ജോ ബൈഡൻ
ജോ ബൈഡൻ

യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പ്: പിന്മാറാൻ ആലോചിച്ച് ബൈഡൻ? അന്തിമ തീരുമാനം വരും ദിവസങ്ങളിലെന്ന് റിപ്പോർട്ടുകൾ

ബൈഡന്‍ പിന്മാറണമെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ 23 പാര്‍ലമെന്റ് അംഗങ്ങളും പാര്‍ലമെന്റ് അംഗങ്ങളല്ലാത്ത നിരവധി നേതാക്കളും പരസ്യമായും അല്ലാതെയും ആവശ്യപ്പെട്ടു
Updated on
2 min read

ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍നിന്നുമുള്ള സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍നിന്നു പിന്മാറാന്‍ ജോ ബൈഡന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഈ ആഴ്ച അവസാനത്തോടെ ബൈഡന്‍ പിന്മാറുമോ ഇല്ലയോയെന്ന് അറിയാമെന്നാണ് വ്യത്യസ്ത റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

നവംബര്‍ അഞ്ചിന് തനിക്ക് വിജയിക്കാന്‍ സാധിക്കില്ലെന്ന് ബൈഡന്‍ അംഗീകരിച്ച് തുടങ്ങിയതായും ഒരുപക്ഷേ ബൈഡന്‍ പിന്മാറിയേക്കാമെന്നും അദ്ദേഹവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് കഴിഞ്ഞദിവസം ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബൈഡനു പകരം സ്ഥാനാര്‍ത്ഥിയായി വൈസ് പ്രസിഡന്റ് കമല ഹാരിസിനെ പ്രഖ്യാപിച്ചാല്‍ അതിശയിക്കേണ്ടതില്ലെന്നുള്ള പ്രതികരണങ്ങളും ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍നിന്ന് വരുന്നുണ്ട്.

ബൈഡൻ പിന്മാറണമെന്ന മുൻ സ്പീക്കർ നാന്‍സി പെലോസിയുടെ പ്രതികരണം, പുതിയ പോള്‍ ഫലം, പ്രധാനപ്പെട്ട പാര്‍ട്ടി ദാതാക്കളുടെ പിന്‍വാങ്ങല്‍ തുടങ്ങിയ ഘടകങ്ങളാണ് ബൈഡനു തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് ആശങ്കകള്‍ക്കു കാരണമായതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ജോ ബൈഡൻ
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ്; ജോ ബൈഡൻ പിന്മാറണമെന്ന് ബറാക് ഒബാമയും

നാന്‍സി പെലോസിക്കു പിന്നാലെ മുന്‍ പ്രസിഡന്റ് ബറാക് ഒബാമയും ബൈഡന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ആശങ്ക അറിയിച്ച് രംഗത്തെത്തിയിരുന്നു. പിന്നാലെ സമ്മര്‍ദമേറിയ ബൈഡന്‍ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് ഗൗരവമായി തന്നെ ചിന്തിക്കുകയാണെന്ന് സ്രോതസ്സിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ബൈഡന്‍ പിന്മാറുന്നതാണ് നല്ലതെന്ന് സഖ്യകക്ഷികളോട് ഒബാമ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായ ഡോണള്‍ഡ് ട്രംപിനെതിരെ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയായി ജോ ബൈഡന്‍ മത്സരിച്ചാല്‍ പരാജയ സാധ്യതയാണുള്ളതെന്നുള്ള ആശങ്കയും ഒബാമ പങ്കുവെച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ബൈഡന് വൈറ്റ് ഹൗസ് നഷ്ടപ്പെടുക മാത്രമല്ല, ഭാവിയിൽ അത് തിരിച്ചുപിടിക്കാനുള്ള സാധ്യത കൂടി നഷ്ടപ്പെടുമെന്ന് വൈറ്റ് ഹൗസിലെയും സെനറ്റിലെയും ഡെമോക്രാറ്റിക് പാർട്ടിയുടെ മുതിർന്ന നേതാക്കള്‍ ഹക്കീം ജെഫ്ഫറീസും ചക്ക് ഷൂമറും അദ്ദേഹത്തോട് നേരിട്ടുപറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. ഡെമോക്രാറ്റ് അംഗങ്ങള്‍ക്കു തിരഞ്ഞെടുപ്പിലും സ്ഥാനാര്‍ത്ഥികളുടെ ഭാവിയെക്കുറിച്ചും ആശങ്കയുണ്ടെന്നും ബൈഡനോട് അവര്‍ അറിയിച്ചിരുന്നു.

തിരഞ്ഞെടുപ്പിൽനിന്ന് പിന്മാറാൻ 23 നേതാക്കൾ മാത്രമേ ആവശ്യപ്പെട്ടിരുന്നുള്ളൂവെന്നാണ് ഇതുവരെ കരുതിയിരുന്നത്. എന്നാൽ, ബൈഡനോട് ഇക്കാര്യം രഹസ്യമായി ആവശ്യപ്പെട്ടവരുടെ വിവരങ്ങളും ഏതാനും ദിവസങ്ങളായി പുറത്തുവന്നിരുന്നു. ഇത്തരത്തിൽ രഹസ്യമായിരുന്ന ചർച്ചകൾ പോലും പുറത്തുവരുന്നത് ബൈഡന് മേൽ സമ്മർദ്ദം വർധിപ്പിക്കാനുള്ള ഡെമോക്രാറ്റ് നേതാക്കളുടെ തന്നെ തന്ത്രത്തിന്റെ ഭാഗമെന്ന നിലയ്ക്കാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്യുന്നത്.

ജോ ബൈഡൻ
ബൈഡന് കോവിഡ്; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തിരിച്ചടി

എന്നാൽ മത്സരത്തില്‍നിന്നു പിന്മാറാന്‍ ബൈഡന്‍ തീരുമാനിച്ചില്ലെന്നാണ് അദ്ദേഹത്തിൻ്റെ അടുത്ത അനുയായികള്‍ പറയുന്നത്. ബൈഡന്‍ വിശ്രമത്തിലാണെന്നും അദ്ദേഹം കോവിഡില്‍നിന്നു സുഖം പ്രാപിച്ച് ഈ ആഴ്ച തന്നെ തിരിച്ചുവരുമെന്നും ബൈഡന്റെ അടുത്ത അനുയായിയും ഡെമോക്രാറ്റിക് സെനറ്ററുമായ ക്രിസ് കൂണ്‍സ് പറഞ്ഞു. അമേരിക്കയ്ക്ക് ഏറ്റവും മികച്ചതെന്താണോ അതിനുവേണ്ടി ബൈഡന്‍ പ്രവര്‍ത്തിക്കുമെന്ന് സെനറ്ററായ ജോണ്‍ ഹിക്കെന്‍ലൂപര്‍ പറഞ്ഞു. നിലവില്‍ ഡെലവേറിലെ വസതിയില്‍ ക്വാറന്റൈനിലാണ് ബൈഡന്‍.

അതേസമയം വധശ്രമത്തിനുശേഷം ഡോണാള്‍ഡ് ട്രംപിന്റെ ആദ്യത്തെ നാഷണല്‍ കണ്‍വെന്‍ഷന്‍ മില്‍വോകീയില്‍ ആരംഭിച്ചു. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിത്വത്തിന്റെ നാമനിര്‍ദേശ പത്രിക സ്വീകരിച്ച അദ്ദേഹം, ദൈവം തനിക്കൊപ്പമുണ്ടെന്നും തിരഞ്ഞെടുപ്പില്‍ അവിശ്വസനീയമായ രീതിയില്‍ താന്‍ വിജയിക്കുമെന്നും അനുയായികളെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.

logo
The Fourth
www.thefourthnews.in