ആക്രമണം നടത്തിയത് 22 കാരന്‍, വെടിയുതിര്‍ത്തത് സ്വാതന്ത്ര്യ ദിന റാലിക്ക് നേരെ; ഷിക്കാഗോ വെടിവെയ്പ്പില്‍ ആറ് മരണം
ഷിക്കാഗോയില്‍ തിങ്കളാഴ്ച ഉണ്ടായ ഹൈലാന്റ് പാര്‍ക്ക് വെടിവെപ്പില്‍ ഒരാള്‍ അറസ്റ്റില്‍. റോബര്‍ട്ട് ഇ ക്രിമോ III എന്ന 22 കാരനെയാണ് സുരക്ഷാ സേന പിടികൂടിയത്. നഗരത്തില്‍ നടന്ന സ്വാതന്ത്ര്യ ദിന പരേഡിന് ഇടയില്‍ റൈഫിള്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടിരുന്നു. 37 പേര്‍ക്ക് പരിക്കേറ്റു. പരേഡ് ആരംഭിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ പ്രാദേശിക സമയം 10.15 നായിരുന്നു ആക്രമണമുണ്ടായത്.
വെടിവെയ്പ്പുണ്ടായതോടെ പരിഭ്രാന്തരായ ജനങ്ങള്‍ ചിതറിയോടി. ആക്രമണത്തില്‍ പരിക്കേറ്റ അഞ്ചുപേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്.
അതേസമയം, അക്രമിയെന്ന് സംശയിച്ച് പിടികൂടിയ ക്രിമോയ്ക്ക് പ്രത്യേക ഉദ്ദേശങ്ങളുണ്ടോ എന്ന് വ്യക്തമായിട്ടില്ലെന്നാണ് പോലീസ് നിലപാട്. ഇയാള്‍ക്കെതിരെ കുറ്റങ്ങളൊന്നും ചുമത്തിയിട്ടില്ല. അപരനാമത്തില്‍ റാപ്പ് വീഡിയോകള്‍ പോസ്റ്റ് ചെയ്ത ക്രീമോയുടെ അക്കൗണ്ടുകള്‍ സമൂഹ മാധ്യമങ്ങളില്‍ നിന്നും നീക്കം ചെയ്തു.
എന്നാല്‍ ആക്രമണത്തിന് ഇയാള്‍ തന്നെയാണ് ഉത്തരവാദിയെന്ന് പൊലീസ് പറയുന്നു. പരേഡ് ആരംഭിക്കുന്നതിന് മുന്‍പ് തന്നെ അക്രമി സമീപത്തെ കെട്ടിടത്തിന് മുകളില്‍ സ്ഥാനം പിടിച്ചിരുന്നു എന്നാണ് പോലീസ് നല്‍കുന്ന വിവരം.
ന്യൂയോര്‍ക്കിലെ ടെക്‌സസിലെ ഉവാള്‍ഡെയിലും ബഫലോയിലും നടന്ന വെടിവെപ്പിന് ഒരു മാസത്തിനു ശേഷമാണ് ഷിക്കാഗോയില്‍ സമാനമായ സംഭവം നടക്കുന്നത്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പിന്തുണയേകി ഇല്ലിനോയിസ് ഗവണ്‍മെന്റ് രംഗത്തെത്തി. സംഭവത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ഇല്ലിനോയിസ് ഗവര്‍ണര്‍ ജെയ് റോബര്‍ട്ട് പ്രിറ്റ്‌സ്‌കറും പ്രതികരിച്ചു.
കൂട്ടവെടിവെപ്പ് ഒരു അമേരിക്കന്‍ പാരമ്പര്യമായി മാറുകയാണെന്ന് ജെയ് റോബര്‍ട്ട് മുന്നറിയിപ്പു നല്‍കി.
ആക്രമണം ഞെട്ടലുണ്ടാക്കിയെന്നും രാജ്യത്ത് തോക്കിന്റെ അനാവശ്യ ഉപയോഗത്തിനും അക്രമത്തിനുമെതിരെ പോരാടുമെന്ന് ജോ ബൈഡന്‍ പറഞ്ഞു .
തോക്ക് ഉപയോഗം നിയന്ത്രിക്കുക ലക്ഷ്യമിട്ട് സുപ്രധാന നിയമ നിര്‍മാണവുമായി യുഎസ് മുന്നോട്ട് പോവുന്നതിനിടെയാണ് പുതിയ സംഭവം. തോക്കു സുരക്ഷ സംബന്ധിച്ച ആദ്യത്തെ സുപ്രധാന ഫെഡറല്‍ ബില്ലില്‍ കഴിഞ്ഞ ആഴ്ച യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഒപ്പുവച്ചിരുന്നു. എന്നാല്‍ നടപടികള്‍ വേണ്ടത്ര പ്രാധാന്യത്തോടെ മുമ്പോട്ടു പോകുന്നില്ലെന്ന് വിമര്‍ശനവും നിലവിലുണ്ട്.