അവിശ്വസനീയമായ രാഷ്ട്രീയ തിരിച്ചുവരവില്‍ ഡോണള്‍ഡ് ട്രംപ്; കാത്തിരിക്കുന്നത് നിരവധി ചരിത്ര നേട്ടങ്ങളും
അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും അവിശ്വസനീയമായ രാഷ്ട്രീയ തിരിച്ചുവരവിലാണ് ഡോണള്‍ഡ് ട്രംപ്. എല്ലാ സ്വിങ് സ്റ്റേറ്റുകളും തൂത്തുവാരിയാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ട്രംപ് രണ്ടാം തവണയും വൈറ്റ് ഹൗസിലേക്ക് മടങ്ങാന്‍ ഒരുങ്ങുന്നത്. ട്രംപിനറെ വിജയത്തോടെ നിരവധി ചരിത്ര നേട്ടങ്ങള്‍ കൂടിയാണ് റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് കൈവരിക്കാനാകുന്നത്.
തുടര്‍ച്ചയായിട്ടല്ലാതെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിക്കുന്ന രണ്ടാമത്തെയാള്‍ എന്ന റെക്കോര്‍ഡ് ഡോണള്‍ഡ് ട്രംപിന് ആണ്. ഈ നേട്ടമുണ്ടാക്കുന്ന ആദ്യത്തെ അമേരിക്കന്‍ പ്രസിഡന്‌റ് ഗ്രോവര്‍ ക്ലീവ്ലാന്‍ഡ് ആണ്. 1885 മുതല്‍ 1889 വരെയും 1893 മുതല്‍ 1897 വരെയും സേവനമനുഷ്ഠിച്ച ഗ്രോവര്‍ ക്ലീവ്ലാന്‍ഡ് അമേരിക്കയുടെ 22-ഉം 24-ഉം പ്രസിഡന്റായിരുന്നു. 2016-നും 2020-നും ഇടയിലാണ് ട്രംപ് ആദ്യമായി യുഎസ് പ്രസിഡന്റാകുന്നത്. എന്നാല്‍ 2020ലെ തിരഞ്ഞെടുപ്പില്‍ ജോ ബൈഡനോട് തോറ്റതിനാല്‍ തുടര്‍ വിജയം ട്രംപിന് അവകാശപ്പെടാനായില്ല.
78ാം വയസ്സില്‍, പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്ന അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായിരിക്കും അദ്ദേഹം. നവംബര്‍ 20 ന് 82 വയസ്സ് തികയുന്ന ജോ ബൈഡന്‍ ഏറ്റവും പ്രായം കൂടിയ സിറ്റിങ് പ്രസിഡന്റാണ്.
കൂടാതെ ഇരുപത് വര്‍ഷത്തിനിടെ ജനകീയ വോട്ട് നേടുന്ന ആദ്യത്തെ റിപ്പബ്ലിക്കന്‍ ആയി ട്രംപ് മാറുമെന്ന് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു.
രണ്ടുതവണ ഇംപീച്ച് ചെയ്യപ്പെട്ട പ്രസിഡന്റ്
അധികാരത്തിലിരിക്കെ രണ്ടുതവണ ഇംപീച്ച്മെന്റ് നടപടികള്‍ നേരിടുന്ന യുഎസ് ചരിത്രത്തിലെ ഏക പ്രസിഡന്റായി ട്രംപ് മാറും. രണ്ട് കേസുകളിലും സെനറ്റ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു.
2019-ല്‍ വീണ്ടും തിരഞ്ഞെടുപ്പിനുള്ള സാധ്യത വര്‍ധിപ്പിക്കാന്‍ ട്രംപ് രഹസ്യമായി യുക്രെയ്നില്‍നിന്ന് സഹായം തേടിയെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു ആദ്യ ഇംപീച്ച്മെന്റ്. 2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തനിക്കെതിരെ മത്സരിക്കുന്ന മുന്‍നിരക്കാരില്‍ ഒരാളെ അന്വേഷിക്കാന്‍ ട്രംപ് തന്റെ യുക്രെയ്നിയന്‍ എതിരാളി സെലന്‍സ്‌കിയോട് ആവശ്യപ്പെട്ടതായി ആരോപണം ഉയര്‍ന്നിരുന്നു. റഷ്യയുമായി യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന യുക്രെയ്‌നിനുള്ള 400 മില്യണ്‍ ഡോളറിന്റെ സൈനിക സഹായം ട്രംപ് മരവിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
ജനുവരി ആറിന് യുഎസ് ക്യാപിറ്റലിനു നേരെയുള്ള ആക്രമണത്തിന് പ്രേരിപ്പിച്ചു എന്നാരോപിച്ച്, അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കുന്നതിന് ഒരാഴ്ച മുമ്പ്, 2021 ജനുവരി 13 ന് ട്രംപിനെ രണ്ടാം തവണയും ഇംപീച്ച് ചെയ്തു.
ഈ വര്‍ഷമാദ്യം 34 കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട ട്രംപ്, നിയമപരമായ കുറ്റപത്രം നേരിടുന്ന സമയത്ത് അധികാരത്തിലിരിക്കുന്ന ആദ്യത്തെ യുഎസ് പ്രസിഡന്റും ആയിരിക്കും. മെയ് മാസത്തില്‍ ട്രംപ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയെങ്കിലും ഇതുവരെ ശിക്ഷ വിധിച്ചിട്ടില്ല, നവംബര്‍ 26 നാണ് വിചാരണ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.