'ട്രംപിന്റെ വ്യാജ ആരോപണങ്ങൾ പ്രചരിപ്പിച്ചതിൽ തെറ്റുപറ്റി'; മാനനഷ്ടക്കേസിൽ തോൽവി സമ്മതിച്ച് ഫോക്സ് ന്യൂസ്

'ട്രംപിന്റെ വ്യാജ ആരോപണങ്ങൾ പ്രചരിപ്പിച്ചതിൽ തെറ്റുപറ്റി'; മാനനഷ്ടക്കേസിൽ തോൽവി സമ്മതിച്ച് ഫോക്സ് ന്യൂസ്

2021ലാണ് ഡൊമിനിയൻ, ഫോക്സ് കോർപ്പിനും ഫോക്സ് ന്യൂസിനുമെതിരെ 130 ലക്ഷം കോടി രൂപയുടെ മാനനഷ്ട കേസ് നൽകുന്നത്
Updated on
1 min read

വോട്ടിങ് ഉപകരണങ്ങളുടെ നിർമാണ കമ്പനിയായ ഡോമിനിയൻ നൽകിയ മാനനഷ്ടക്കേസിൽ തോൽവി സമ്മതിച്ച് ലോകപ്രശസ്ത മാധ്യമ ശൃംഖലയായ ഫോക്സ് കോർപ്. 2020ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഡൊമിനിയന്റെ വോട്ടിങ് ഉപകരണങ്ങൾ ഉപയോഗിച്ചുവെന്ന് ട്രംപും അനുയായികളും ആരോപിച്ചിരുന്നു. ഇത് തെറ്റാണെന്നറിഞ്ഞിട്ടും വാർത്ത നൽകിയെന്ന മാനനഷ്ട കേസിലാണ് 6,400 കോടി രൂപ നൽകാമെന്ന് ഫോക്സ് ന്യൂസ് സമ്മതിച്ചത്.

2021ലാണ് ഡൊമിനിയൻ, ഫോക്സ് കോർപ്പിനും ഫോക്സ് ന്യൂസിനുമെതിരെ 130 ലക്ഷം കോടി രൂപയുടെ മാനനഷ്ട കേസ് നൽകുന്നത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ട്രംപിന്റെ തോൽവിക്ക് ഡൊമിനിയനെ മനഃപൂർവവും തെറ്റായും കുറ്റപ്പെടുത്തിയെന്നായിരുന്നു പ്രധാന ആരോപണം. നിലവിൽ ഫോക്സ് കോർപ് നൽകുന്ന തുക ആവശ്യപ്പെട്ടതിന്റെ ഏകദേശം പകുതി മാത്രമാണ്.

വിചാരണ ആരംഭിക്കും മുൻപ് കേസ് ഒത്തുതീർപ്പായതിനാൽ കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് ഫോക്സ് കോർപ് ചെയർമാൻ റൂപർട്ട് മർഡോക്ക്, പ്രശസ്ത അവതാരകരായ ടക്കർ കാൾസൺ, ഷോൺ ഹാനിറ്റി, ജീനൈൻ പിറോ എന്നിവർ ഒഴിവായി. വിചാരണ വേളയിൽ ഇവരുടെ പ്രതികരണം എന്താകുമെന്ന് ഏറെ ആകാംഷയോടെ കാത്തിരിക്കുന്നതിനിടയിലാണ് കേസ് അവസാനിക്കുന്നത്.

കൺസർവേറ്റീവ് പാർട്ടിയോട് ചേർന്ന് നിൽക്കുന്നുവെന്ന ആക്ഷേപം നേരിടുന്ന മാധ്യമശൃംഖലയാണ് ഫോക്സ് ന്യൂസും ഫോക്സ് കോർപും. വാർത്താ ഔട്ട്‌ലെറ്റ് സംപ്രേഷണം ചെയ്ത തെറ്റായ വോട്ടെടുപ്പ് വാർത്തകൾ കാരണം ബിസിനസ് നശിച്ചുവെന്നായിരുന്നു ഡൊമിനിയന്റെ പ്രധാന വാദങ്ങളിലൊന്ന്.

അപകീർത്തി കേസ് തീർപ്പാക്കാൻ ഒരു അമേരിക്കൻ മാധ്യമസ്ഥാപനം നൽകിയ ഏറ്റവും ഉയർന്ന തുകയാണ് 6,400 കോടി രൂപ

ട്രംപിന്റെ ആരോപണങ്ങൾ റിപ്പോർട്ട് ചെയ്യുക മാത്രമാണ് ചെയ്തതെന്നും അവയെ പിന്തുണയ്ക്കുന്നില്ലെന്നുമായിരുന്നു ഫോക്സ് ന്യൂസിന്റെ വാദം. ഫോക്സ് നെറ്റ് വർക്ക് മുഴുവനായി നുണകൾ പ്രോത്സാഹിപ്പിച്ചില്ലെങ്കിൽ പോലും ചില അവതാരകർ നടത്തിയ പ്രസ്താവനകൾ വസ്തുതാവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമായിരുന്നു എന്ന് ചെയർമാൻ തന്നെ സമ്മതിച്ചിരുന്നു.

തന്റെ സ്ഥാപനത്തെ കുറിച്ച് കള്ളം പറഞ്ഞതായി ഫോക്സ് സമ്മതിച്ചുവെന്ന് ഡൊമിനിയന്റെ സിഇഒ ജോൺ പൗലോസ് പറഞ്ഞു. "നുണകൾക്ക് അനന്തരഫലങ്ങൾ ഉണ്ടാകും" എന്നായിരുന്നു ഡൊമിനിയന്റെ അഭിഭാഷകൻ ജസ്റ്റിൻ നെൽസണിന്റെ പ്രതികരണം. ഡൊമിനിയനെ കുറിച്ച് നെറ്റ്‌വർക്കിന്റെ അവതാരകർ നടത്തിയ ചില അവകാശവാദങ്ങൾ തെറ്റാണെന്ന കോടതിയുടെ വിധി അംഗീകരിക്കുന്നതായി ഫോക്സ് ന്യൂസ് അറിയിച്ചു.

'ട്രംപിന്റെ വ്യാജ ആരോപണങ്ങൾ പ്രചരിപ്പിച്ചതിൽ തെറ്റുപറ്റി'; മാനനഷ്ടക്കേസിൽ തോൽവി സമ്മതിച്ച് ഫോക്സ് ന്യൂസ്
വോട്ടെണ്ണും മുന്‍പേ ബൈഡന്‍ വിജയിയെന്ന ഫോക്സ് വാർത്ത: മര്‍ഡോക് നേരിട്ട് ഇടപെട്ടതിന്റെ തെളിവുകള്‍ പുറത്ത്

അപകീർത്തി കേസ് തീർപ്പാക്കാൻ ഒരു അമേരിക്കൻ മാധ്യമസ്ഥാപനം നൽകിയ ഏറ്റവും ഉയർന്ന തുകയാണ് 6,400 കോടി രൂപ. ബീഫ് പ്രോഡക്ട് ഇങ്ക് എന്ന സ്ഥാപനം എബിസി നെറ്റ്‌വർക്കിനെതിരെ നൽകിയ അപകീർത്തി കേസ് ഒത്തുതീർപ്പാക്കാൻ മാതൃസ്ഥാപനമായ വാൾട്ട് ഡിസ്‌നി നൽകിയ 1,400 കോടി രൂപയാണ് ഇതിന് മുൻപുണ്ടായിരുന്ന ഏറ്റവും ഉയർന്ന തീർപ്പാക്കൽ തുക.

logo
The Fourth
www.thefourthnews.in