'പോരാട്ടം അവസാനിപ്പിക്കാറായിട്ടില്ല'; 
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാൻ ബൈഡൻ

'പോരാട്ടം അവസാനിപ്പിക്കാറായിട്ടില്ല'; അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാൻ ബൈഡൻ

അമേരിക്കൻ ജനാധിപത്യത്തെ പ്രതിരോധിക്കുകയെന്നത് തന്റെ കടമയാണെന്ന് ബൈഡൻ
Updated on
1 min read

2024ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് ജോ ബൈഡൻ. ചൊവ്വാഴ്ചയാണ് നിലവിലെ പ്രസിഡന്റ് കൂടിയായ ബൈഡൻ തിരഞ്ഞെടുപ്പ് ക്യാംപയിൻ ആരംഭിച്ചത്. ട്വിറ്ററിലൂടെ നടത്തിയ പ്രഖ്യാപനത്തിൽ താൻ തുടങ്ങിവച്ച കാര്യങ്ങൾ പൂർത്തിയാക്കാൻ നാല് വർഷം കൂടി സമയം നൽകണമെന്ന് ഡെമോക്രാറ്റ് നേതാവ് ആവശ്യപ്പെട്ടു. ഇതോടെ അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായമുള്ള പ്രസിഡന്റ് സ്ഥാനാർഥിയെന്ന ബൈഡന്റെ തന്നെ റെക്കോർഡാണ് തിരുത്തപ്പെടുന്നത്.

ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ അമേരിക്കൻ ജനാധിപത്യത്തെ പ്രതിരോധിക്കുകയെന്നത് തന്റെ കടമയാണെന്ന് ബൈഡൻ പറയുന്നു. മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അനുയായികൾ പ്രതിസ്ഥാനത്തുള്ള ക്യാപിറ്റോൾ ആക്രമണത്തിന്റെ ദൃശ്യങ്ങളോടെയാണ് വീഡിയോ ആരംഭിക്കുന്നത്. "അമേരിക്കയുടെ ആത്മാവിന് വേണ്ടിയാണ് പോരാടുന്നതെന്നാണ് നാല് വർഷം മുൻപ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചപ്പോൾ ഞാൻ പറഞ്ഞത്. ആ പോരാട്ടം ഇപ്പോഴും അവസാനിച്ചിട്ടില്ല. അതുകൊണ്ടാണ് വീണ്ടും മത്സരിക്കുന്നത്''- ബൈഡൻ പറഞ്ഞു. അമേരിക്കയെ രക്ഷിക്കുക എന്ന ലക്ഷ്യം നേടാനാകുമെന്ന് തനിക്ക് അറിയാമെന്നും ബൈഡൻ കൂട്ടിച്ചേർത്തു.

മഹാമാരിക്കാലത്തെ കൂട്ട വാക്സിനേഷൻ ക്യാംപയിൻ, കാലാവസ്ഥ, ആരോഗ്യം എന്നിവ സംബന്ധിച്ച നിയമം എന്നിവയാണ് ബൈഡന്റെ വലിയ നേട്ടങ്ങളായി കണാക്കപ്പെടുന്നത്

റിപ്പബ്ലിക്കൻ പ്ലാറ്റ്‌ഫോമുകൾ അമേരിക്കയുടെ സ്വാതന്ത്ര്യത്തിന് ഭീഷണിയാണ്. സ്ത്രീകളുടെ ആരോഗ്യ സംരക്ഷണം പരിമിതപ്പെടുത്താനും സാമൂഹിക സുരക്ഷ വെട്ടിക്കുറയ്ക്കാനും പുസ്തകങ്ങൾ നിരോധിക്കാനുമുള്ള ശ്രമങ്ങൾക്കെതിരെ പോരാടും. കൂടാതെ ബൈഡനൊപ്പം വൈസ് പ്രസിഡന്റ് കമല ഹാരിസും മത്സരിക്കും.

നാല് വർഷം മുൻപുണ്ടായിരുന്ന സാഹചര്യങ്ങളാണ് നിലവിൽ അമേരിക്കയിലുള്ളത്. കോവിഡ് മഹാമാരിയുണ്ടാക്കിയ പ്രതിസന്ധികളിൽ നിന്ന് രാജ്യം ഇതുവരെയും കരകയറിയിട്ടില്ല. പത്ത് ലക്ഷത്തിലധികം അമേരിക്കക്കാരാണ് കോവിഡ് ബാധിച്ച് മരിച്ചത്. നാല്പത് വർഷത്തിനിടെയുള്ള ഏറ്റവും വലിയ പണപ്പെരുപ്പത്തെ കൂടിയാണ് രാജ്യം നിലവിൽ അഭിമുഖീകരിക്കുന്നത്. കാലാവസ്ഥ വ്യതിയാനം, ആഴ്ചതോറുമുള്ള കൂട്ടവെടിവയ്പ്പുകൾ, ഗർഭച്ഛിദ്രത്തെ തുടർന്നുള്ള വിഷയങ്ങൾ എന്നിവയുടെ പേരിൽ രാജ്യത്തെ ജനങ്ങൾ വളരെയധികം വിഭജിക്കപ്പെട്ടിരിക്കുന്ന ഒരു കാലഘട്ടം കൂടിയാണിത്.

മഹാമാരിയുടെ കാലത്ത് നടത്തിയ കൂട്ട വാക്സിനേഷൻ ക്യാംപയിൻ, കാലാവസ്ഥ, ആരോഗ്യം എന്നിവ സംബന്ധിച്ച നിയമമാണ് ബൈഡന്റെ വലിയ നേട്ടങ്ങളായി കണാക്കപ്പെടുന്നത്. അമേരിക്കൻ സുപ്രീംകോടതിയിലെ ആദ്യ കറുത്ത വർഗക്കാരിയായ ജസ്റ്റിസ് കേതൻജി ബ്രൗൺ ജാക്സന്റെ നിയമനവും ബൈഡന് പ്രശംസ നേടിക്കൊടുത്തിരുന്നു.

വീണ്ടും മത്സരിക്കുന്നതിന്റെ സൂചനകൾ ബൈഡൻ മാസങ്ങൾക്ക് മുൻപ് തന്നെ നൽകിയിരുന്നു. നവംബറിലെ ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് പാർട്ടി പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം കാഴ്ചവച്ചതും വലിയ ആത്മവിശ്വാസവും ബൈഡനും സംഘത്തിനുമുണ്ട്.

അതേസമയം, റോയിട്ടേഴ്‌സ് ഏപ്രിൽ 19ന് പുറത്തുവിട്ട സർവേ ഫലത്തിൽ ബൈഡന് 39 ശതമാനം മാത്രമാണ് അംഗീകാരമുള്ളത്. ബൈഡന്റെ പ്രായം സംബന്ധിച്ച ആശങ്കയും അമേരിക്കക്കാർക്കിടയിൽ നിലനിൽക്കുന്നുണ്ട്. വിജയിക്കുകയാണെങ്കിൽ തന്നെ പ്രസിഡന്റ് കാലാവധി അവസാനിക്കുമ്പോൾ 86 വയസാകുമെന്നും സർവേയിൽ ചൂണ്ടിക്കാട്ടപ്പെടുന്നു.

logo
The Fourth
www.thefourthnews.in