അന്ന് ഹിറ്റ്‌ലര്‍ എന്ന അധിക്ഷേപം കേട്ടു, ഇന്ന് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി,ആരാണ് ട്രംപിന്റെ റണ്ണിങ്മേറ്റ്
 ജെഡി വാൻസ്

അന്ന് ഹിറ്റ്‌ലര്‍ എന്ന അധിക്ഷേപം കേട്ടു, ഇന്ന് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി,ആരാണ് ട്രംപിന്റെ റണ്ണിങ്മേറ്റ് ജെഡി വാൻസ്

എട്ട് വർഷം മുൻപ് വരെ "നെവർ ട്രംപ്" എന്ന മുന്നേറ്റത്തിന്റെ പ്രധാന വക്താവായിരുന്നു വാൻസ്‌
Published on

റിപ്പബ്ലിക്കൻ സ്ഥാനാർഥിയും മുൻ പ്രസിഡന്റുമായ ഡോണൾഡ്‌ ട്രംപ്, നവംബറിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ തന്റെ സഹസ്ഥാനാർഥിയെ പ്രഖ്യാപിച്ചിരിക്കുകയാണ്. മുപ്പത്തിയൊൻപതുകാരനായ ഒഹായോ സെനറ്റർ ജെഡി വാൻസാണ് സ്ഥാനാർഥി. എട്ടുവർഷം മുൻപ് ട്രംപിനെ 'അമേരിക്കയുടെ ഹിറ്റ്‌ലർ' എന്ന് വിശേഷിപ്പിച്ചയാളാണ് വാൻസ്‌. അതേ വ്യക്തി ട്രംപിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയാകുന്നുവെന്ന രാഷ്ട്രീയ കൗതുകത്തിന് കൂടിയാണ് 2024ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സാക്ഷ്യം വഹിക്കുന്നത്.

റിപ്പബ്ലിക്കൻ പാർട്ടിയുടെ ദേശീയ കൺവെൻഷൻ്റെ ആദ്യ ദിനത്തിലായിരുന്നു വാൻസിനെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി ട്രംപ് പ്രഖ്യാപിച്ചത്. സമൂഹമാധ്യമയായ ട്രൂത്ത് വഴിയായിരുന്നു ട്രംപ് ഇക്കാര്യം അറിയിച്ചത്. വെഞ്ച്വർ ക്യാപിറ്റലിസ്റ്റും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട "ഹിൽബില്ലി എലിജി" എന്ന ഓർമക്കുറിപ്പിൻ്റെ രചയിതാവുമായ വാൻസ്, 2022ലാണ് ആദ്യമായി സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. അതും ട്രംപിന്റെ പിന്തുണയോടെ.

ട്രംപ് വിരുദ്ധനിൽനിന്ന് അനുയായിലേക്ക്

എട്ട് വർഷം മുൻപ്, 2016ലെ തിരഞ്ഞെടുപ്പിൽ "നെവർ ട്രംപ്" എന്ന മുന്നേറ്റത്തിന്റെ പ്രധാന വക്താവായിരുന്നു വാൻസ്‌. ട്രംപിനെ അതിരൂക്ഷമായി വിമർശിക്കുകയും പരസ്യമായി എതിർക്കുകയും ചെയ്തൊരു രാഷ്ട്രീയ ചരിത്രമാണ് ജെയിംസ് ഡേവിഡ് വാൻസിന്റേത്. ട്രംപിനെ 'സാംസ്കാരികമായ കറുപ്പെന്നും' 'വെള്ളക്കാരായ തൊഴിലാളിവർഗത്തെ ഇരുട്ടിലേക്ക് നയിക്കുന്ന വ്യക്തി'യെന്നുമൊക്കെ വിശേഷിപ്പിച്ച വാൻസിന്റെ മാറ്റം വലിയ വിമർശനങ്ങൾക്ക് കരണമാക്കിയിരുന്നു. അവസരവാദ രാഷ്ട്രീയക്കാരൻ എന്ന നിലയ്ക്കാണ് വാൻസിന്റെ വിമർശകർ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. പ്രത്യയശാസ്ത്രത്തേക്കാൾ കൂടുതൽ അവസരവാദത്താൽ നയിക്കപ്പെടുന്ന രാഷ്ട്രീയക്കാരനാണ് വാൻസ്‌ എന്നുപോലും പലരും അഭിപ്രായപ്പെട്ടിരുന്നു.

അമേരിക്കയിലെ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന 'റസ്റ്റ് ബെൽറ്റ്' എന്നറിയപ്പെടുന്ന വടക്കുകിഴക്കും മധ്യപടിഞ്ഞാറും തെക്കൻ അമേരിക്കയുടെ വടക്കൻ ഭാഗങ്ങളിലുമുള്ള തൊഴിലാളികളുടെ വക്താവായിട്ടായിരുന്നു ഒരുകാലത്ത് വാൻസിനെ കണ്ടിരുന്നത്.

ഏറ്റവും പ്രധാനമായി എതിർ സ്ഥാനാർഥിയായ ജോ ബൈഡന് 270 സീറ്റെന്ന കേവലഭൂരിപക്ഷം കടക്കാൻ സഹായിക്കുന്ന സ്വിങ് സംസ്ഥാനങ്ങൾ പിടിക്കാനും വാൻസിലൂടെ ലക്ഷ്യമിടുന്നുണ്ട്

2003 -2006 കാലത്ത് ഇറാഖ് അധിനിവേശം കവർ ചെയ്യുന്ന കോംബാറ്റ് കറസ്പോണ്ടൻ്റായി യുഎസ് മറൈനൊപ്പം വാൻസ്‌ സേവനമനുഷ്ഠിച്ചിരുന്നു. ശേഷം, വാൻസ് ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ ചേർന്ന് പൊളിറ്റിക്കൽ സയൻസിലും ഫിലോസഫിയിലും ബിരുദം നേടി. തുടർന്ന് അദ്ദേഹം യേൽ ലോ സ്കൂളിൽ ചേരുകയും യേൽ ലോ റിവ്യൂവിൻ്റെ എഡിറ്ററായും പ്രവർത്തിച്ചിരുന്നു.

സിഡ്‌ലി ഓസ്റ്റിൻ എന്ന എലൈറ്റ് നിയമ സ്ഥാപനത്തിലും വാൻസ്‌ ജോലി നോക്കിയിരുന്നു. പിന്നീടാണ് സാൻ ഫ്രാൻസിസ്കോയിലേക്ക് മാറിയ വാൻസ്‌ വെൻച്വർ ക്യാപിറ്റലിസ്റ്റ് ആകുന്നതും സംരംഭകനും പേ പാലിന്റെ സി ഇ ഒയുമായ പീറ്റർ തീലിനൊപ്പം ചേരുന്നതും. ആ കാലത്താണ് ട്രംപ് എന്ന നേതാവ് രാഷ്ട്രീയത്തിലേക്ക് അതിശക്തമായി കടന്നുവരുന്നത്. ട്രംപിനെതിരെ അന്ന് കടുത്ത ഭാഷയിൽ വിമർശനമുന്നയിച്ചവരിൽ മുൻപന്തിയിൽ വാൻസുമുണ്ടായിരുന്നു. "ട്രംപിൻ്റെ നയ നിർദ്ദേശങ്ങൾ അധാർമ്മികത നിറഞ്ഞതും അസംബന്ധവുമായതായാണ് ട്രംപിന്റെ നയ നിർദേശങ്ങൾ" എന്നായിരുന്നു 2016ൽ യുഎസ്എ ടുഡേയിൽ എഴുതിയ കോളത്തിൽ വാൻസ്‌ അഭിപ്രായപ്പെട്ടിരുന്നത്.

അവിടെനിന്നുമുള്ള വാൻസിന്റെ രാഷ്ട്രീയ ചേരിമാറ്റം എങ്ങനെയാണത് ഇപ്പോഴും വ്യക്തമല്ല. 2022ൽ സെനറ്റിലേക്ക് മത്സരിക്കുമ്പോഴേക്കും വാൻസ്‌ ഒരു പോപ്പുലിസ്റ്റ് ദേശീയവാദിയായി മാറിയിരുന്നു. റഷ്യയുടെ അധിനിവേശത്തെ പ്രതിരോധിക്കാൻ യുക്രെയ്ന് അമേരിക്ക നൽകുന്ന സഹായത്തിനെതിരെ വാൻസ്‌ തുറന്നടിച്ചിരുന്നു. ഗർഭഛിദ്രം, തിരഞ്ഞെടുപ്പ് ക്രമക്കേട് ആരോപണം എന്നിവയിൽ ട്രംപിന്റെ സമാന ചിന്താഗതിക്കാരനാണ് നിലവിൽ വാൻസ്‌. കൂടാതെ ഡോണൾഡ്‌ ട്രംപ് ജൂനിയറുമായുള്ള സൗഹൃദവും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പരിഗണന വിഷയമായെന്നും റിപ്പോർട്ടുകളുണ്ട്.

എന്തുകൊണ്ട് വാൻസ്‌?

ഫാക്ടറി ജോലികളും കൂലിത്തൊഴിൽ ചെയ്യുന്നവരെയും റസ്റ്റ് ബെൽറ്റ് വോട്ടർമാരെയും ആകർഷിക്കാൻ വാൻസിനാകും എന്ന കണക്കുകൂട്ടലാണ് പ്രധാനമായും ട്രംപിനുള്ളത്. പ്രായം ചർച്ചയാകുന്ന തിരഞ്ഞെടുപ്പിൽ 81-കാരനായ ബൈഡനും താരതമ്യേന പ്രായമുള്ള കമല ഹാരിസിനും ബദലായുള്ള തിരഞ്ഞെടുപ്പ് കൂടിയാണ് ട്രംപ് വാൻസിലൂടെ നടത്തിയിരിക്കുന്നത്. കൂടാതെ വാൻസിന്റെ ടി വി സ്‌ക്രീനുകളിലെ സാന്നിധ്യവും സിലിക്കൺ വാലിയിലെ ഫണ്ട് ദാതാക്കളുമായുള്ള അടുപ്പവുമെല്ലാം മുതലെടുക്കുകയാണ് ട്രംപിന്റെ ലക്ഷ്യമെന്നും വിലയിരുത്തലുണ്ട്. ഏറ്റവും പ്രധാനമായി എതിർ സ്ഥാനാർഥിയായ ജോ ബൈഡന് 270 സീറ്റെന്ന കേവലഭൂരിപക്ഷം കടക്കാൻ സഹായിക്കുന്ന സ്വിങ് സംസ്ഥാനങ്ങൾ പിടിക്കാനും വാൻസിലൂടെ ലക്ഷ്യമിടുന്നുണ്ട്.

വാൻസിനെ പ്രഖ്യാപിച്ചുകൊണ്ടുള്ള ട്രംപിന്റെ പോസ്റ്റും ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നതാണ്. പെൻസിൽവാനിയ, മിഷിഗൺ, വിസ്‌കോൺസിൻ, ഒഹായോ, മിനസോട്ട എന്നിവിടങ്ങളിലും അതിനപ്പുറമുള്ള അമേരിക്കൻ തൊഴിലാളികളുടെയും കർഷകരുടെയും പിന്തുണ നേടാൻ വാൻസിന് ആകുമെന്ന് സൂചിപ്പിക്കുന്നതായിരുന്നു ട്രംപിന്റെ പോസ്റ്റ്. അതേസമയം, ഗർഭച്ഛിദ്രത്തെക്കുറിച്ചുള്ള വാൻസിന്റെ അഭിപ്രായങ്ങൾ ചില നഗരങ്ങളുടെ പ്രാന്തപ്രദേശത്തുള്ള മിതവാദികളെയും സ്ത്രീകളെയും അകറ്റാനും സാധ്യതയുണ്ട്.

ഇന്ത്യൻ വംശജ ഉഷ ചിലുകുരിയാണ് ജെഡി വാൻസിന്റെ ഭാര്യ. ആന്ധ്രാപ്രദേശ് സ്വദേശികളായ ഇന്ത്യൻ കുടിയേറ്റക്കാരുടെ മകളായ ഉഷ യു എസ് സർക്കാറിൽ അറ്റോർണിയാണ്. കാലിഫോർണിയയിലായിരുന്നു ജനനം. യേല്‍ സര്‍വകലാശാലയില്‍നിന്ന് ചരിത്രത്തില്‍ ബിരുദവും കേംബ്രിഡ്ജ് സര്‍വകലാശാലയില്‍നിന്ന് എംഫിലും പൂർത്തിയാക്കി. യേല്‍ ലോ സ്‌കൂളില്‍ നിയമ വിദ്യാര്‍ത്ഥികളായിരിക്കെയാണ് വാൻസുമായി ഉഷ പരിചയത്തിലാകുന്നത്. 2014-ലായിരുന്നു വിവാഹം. മൂന്ന് മക്കളുണ്ട്.

logo
The Fourth
www.thefourthnews.in