"ഞാൻ അവരെക്കാൾ സുന്ദരനാണ്"; പ്രചാരണവേദിയിൽ കമലാ ഹാരിസിനെതിരെ വീണ്ടും വംശീയ അധിക്ഷേപവുമായി ഡൊണാൾഡ് ട്രംപ്
തിരഞ്ഞെടുപ്പ് പ്രചാരണവേദിയിൽ വീണ്ടും കമലാ ഹാരിസിനെതിരെ വംശീയ പരാമർശവുമായി ഡൊണാൾഡ് ട്രംപ്. കമല ഹാരിസിന്റെ രൂപത്തെ പരിഹസിച്ച് കൊണ്ടായിരുന്നു ട്രംപിന്റെ ആക്രമണം. താൻ കമലയേക്കാൾ സുന്ദരനാണെന്നായിരുന്നു ട്രംപിന്റെ പരാമർശം. നിരവധി വംശീയ- വ്യക്തി അധിക്ഷേപങ്ങളാണ് കമലയ്‍ക്കെതിരെ ട്രംപ് വേദിയിൽ നടത്തിയത്.
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ സ്ഥാനാർഥിയുടെ പെൻസിൽവാനിയയിൽ നടന്ന പ്രചാരണ റാലിയിൽ ആണ് കമല ഹാരിസിന്റെ ശാരീരിക രൂപത്തെയും ബുദ്ധിയെയും പരിഹസിക്കുന്ന തരത്തിലുള്ള ട്രംപിന്റെ പരാമർശങ്ങൾ. അടുത്തിടെ ടൈം മാഗസിനിൽ വന്ന കമലയുടെ ഫോട്ടോ ഉയർത്തി കാട്ടിയ മുൻ അമേരിക്കൻ പ്രസിഡന്റ്, കമലയുടെ ഫോട്ടോ എടുത്തത് നന്നാവാതിരുന്നതിനാൽ മാഗസിന് ഒരു സ്കെച്ച് ആർട്ടിസ്റ്റിനെ നിയമിക്കേണ്ടിവന്നുവെന്നും അധിക്ഷേപിച്ചു. ഒപ്പം കമല ഹാരിസിന്റെ ബുദ്ധി ശക്തിയെ ചോദ്യം ചെയ്യുകയും അവരെ ഒരു റാഡിക്കൽ ലിബറൽ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
“ബൈഡന് എന്ത് സംഭവിച്ചു? ഞാൻ ബൈഡനെതിരെ മത്സരിച്ചു, ഇപ്പോൾ ഞാൻ മറ്റൊരാൾക്കെതിരെ മത്സരിക്കുന്നു. ഞാൻ ആർക്കെതിരെയാണ് മത്സരിക്കുന്നത്, ഹാരിസ്? ഞാൻ ചോദിച്ചു, 'ആരാണ് ഹാരിസ്?'" ഡെമോക്രാറ്റിക് സ്ഥാനാർഥി സ്ഥാനത്ത് നിന്ന് ജോ ബൈഡൻ പിന്മാറിയതിനെ പിന്നാലെ തിരഞ്ഞെടുപ്പിലേക്ക് എത്തിയ കമലയെ പരിഹസിച്ച് കൊണ്ട് ട്രംപ് പറഞ്ഞു. റാലിക്കിടെ മറ്റ് ഡെമോക്രറ്റിക് നേതാക്കൾക്കെതിരെയും ട്രംപ് വ്യക്തിഅധിക്ഷേപങ്ങൾ നടത്തിയിരുന്നു. ഡെമോക്രാറ്റിക് എതിരാളിക്കെതിരെ വ്യക്തിപരമായ ആക്രമണം നടത്താൻ തനിക്ക് അവകാശമുണ്ടെന്ന് പറഞ്ഞതിന് പിന്നാലെയായിരുന്നു ട്രംപിന്റെ വംശീയ പരാമർശങ്ങളും വ്യക്തി അധിക്ഷേപങ്ങളും.
രാജ്യത്തെ സാമ്പത്തിക പ്രശ്നങ്ങൾ ആയിരുന്നു ട്രംപിന്റെ പെൻസിൽവാനിയ പ്രസംഗത്തിന്റെ പ്രധാന ശ്രദ്ധാ പോയിന്റ്. എന്നാൽ പ്രസംഗം തുടങ്ങിയതിന് പിന്നാലെ ട്രംപ് വ്യക്തിഅധിക്ഷേപങ്ങൾ ആരംഭിക്കുകയായിരുന്നു.
പാർട്ടിയുടെയും ഉപദേശകരുടെയും മുന്നറിയിപ്പുകൾ വകവെയ്ക്കാതെ കമല ഹാരിസിനെ "കമബ്ല," "ലിൻ കമല", "ലാഫിൻ കമല" തുടങ്ങിയ അധിക്ഷേപകരമായ വിളിപ്പേരുകളിലാണ് ട്രംപ് അഭിസംബോധന ചെയ്യുന്നത്. അതേസമയം പെൻസിൽവാനിയ പോലുള്ള നിർണായക മണ്ഡലങ്ങളിൽ കമല ഹാരിസ് പിന്തുണ വര്‍ധിപ്പിക്കുന്നുവെന്നാണ് വിവിധ സർവേ ഫലങ്ങൾ കാണിക്കുന്നത്. യുഎസ് ഇലക്ടറൽ കോളേജ് സമ്പ്രദായത്തിന് കീഴിൽ അന്തിമ ഫലം തീരുമാനിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന മേഖലയാണ് പെൻസിൽവാനിയ. നേരത്തെ ട്രംപിന് വെടിയേറ്റത് പെൻസിൽവാനിയയിലെ പ്രചാരണവേദിയിൽ വെച്ചായിരുന്നു. ചിക്കാഗോയിലെ ഡെമോക്രാറ്റിക് നാഷണൽ കൺവെൻഷനിലേക്ക് പോകുന്നതിന് മുൻപായി ഇന്ന് കമലാഹാരിസ് പെൻസിൽവാനിയ സന്ദർശിക്കും.