കമല ഹാരിസിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി പലസ്തീന്‍ അനുകൂല സംഘടനകള്‍; ആശങ്കയിൽ ഡെമോക്രാറ്റ് ക്യാമ്പ്
അമേരിക്കൻ വൈസ് പ്രസിഡന്റും ഡെമോക്രാറ്റ് സ്ഥാനാർഥിയുമായ കമല ഹാരിസിനെതിരെ പലസ്തീൻ അനുകൂല ഗ്രൂപ്പുകൾ. ഗാസയിലെ അതിക്രമങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിലും കമല ഹാരിസിന്റെ ഇസ്രയേൽ അനുകൂല നിലപാടാണ് വിരോധത്തിന് ഇടയാക്കുന്നത്. സെപ്റ്റംബർ പത്തിന് ഫിലാഡൽഫിയയിൽ നടക്കാനിരിക്കുന്ന ഡോണൾഡ് ട്രംപുമായുള്ള സംവാദത്തിലും കോളേജ് ക്യാമ്പസുകളിലെ പരിപാടികളിലും പ്രതിഷേധമുയർത്താനാണ് അറബ്-മുസ്ലിം വിഭാഗങ്ങളും സഖ്യകക്ഷികളും പദ്ധതിയിടുന്നത്.
പലസ്തീന് വേണ്ടി നിലകൊള്ളുന്ന സംഘടനകളോട് കമല ഹാരിസ് മുഖം തിരിക്കുന്നുവെന്നാണ് പ്രധാന ആക്ഷേപം. ഇതിന്റെ ഭാഗമായി ഷിക്കാഗോയിലെ ഡെമോക്രാറ്റിക് കൺവൻഷനിൽ പ്രതിഷേധം ഉയർന്നെങ്കിലും പലസ്തീൻ അനുകൂലികളെ പുറത്താക്കാക്കുകയായിരുന്നു. തുടർന്നാണ് പ്രചാരണ പരിപാടികൾ, സർവകലാശാലകൾ. പൊതുപരിപാടികൾ എന്നിവിടങ്ങളിലെല്ലാം കമല ഹാരിസിനെതിരെ പ്രതിഷേധം നടത്താൻ പലസ്‌തീൻ അനുകൂല സംഘടനകൾ തീരുമാനിച്ചിരിക്കുന്നത്.
നവംബറിൽ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പ്രസിഡൻ്റ് ജോ ബൈഡന് പകരം കമല ഹാരിസ് സ്ഥാനാർഥിയായെങ്കിലും ഇസ്രയേൽ അനുകൂല സമീപനത്തിൽ മാറ്റങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇസ്രയേലിന് ആയുധങ്ങൾ നൽകുന്നതിൽനിന്ന് അമേരിക്ക പിന്മാറണമെന്ന പലസ്‌തീൻ അനുകൂല ഗ്രൂപ്പുകളുടെ പ്രധാന ആവശ്യം കമല നിരാകരിച്ചിരുന്നു. അടുത്തിടെ സിഎൻഎന്നിന് നൽകിയ അഭിമുഖത്തിൽ ഉൾപ്പെടെ ഇസ്രയേലിന് നൽകുന്ന ആയുധസഹായം പരിമിതപ്പെടുത്തില്ലെന്ന് കമല ഹാരിസ് പറഞ്ഞിരുന്നു.
അമേരിക്കയിലെ സർവകലാശാലകൾ വീണ്ടും പ്രവർത്തനം ആരംഭിക്കുന്നതോടെ ഇസ്രയേൽ വിരുദ്ധ പ്രതിഷേധങ്ങൾ വീണ്ടും കടുക്കാനാണ് സാധ്യത. ഡെമോക്രറ്റുകൾക്ക് വിജയിക്കണമെങ്കിൽ ആവശ്യമായ മിഷിഗൺ, പെൻസിൽവാനിയ തുടങ്ങിയ സ്വിങ് സ്റ്റേറ്റുകളിൽ ഇത്തരം പ്രതിഷേധം ഉയരുന്നത് കമല ഹാരിസിന്റെ പ്രചാരണ ക്യാമ്പുകൾ ഭയത്തോടെയാണ് നോക്കികാണുന്നത്. അതിനെ മറികടക്കാൻ വേണ്ടി കമല ഹാരിസിന്റെ പ്രചാരണ ക്യാമ്പ്, പലസ്‌തീൻ അനുകൂല വിഭാഗങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
പുതിയ സർവേകൾ പ്രകാരം, ദേശീയതലത്തിൽ കമല ഹാരിസ് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിനേക്കാൾ മുന്നിലാണ്. എങ്കിലും 2024ലെ വിജയിയെ തീരുമാനിക്കുന്ന സ്വിങ് സ്റ്റേറ്റുകളിൽ ചിലയിടത്ത് കമല പിന്നിലാണ്. മുസ്ലിം വോട്ടർമാർ അമേരിക്കൻ ജനസംഖ്യയുടെ ഏകദേശം ഒരു ശതമാനം മാത്രമേ ഉള്ളുവെങ്കിലും അവ കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നത് സ്വിങ് സ്റ്റേറ്റുകളിലാണ്. ജോർജിയ, പെൻസിൽവാനിയ തുടങ്ങിയ സംസ്ഥാനങ്ങളിൽ ജോ ബൈഡന്റെ വിജയത്തിന് കാരണമായ വോട്ടുകൾ ഇക്കുറി ലഭിച്ചില്ലെങ്കിൽ കമല ഹാരിസിന്റെ വൈറ്റ് ഹൗസിലേക്കുള്ള യാത്ര ബുദ്ധിമുട്ടേറിയതാകും.