. സംഭവത്തിൽ അന്വേഷണമാവശ്യപ്പെട്ട് ട്രംപിന്റെ പ്രചാരണ സംഘം തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നൽകി.
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്ന നിർണായക സംസ്ഥാനങ്ങളിൽ കമലാ ഹാരിസിനുവേണ്ടി അംഗങ്ങളെ യുകെ ലേബർ പാർട്ടി റിക്രൂട്ട് ചെയ്യുന്നുവെന്നാണ് ട്രംപിന്റെ പരാതി. അമേരിക്കൻ തിരഞ്ഞെടുപ്പിൽ ഇടപെടൽ നടത്താനുള്ള ലേബർ പാർട്ടിയുടെ നീക്കമായാണ് ട്രംപ് ഇതിനെ ചിത്രീകരിക്കുന്നത്.
കമല ഹാരിസിനായി ലേബർ പാർട്ടി അംഗങ്ങൾ പ്രചാരണം നടത്തുന്നുണ്ടെന്ന് അംഗീകരിച്ച യുകെ പ്രധാനമന്ത്രി കെയിർ സ്റ്റാമർ, ട്രംപിന്റെ പരാതിയിൽ പറയുന്ന കാര്യങ്ങളെ തള്ളി. പാർട്ടി അംഗങ്ങൾ അവരുടെ ഒഴിവുസമയങ്ങളിൽ സ്വന്തം ഇഷ്ടപ്രകാരമാണ് ഡെമോക്രാറ്റ് സ്ഥാനാർഥിക്കുവേണ്ടി പ്രചാരണം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. മുൻപത്തെ അമേരിക്കൻ തിരഞ്ഞെടുപ്പുകളിലും അവർ പ്രചാരണം നടത്തിയിരുന്നു. നിലവിലെത്തും സമാനമാണെന്നും കാര്യങ്ങളെല്ലാം നേർവഴിയിലാണ്. ട്രംപുമായുള്ള നല്ല ബന്ധം ഒരു പരാതിയുടെ മേൽ ഉപേക്ഷിക്കില്ലെന്നും യുകെ പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം, പ്രത്യക്ഷമായി ലേബർ പാർട്ടി നൽകിയ 'നിയമവിരുദ്ധ' സംഭാവനകളും 'വിദേശ ഇടപെടലും' ഉടനടി അന്വേഷിക്കണമെന്നാണ് ട്രംപിന്റെ നിയമവിദഗ്ധ സംഘം തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നത്. ലേബർ പാർട്ടിയുടെ സംഭാവന സ്വീകരിച്ച കമല ഹാരിസിനെതിരെ നടപടി വേണമെന്നും കത്തിൽ പറയുന്നു. മുതിർന്ന ലേബർ പാർട്ടി അംഗങ്ങളും ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രചാരണസംഘത്തിലുള്ളവരും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയെ സംബന്ധിക്കുന്ന വാഷിങ്ടൺ പോസ്റ്റിൽ വന്ന റിപ്പോർട്ട് ഉൾപ്പെടെ പരാമർശിച്ചാണ് പരാതി.
ബ്രിട്ടന്റെ കോളനിവാഴ്ചയിൽനിന്ന് 243 വർഷം മുൻപ് സ്വാതന്ത്ര്യം നേടിയ അമേരിക്കയിൽ ഇനിയും യുകെയുടെ കൈകടത്തൽ അനുവദിക്കാൻ കഴിയില്ലെന്ന തരത്തിലെ പ്രചാരണങ്ങളും സംഭവമായി ബന്ധപ്പെട്ട് നടക്കുന്നുണ്ട്.
കമല ഹാരിസ്- ടിം വാൾസ് സഖ്യത്തിന്റെ പ്രചാരണത്തിന് അമേരിക്കയിൽ സ്വാധീനമുണ്ടാക്കാൻ സാധിക്കാത്തതുകൊണ്ടാണ് വിദേശസഹായം തേടുന്നത് എന്നതുൾപ്പെടെയുള്ള ആരോപണങ്ങളും റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രചാരണവിഭാഗം ഉന്നയിക്കുന്നുണ്ട്.