ഡോണള്‍ഡ് ട്രംപ്
ഡോണള്‍ഡ് ട്രംപ്

ട്രംപിന്റെ വസതിയില്‍ അതീവ രഹസ്യ രേഖകൾ; എഫ്ബിഐ റെയ്ഡ് വിവരങ്ങൾ പുറത്തുവിട്ട് കോടതി

തന്ത്രപ്രധാന പ്രതിരോധ രേഖകൾ അനധികൃതമായി സൂക്ഷിച്ചിട്ടുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ട്രംപിന്റെ വസതിയിൽ എഫ്ബിഐ തെരച്ചിൽ നടത്തിയത്
Updated on
2 min read

യുഎസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വസതിയില്‍നിന്ന് 'ടോപ് സീക്രട്ട്' (അതീവ രഹസ്യ) വിഭാഗത്തിലുള്ള രേഖകൾ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ട്രംപിന്റെ വസതിയായ മാർ-എ-ലാഗോയില്‍ എഫ്ബിഐ നടത്തിയ റെയ്ഡിന്റെ വിവരങ്ങള്‍ കോടതിയാണ് പുറത്തുവിട്ടത്. സാധാരണയായി അന്വേഷണം പുരോഗമിക്കുന്ന കേസിന്റെ വിശദാംശങ്ങൾ പുറത്തുവിടാറില്ല. എന്നാല്‍, റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണം ഉയർന്ന സാഹചര്യത്തിലാണ് നടപടി. വിവരങ്ങൾ പരസ്യപ്പെടുത്താൻ യുഎസ് നീതിന്യായ വകുപ്പ് വ്യാഴാഴ്ച നിര്‍ദേശം നല്‍കിയിരുന്നു.

വാറന്റ് രേഖ
വാറന്റ് രേഖ

കോടതി പരസ്യപ്പെടുത്തിയ 'സ്വത്ത് രസീത്' (റെയ്‌ഡിൽ കണ്ടെടുത്ത രേഖകളുടെ പട്ടിക) പ്രകാരം, മാർ-എ-ലാഗോയിലെ തെരച്ചിലിൽ 11 പെട്ടി രഹസ്യ രേഖകൾ കണ്ടെടുത്തു. ഇതിൽ ചിലത് അതീവ രഹസ്യ വിഭാഗത്തിലുള്ള രേഖകളാണ്. എന്നാൽ രേഖകളിലെ വിവരങ്ങൾ എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. തന്ത്രപ്രധാന പ്രതിരോധ രേഖകൾ അനധികൃതമായി സൂക്ഷിച്ചിട്ടുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ട്രംപിന്റെ വസതിയിൽ എഫ്ബിഐ തെരച്ചിൽ നടത്തിയതെന്ന് വാറന്റ് രേഖകളും വ്യക്തമാക്കുന്നു. രേഖകൾ പുറത്തുവിടുന്നത് സംബന്ധിച്ച എതിർപ്പുകളുണ്ടെങ്കിൽ കോടതിയെ സമീപിക്കാൻ ട്രംപിന് വെള്ളിയാഴ്ച വരെ സമയം അനുവദിച്ചിരുന്നെങ്കിലും എതിർപ്പ് പ്രകടിപ്പിച്ചില്ല.

സാധാരണയായി അന്വേഷണം പുരോഗമിക്കുന്ന കേസിന്റെ വിശദാംശങ്ങൾ പുറത്തുവിടാറില്ല. അതുകൊണ്ട് തന്നെ നീതിന്യായ വകുപ്പിന്റെ പുതിയ തീരുമാനം ഏറെ ശ്രദ്ധേയമാണ്

ഫ്ലോറിഡയിലെ വസതിയിൽ നിന്ന് കണ്ടെടുത്ത രേഖകളെല്ലാം രഹസ്യപട്ടികയിൽ ഉൾപ്പെട്ടതല്ലെന്നാണ് ട്രംപിന്റെ വാദം. റെയ്ഡിന്റെ ആവശ്യം ഇല്ലായിരുന്നു. ആവശ്യപ്പെട്ടിരുന്നെങ്കില്‍ രേഖകളെല്ലാം താൻ തന്നെ കൈമാറുമായിരുന്നുവെന്നുമായിരുന്നു പ്രതികരണം. "ആ രേഖകൾ ഒന്നും രഹസ്യ പട്ടികയിലുള്ളതല്ല, രണ്ടാമതായി അതൊന്നും പിടിച്ചെടുക്കേണ്ട ആവശ്യവും ഉണ്ടായിരുന്നില്ല. അവർക്ക് മാർ-എ-ലാഗോയിലേക്ക് ഇടിച്ചു കേറാതെയും രാഷ്ട്രീയം കളിക്കാതെയും അതൊക്കെ കൊണ്ടുപോകാമായിരുന്നു" ട്രംപ് പറഞ്ഞു.

എന്നാൽ, നാഷണൽ ആർകൈവ്സ് ഉൾപ്പെടെ ഏജൻസികൾ നിരവധി തവണ ആവശ്യപ്പെട്ടിട്ടും ട്രംപ് രേഖകൾ കൈമാറാൻ കൂട്ടാക്കിയിരുന്നില്ല.

ഡോണള്‍ഡ് ട്രംപ്
ട്രംപിന്റെ വസതിയിലെ എഫ്ബിഐ റെയ്ഡ്: ഡെമോക്രാറ്റുകള്‍ക്കെതിരെ ആയുധമാക്കി റിപ്പബ്ലിക്കന്മാര്‍

നീതിന്യായ വകുപ്പിന്റെ അഭ്യർത്ഥന പ്രകാരം, എഫ്ബിഐ റെയ്ഡിനുള്ള വാറന്റിൽ ഒപ്പുവെച്ച മജിസ്‌ട്രേറ്റ് ജഡ്ജി ബ്രൂസ് റെയ്ൻഹാർട്ട് തന്നെയാണ് രേഖകൾ പുറത്തുവിട്ടതും. തെരച്ചിലിന്റെ യഥാർത്ഥ ഉദ്ദേശമറിയാൻ പൊതുജനങ്ങൾക്ക് താത്പര്യമുണ്ടെന്ന് അറ്റോർണി ജനറൽ മെറിക് ഗാർലൻഡ് വ്യാഴാഴ്ച പറഞ്ഞിരുന്നു.

സാധാരണയായി അന്വേഷണം പുരോഗമിക്കുന്ന കേസിന്റെ വിശദാംശങ്ങൾ പുറത്തു വിടാറില്ല. അതുകൊണ്ട് തന്നെ നീതിന്യായ വകുപ്പിന്റെ പുതിയ തീരുമാനം ഏറെ ശ്രദ്ധേയമാണ്. എഫ്ബിഐയുടെ സത്യസന്ധതയെ തന്നെ വെല്ലുവിളിച്ച സാഹചര്യത്തിലാണ് നീതി ന്യായ വകുപ്പ് അസാധാരണ നടപടികളിലേക്ക് കടന്നത്.

logo
The Fourth
www.thefourthnews.in