യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്; 'റണ്ണിങ് മേറ്റാ'യി ടിം വാൾസിനെ തിരഞ്ഞെടുത്ത് കമല ഹാരിസ്
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി മിനസോട്ട ഗവർണറായ ടിം വാൾസിനെ തിരഞ്ഞെടുത്ത് കമല ഹാരിസ്. നവംബറിൽ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ തന്റെ റണ്ണിങ് മേറ്റ് ആയാണ് കമല അറുപതുകാരനായ ടിം വാൾസിനെ തിരഞ്ഞെടുത്തത്. ഇൻസ്റ്റഗ്രാമിലൂടെയാണ് കമല ഹാരിസ് ഇക്കാര്യം അറിയിച്ചത്.
റിപ്പബ്ലിക്കൻ സ്ഥാനാർഥിയും മുൻ പ്രസിഡൻ്റുമായ ഡോണൾഡ് ട്രംപിനും, വൈസ് പ്രസിഡൻ്റ് സ്ഥാനാർഥി ഒഹായോ സെനറ്റർ ജെ ഡി വാൻസിനും എതിരെ മത്സരിക്കാൻ കമല ഹാരിസ് ആരെ തിരഞ്ഞെടുക്കുമെന്നത് സംബന്ധിച്ച് സജീവമായിരുന്ന ചർച്ചകൾക്കാണ് ഇതോടെ വിരാമമാകുന്നത്.
2006-ൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷം ഉണ്ടായിരുന്നിടത്ത്നിന്നാണ് ടിം വാൾസ് ആദ്യം പാർലമെന്റിലേക്കെത്തുന്നത്. 2018 ൽ മിനസോട്ട ഗവർണർ സ്ഥാനം നേടുന്നതുവരെ അദ്ദേഹം ഈ സീറ്റ് നിലനിർത്തി. 2022 ൽ വീണ്ടും മിനസോട്ട ഗവർണർ ആയി തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ, സമീപ വർഷങ്ങളിൽ നിരവധി സുപ്രധാന നിയമനിർമാണങ്ങൾ മിനസോട്ടയില്‍ ഉണ്ടായിട്ടുണ്ട്.
സ്കൂൾ ഭക്ഷണം സാർവത്രികമാക്കുക , കഞ്ചാവ് നിയമവിധേയമാക്കൽ, ഗർഭച്ഛിദ്ര സംരക്ഷണം, തോക്ക് കൈവശം വയ്കക്കുന്നതിലെ നിയന്ത്രണ നടപടികൾ എന്നിവ അവയിൽ ചിലതാണ്. ടിം വാൾസ് നെബ്രാസ്കയിലാണ് ജനിച്ചത്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുൻപ് അധ്യാപകനും ഫുട്ബോൾ കോച്ചും ആയിരുന്നു അദ്ദേഹം.
ചൈനയിലായിരുന്നു ആദ്യം അധ്യാപകനായി പ്രവർത്തിച്ചിരുന്നത്. പിന്നീട് നെബ്രാസ്കയിലേക്കും മിനസോട്ടയിലെ മങ്കാറ്റോയിലേക്കും താമസം മാറി. മങ്കാറ്റോയിലെ സ്‌കൂളിൽ ഭൂമിശാസ്ത്ര അധ്യാപകനായിരുന്നു. ഹൈസ്കൂൾ ഫുട്ബോൾ ടീമിൻ്റെ പരിശീലകനുമായിരുന്നു. 24 വർഷം ആർമി നാഷണൽ ഗാർഡിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 17-ാം വയസ്സിൽ ആർമി നാഷണൽ ഗാർഡിന്റെ ഭാഗമായ വാൾസ് യൂറോപ്പിൽ അടക്കം വിന്യസിക്കപ്പെട്ടിട്ടുണ്ട്.
ദേശീയ രാഷ്ട്രീയത്തിൽ മുൻനിരയിലല്ലെങ്കിലും, കോൺഗ്രസിലെ മിതവാദിയായ ഡെമോക്രാറ്റാണ് ടിം വാൾസ്. നാഷണൽ ഡെമോക്രാറ്റിക് ഗവർണേഴ്‌സ് അസോസിയേഷൻ്റെ ചെയർമാൻ കൂടിയാണ് അദ്ദേഹം. ഇരുസഭകളിലും ഡെമോക്രറ്റുകള്‍ അത്ഭുതകരമായ വിജയം നേടിയ സംസ്ഥാനം കൂടിയാണ് മിനസോട്ട. കഴിഞ്ഞ ഒരു വർഷമായി ബൈഡനും കമല ഹാരിസിനും വേണ്ടി ഡെമോക്രാറ്റിക് പ്രചാരങ്ങളുടെ ഭാഗമാണ് വാൾസ്.