വേൾഡ് ട്രേഡ് സെന്റർ ആക്രമണം: വധശിക്ഷ ഒഴിവാക്കാൻ പ്രതികളുമായുള്ള ധാരണ റദ്ദാക്കി അമേരിക്കൻ പ്രതിരോധ സെക്രട്ടറി
അമേരിക്കയെ ഞെട്ടിച്ച വേൾഡ് ട്രേഡ് സെന്റർ ആക്രമണ കേസിൽ വധശിക്ഷ ഒഴിവാക്കാനുള്ള പ്രതികളുമായുള്ള ധാരണ റദ്ദാക്കി അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിൻ. വെള്ളിയാഴ്ച പുറപ്പെടുവിച്ച മെമോറാണ്ടത്തിലൂടെയാണ് പ്രതിരോധ സെക്രട്ടറിയുടെ നടപടി. ഗ്വാണ്ടനാമോ യുദ്ധക്കോടതിയിൽ നടക്കുന്ന 9/11 കേസിന്റെ വിചാരണയ്ക്ക് മേൽനോട്ടം വഹിക്കുന്ന പ്രതിരോധ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥ സൂസൻ എസ്‌കലിയറിന്റെ അധികാരങ്ങളും ലോയ്ഡ് ഓസ്റ്റിൻ അസാധുവാക്കി.
കേസിലെ മുഖ്യ ആസൂത്രകനായ ഖാലിദ് ഷെയ്ഖ് മുഹമ്മദ് (കെഎസ്എം), വാലിദ് മുഹമ്മദ് സാലിഹ് മുബാറക് ബിൻ അത്താഷ്, മുസ്തഫ അഹമ്മദ് ആദം അൽ ഹവ്സാവിയുമായി 2024 ജൂലൈ 31നായിരുന്നു സൂസൻ എസ്‌കലിയർ ധാരണാപത്രം ഒപ്പുവച്ചത്. കുറ്റസമ്മതം നടത്തിയാൽ ജീവപര്യന്തം ശിക്ഷ മാത്രമായി കേസ് തീർപ്പാക്കാം എന്നായിരുന്നു കരാർ. എന്നാൽ ഇങ്ങനെയൊരു കരാറിൽ ഏർപ്പെടാൻ സൂസന് അധികാരമില്ലെന്നും തീരുമാനമെടുക്കാനുള്ള ഉത്തരവാദിത്തം തനിക്കാണെന്നും ചൂണ്ടിക്കാട്ടിയാണ് ലോയ്ഡ് ഓസ്റ്റിൻ കരാർ റദ്ദാക്കിയത്. കരാർ റദ്ദാക്കിയതോടെ പ്രതികൾക്ക് വധശിക്ഷ നൽകാനുള്ള അവസരം കൂടിയാണ് ലോയ്ഡ് ഓസ്റ്റിൻ പുനഃസ്ഥാപിച്ചത്.
ന്യൂയോർക്കിലും അമേരിക്കൻ പ്രതിരോധ വകുപ്പിന്റെ ആസ്ഥാനമായ പെന്റഗണിലും പെൻസിൽവാനിയയിലുമായി 2001 സെപ്റ്റംബർ 11ന് നടന്ന ഭീകരാക്രമണത്തിൽ ഏകദേശം 2400 പേരായിരുന്നു കൊല്ലപ്പെട്ടത്
9/11 ആക്രമണത്തിലെ പല ഇരകളുടെയും കുടുംബങ്ങൾ കരാറിനെതിരെ രംഗത്തെത്തിയതാണ് ഏറ്റവും പുതിയ നടപടിക്ക് കാരണമായതെന്നും വിലയിരുത്തലുകളുണ്ട്. തങ്ങളുടെ പ്രിയപ്പെട്ടവരുടെ മരണത്തിന് കാരണമായവരെന്ന് ആരോപിക്കപ്പെടുന്നവർക്ക് വധശിക്ഷ ലഭിക്കാനുള്ള സാധ്യതയാണ് കരാറിലൂടെ ഇല്ലാതാക്കപ്പെടുന്നതെന്നും ബന്ധുക്കൾ പറയുന്നു. കൂടാതെ കരാറിന്റെ വാർത്ത പുറത്തുവന്നതോടെ അമേരിക്കൻ ജനതയെ ബൈഡൻ-ഹാരിസ് ഭരണകൂടം വഞ്ചിച്ചുവെന്ന് ആരോപിച്ച് റിപ്പബ്ലിക്കൻ നേതാക്കളും രംഗത്തുവന്നിരുന്നു. അവർക്കെല്ലാം ആശ്വാസം പകരുന്നതാണ് ഓസ്റ്റിന്റെ തീരുമാനം.
കേസിലെ പ്രതികളായവർ പതിറ്റാണ്ടുകളായി വിചാരണ കൂടാതെ ഗ്വാണ്ടനാമോയിലെ തടവിൽ കഴിയുകയാണ്. അമേരിക്കയിൽ നിരോധിക്കപ്പെട്ട 'വാട്ടർബോർഡിങ്' ഉൾപ്പെടെയുള്ള നിരവധി പീഡനമുറകൾ കുറ്റാരോപിതർ നേരിട്ടതായി പലതവണ റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. കേസിൽ അഞ്ച് പേരാണ് നിലവിൽ അമേരിക്കൻ ജയിലിൽ കഴിയുന്നത്. സിവിലിയന്മാരെ ആക്രമിക്കൽ, യുദ്ധനിയമങ്ങൾ ലംഘിച്ച് കൊലപാതകം, ഹൈജാക്കിംഗ്, തീവ്രവാദം എന്നിവ ഉൾപ്പെടെയുള്ള കുറ്റാരോപണങ്ങളാണ് കേസിൽ നിലവിലുള്ള അഞ്ച് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
വിമാനങ്ങൾ ഹൈജാക്ക് ചെയ്ത് കെട്ടിടങ്ങളിലേക്ക് ഇടിച്ചുകയറ്റുക എന്ന ആശയം അൽ-ഖ്വയ്ദ നേതാവ് ഒസാമ ബിൻ ലാദന് പറഞ്ഞുകൊടുത്തത് കെ എസ് എം ആണെന്നാണ് കരുതപ്പെടുന്നത്. 2003ൽ പാകിസ്താനിൽവച്ചാണ് ഇയാളെ പിടികൂടുന്നത്. ന്യൂയോർക്കിലും അമേരിക്കൻ പ്രതിരോധ വകുപ്പിന്റെ ആസ്ഥാനമായ പെന്റഗണിലും പെൻസിൽവാനിയയിലുമായി 2001 സെപ്റ്റംബർ 11ന് നടന്ന ഭീകരാക്രമണത്തിൽ ഏകദേശം 2400 പേരായിരുന്നു കൊല്ലപ്പെട്ടത്. 1941ലെ പേൾ ഹാർബർ ആക്രമണത്തിന് ശേഷം അമേരിക്കൻ മണ്ണിൽ നടന്ന ഏറ്റവും വലിയ ആക്രമണമായിരുന്നു ഇത്.