ഹൈലന്റ് പാര്‍ക്ക് മാതൃകയില്‍ കൂടുതല്‍ ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടിരുന്നു; കുറ്റം സമ്മതിച്ച് റോബര്‍ട്ട് ക്രിമോ
ഹൈലന്റ് പാര്‍ക്ക് വെടിവെയ്പ്പ് മാതൃകയില്‍, യുഎസില്‍ കൂടുതല്‍ ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടിരുന്നുവെന്ന് പ്രതി റോബര്‍ട്ട് ക്രിമോ. സ്വാതന്ത്ര്യദിന റാലിക്കുനേരെയുള്ള വെടിവെയ്പ്പിന് പിന്നാലെ, വിസ്‌കോണ്‍സിനിലും സമാന രീതിയില്‍ ആക്രമണം നടത്താനായിരുന്നു പദ്ധതിയെന്നും ക്രിമോ മൊഴി നല്‍കി. അതേസമയം, കൃത്യമായ ആസൂത്രണം ഇല്ലാതിരുന്നതിനാലാണ് തുടര്‍ ആക്രമണങ്ങള്‍ നടത്താന്‍ സാധിക്കാതിരുന്നതെന്നാണ് പോലീസിന്‍റെ നിഗമനം.
ഷിക്കാഗോയിലെ ഹൈലന്‍റ് പാര്‍ക്കിലെ വെടിവയ്പ്പിനു ശേഷം, മണിക്കൂറിനുള്ളില്‍ മാഡിസണിലെ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍, കൂടുതലാളുകള്‍ക്കു നേരെ വെടിയുതിര്‍ക്കാന്‍ ക്രിമോ ആലോചിച്ചിരുന്നുവെന്നാണ് ലേക്ക് കൗണ്ടി ക്രൈം ടാസ്‌ക് ഫോഴ്‌സ് വക്താവ് ക്രിസ്റ്റഫര്‍ കോവെല്ലി പറഞ്ഞു. എന്നാല്‍ കൃത്യമായി ആസൂത്രണം ചെയ്യാത്തതിനാല്‍, ആക്രമണം നടപ്പാക്കാന്‍ സാധിച്ചില്ലെന്നാണ് പോലീസ് നിഗമനം.
ജൂലൈ നാലിനായിരുന്നു ഹൈലന്‍റ് പാര്‍ക്കില്‍ വെടിവെയ്പ്പുണ്ടായത്. യുഎസിന്‍റെ 246ാം സ്വാതന്ത്ര്യദിന പരേഡ് നടന്നുകൊണ്ടിരിക്കെ, ക്രിമോ സമീപത്തെ കെട്ടിടത്തിനു മുകളില്‍ നിന്ന് വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ ഏഴുപേര്‍ മരിക്കുകയും ഒട്ടനവധിപേര്‍ക്ക് മാരകമായി പരിക്കേല്‍ക്കുകയും ചെയ്തു. പ്രതിയുടെ കൈയിലുണ്ടായിരുന്ന സെമി ഓട്ടോമാറ്റിക്ക് റൈഫിളില്‍ നിന്ന് 80 റൗണ്ടിലധികം തവണ വെടിയുതിര്‍ത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
നിലവില്‍ ഏഴു പേരുടെ കൊലപാതകത്തിനാണ് ക്രിമോയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ കുറ്റം ചുമത്തുമെന്ന് അധികൃതര്‍ അറിയിച്ചു. കൊലപാതക കുറ്റത്തിനു ശിക്ഷിക്കപ്പെട്ടാല്‍ ക്രിമോയ്ക്ക് പരോളില്ലാതെ ജീവപര്യന്തം തടവ് അനുഭവിക്കേണ്ടി വരും.
2020ലും 2021ലും ഇയാള്‍ അഞ്ച് തോക്കുകള്‍ വാങ്ങിയിരുന്നു. അത് എന്തിനായിരുന്നെന്നും കൂട്ടക്കൊലയ്ക്കുള്ള പ്രേരണ എന്താണെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ഇല്ലിനോയിസ് നിവാസികള്‍ക്ക് തോക്ക് കൈവശംവെക്കാന്‍ അധികാരം നല്‍കുന്ന കാര്‍ഡിന് അപേക്ഷിക്കാന്‍, ക്രിമോയുടെ പിതാവ് 2019ല്‍ തന്നെ ഒപ്പിട്ടു നല്‍കിയിരുന്നു.
മാത്രമല്ല, 2019 ഏപ്രിലില്‍ ക്രിമോ ആത്മഹത്യയ്ക്കു ശ്രമിച്ചെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് പൊലീസ് ഇയാളുടെ കുടുംബവുമായി ബന്ധപ്പെട്ടിരുന്നു. അതേ വര്‍ഷം സെപ്റ്റംബറില്‍, വീട്ടുകാരെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി എന്ന പരാതിയിലും പോലീസ് അന്വഷണം നടത്തിയിരുന്നു. വീട്ടില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തിരുന്നെങ്കിലും വധശ്രമത്തിന് കേസെടുത്തിരുന്നില്ല.
കഴിഞ്ഞ രണ്ടു മാസത്തിനിടെ മൂന്നു തവണയുണ്ടായ വെടിവെയ്പ്പില്‍ കുട്ടികളുള്‍പ്പടെ 29 പേരാണ് അമേരിക്കയില്‍ കൊല്ലപ്പെട്ടത്
കഴിഞ്ഞ രണ്ടു മാസത്തിനിടെ മൂന്നു തവണയുണ്ടായ വെടിവെയ്പ്പില്‍ കുട്ടികളുള്‍പ്പടെ 29 പേരാണ് യുഎസില്‍ കൊല്ലപ്പെട്ടത്. തോക്കുപയോഗം നിയന്ത്രിക്കാന്‍ നിയമം പാസാക്കിയെങ്കിലും കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടില്ല. കഴിഞ്ഞ വര്‍ഷവും ജൂലൈ ആദ്യവാരം ഷിക്കാഗോയില്‍ വെടിവെയ്പ്പില്‍ പതിനേഴോളം പേര്‍ കൊല്ലപ്പെട്ടിരുന്നു. ഭരണസംവിധാനങ്ങളുടെ പിടിപ്പുകേടും ശക്തമായ തോക്ക് നിയമങ്ങള്‍ ഇല്ലാത്തതുമാണ് ഹൈലന്‍റ് വെടിവെയ്പ്പിന് കാരണമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.