ഇ. ജീൻ കാരൽ, ഡോണൾഡ്‌ ട്രംപ്
ഇ. ജീൻ കാരൽ, ഡോണൾഡ്‌ ട്രംപ്

ട്രംപിനെ വിട്ടൊഴിയാതെ കേസുകള്‍; ലൈംഗികപീഡന പരാതിയിൽ വിചാരണ തുടങ്ങി

ന്യൂയോർക്കിലെ മൻഹട്ടനിലുള്ള ഡിപ്പാർട്മെന്റ് സ്റ്റോറിൽ വച്ച് ട്രംപ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് നേരത്തെ കാരൽ ആരോപിച്ചിരുന്നു
Updated on
1 min read

അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിനെതിരെ കോടതിയിൽ ഗുരുതര ആരോപണങ്ങൾ ഉയർത്തി പ്രശസ്ത അമേരിക്കൻ കോളമിസ്റ്റായ ഇ. ജീൻ കാരൽ. ട്രംപ് തന്നെ ബലാത്സംഗം ചെയ്തുവെന്നും പിന്നാലെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നും കേസിൽ വാദം കേൾക്കുന്നതിനിടെ കാരലിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാൽ പണവും പ്രശസ്തിയും ലക്ഷ്യം വച്ചാണ് കാരൽ പ്രവർത്തിക്കുന്നതെന്നാണ് ട്രംപിന്റെ വാദം.

പുതിയതായി ആരംഭിച്ച വിചാരണയ്ക്ക് ക്രിമിനൽ സ്വഭാവമില്ലെങ്കിലും 2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനൊരുങ്ങുന്ന ട്രംപിന് തിരിച്ചടിയാകും

ന്യൂയോർക്കിലെ മൻഹട്ടനിലുള്ള ഡിപ്പാർട്മെന്റ് സ്റ്റോറിൽ വച്ച് ട്രംപ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് നേരത്തെ കാരൽ ആരോപിച്ചിരുന്നു. കാരലിനെ സ്റ്റോറിലെ ഡ്രസിങ് റൂമിൽ സംശയം ചോദിക്കാനെന്ന വ്യാജേന എത്തിച്ച ശേഷം ട്രംപ് തന്നെ കടന്നാക്രമിക്കുകയും പീഡിപ്പിക്കുകയും ആയിരുന്നുവെന്ന് അഭിഭാഷകൻ കോടതിയിൽ വാദിച്ചു. 1996ലായിരുന്നു കേസിനാസ്പദമായ സംഭവം. 2019ലാണ് കാരൽ ആദ്യമായി ആരോപണം ഉന്നയിക്കുന്നത്. ട്രംപിനെതിരെ മാനനഷ്ട കേസും നല്‍കിയിരുന്നു. എന്നാൽ അന്ന് ബലാത്സംഗത്തിന് കേസ് നൽകിയിരുന്നില്ല.

വർഷങ്ങൾക്ക് മുന്‍പ് ലൈംഗികാതിക്രമത്തിന് ഇരയായവർക്ക് കേസ് നൽകാൻ 2022 നവംബറിൽ ന്യൂയോർക്കിൽ ഒരു വർഷത്തെ സമയം അനുവദിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ലൈംഗികാതിക്രമ കേസ് കൂടി കാരലിന്‍ നല്‍കിയത്.

മുൻ പ്രസിഡന്റിനോടുള്ള തന്റെ വിദ്വേഷം പ്രകടിപ്പിക്കാൻ നീതിന്യായ വ്യവസ്ഥയെ കാരലിൻ ദുരുപയോഗം ചെയ്യുകയാണെന്ന് ട്രംപിന്റെ അഭിഭാഷകൻ ആരോപിച്ചു. അതേസമയം, 2016ൽ തിരഞ്ഞെടുപ്പ് സമയത്ത് ട്രംപിനെതിരെ രംഗത്തുവരാൻ ശ്രമിച്ചെങ്കിലും ട്രംപിന്റെ ഭാഗത്തുനിന്ന് കടുത്ത ആക്രമണങ്ങൾ അഭിമുഖീകേരിക്കേണ്ടി വന്നിരുന്നുവെന്ന് കാരലും കോടതിയിൽ പറഞ്ഞു.

പുതിയതായി ആരംഭിച്ചിരിക്കുന്ന വിചാരണയ്ക്ക് ക്രിമിനൽ സ്വഭാവമില്ലെങ്കിലും 2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനൊരുങ്ങുന്ന ട്രംപിന് വിചാരണ തിരിച്ചടിയാകും. ആഴ്ചകൾക്ക് മുൻപാണ് അവിഹിത ബന്ധം മറച്ചുവയ്ക്കാൻ പോൺതാരം സ്റ്റോമി ഡാനിയൽസിന് പണം നൽകിയതിന്റെ പേരിൽ ട്രംപിനെതിരെ ക്രിമിനൽ കുറ്റം ചുമത്തിയത്. ചരിത്രത്തിൽ ആദ്യമായാണ് അമേരിക്കൻ പ്രസിഡന്റ് പദവിയിൽ ഇരിന്നിട്ടുള്ള ഒരാൾക്കെതിരെ ഇത്തരമൊരു വകുപ്പ് ചുമത്തപ്പെടുന്നത്. 34 വകുപ്പുകളാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്.

2020-ലെ ജോർജിയയിലെ തിരഞ്ഞെടുപ്പ് പരാജയം മറികടക്കാനുള്ള ശ്രമങ്ങൾ, അതീവ രഹസ്യരേഖകൾ കൈകാര്യം ചെയ്‌ത്തിലുള്ള വീഴ്ച, യുഎസ് ക്യാപിറ്റോൾ ആക്രമണത്തിലെ പങ്കാളിത്തം എന്നിങ്ങനെയുള്ള നിരവധി കേസുകളിലും ട്രംപ് അന്വേഷണം നേരിടുന്നുണ്ട്.

logo
The Fourth
www.thefourthnews.in