യുഎസ് വിസയ്ക്കായി ഇനി അധികം കാത്തിരിക്കേണ്ട; നിയമങ്ങള്‍ പരിഷ്‌കരിച്ച് അമേരിക്കന്‍ എംബസി
ജോലിക്കും മറ്റ് പല ആവശ്യങ്ങള്‍ക്കുമായി ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് പോകുന്നവര്‍ നിരവധിയാണ്. എന്നാല്‍ ഇപ്പോഴത്തെ നിയമങ്ങളനുസരിച്ച് യുഎസ് വിസയ്ക്കായി ഇന്ത്യക്കാര്‍ക്ക് കാത്തിരിക്കേണ്ടി വരുന്നത് 500 ദിവസത്തിലധികമാണ്. ഈ സാഹചര്യത്തില്‍ അമേരിക്ക സ്വപ്‌നം കാണുന്നവര്‍ക്ക് പ്രതീക്ഷയേകി കൊണ്ട് വിസ നിയമങ്ങള്‍ പരിഷ്‌കരിച്ചിരിക്കുകയാണ് അമേരിക്കന്‍ എംബസി. വിദേശത്തേക്ക് പോകുന്ന ഇന്ത്യക്കാർക്ക് യുഎസ് എംബസിയില്‍ നിന്നോ അമേരിക്കൻ കോൺസുലേറ്റില്‍ നിന്നോ വിസ അപ്പോയിന്റ്മെന്റ് ലഭിക്കുമെന്നാണ് യുഎസ് എംബസി അറിയിച്ചിരിക്കുന്നത്. തായ്‌ലൻഡിലേതിന് സമാനമായി ബി 1, ബി 2 വിസകൾ, അതായത് യാത്ര, ബിസിനസ് ആവശ്യങ്ങള്‍ക്കുള്ള വിസ ഇനിമുതല്‍ ഇത്തരത്തില്‍ ലഭിക്കുമെന്നും എംബസി വ്യക്തമാക്കി.
"നിങ്ങൾ വിദേശയാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? എങ്കില്‍ നിങ്ങളുടെ ലക്ഷ്യസ്ഥാനത്തുള്ള യുഎസ് എംബസിയിലോ കോൺസുലേറ്റിലോ നിങ്ങൾക്ക് വിസ അപ്പോയിന്റ്മെന്റ് നേടാനാകും. ഉദാഹരണത്തിന് തായ്‌ലൻഡിലുള്ള ഇന്ത്യക്കാർക്കായി ബി 1, ബി 2 വിസകളുടെ അപ്പോയിന്റ്മെന്റ് ലഭിക്കും," യുഎസ് എംബസി ട്വീറ്റ് ചെയ്തു.
നേരത്തേ യുഎസ് വിസയുള്ള അപേക്ഷകർക്കായി അഭിമുഖം ഒഴിവാക്കാനുള്ള നടപടികളും പ്രാവർത്തികമാക്കിയിട്ടുണ്ട്
വിസ പ്രോസസ്സ് ചെയ്യുന്നതിലെ കാലതാമസം കുറയ്ക്കുന്നതിനായി ആദ്യം അപേക്ഷിക്കുന്നവർക്കായി പ്രത്യേക അഭിമുഖങ്ങൾ, കോൺസുലാർ സ്റ്റാഫിന്റെ എണ്ണം വർധിപ്പിക്കുക തുടങ്ങിയ പുതിയ സംരംഭങ്ങൾ യുഎസ് അടുത്തിടെ ആരംഭിച്ചിട്ടുണ്ട്. വിസ അപേക്ഷകള്‍ കെട്ടിക്കിടക്കുന്നത് കുറയ്ക്കുന്നതിനായി, ഡൽഹിയിലെ യുഎസ് എംബസിയും മുംബൈ, ചെന്നൈ, കൊൽക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളിലെ കോൺസുലേറ്റുകളും ജനുവരി 21 ന് പ്രത്യേക അഭിമുഖങ്ങളും നടത്തി. നേരത്തേ യുഎസ് വിസയുള്ള അപേക്ഷകർക്കായി അഭിമുഖം ഒഴിവാക്കാനുള്ള നടപടികളും നടപ്പിലാക്കിയിട്ടുണ്ട്.
രണ്ടാഴ്ച മുൻപാണ് ഇന്ത്യയിലെ യു എസ് മിഷൻ രണ്ടര ലക്ഷം അധിക ബി1/ബി2 വിസ അപ്പോയിന്റ്മെന്റുകള്‍ അനുവദിച്ചത്. കോൺസുലർ ഓഫീസർമാരുടെ ഒരു സംഘത്തെ രാജ്യത്തേക്ക് അയയ്ക്കുന്നതും കൂടുതല്‍ വിദേശ എംബസികൾ തുറക്കുന്നതുമുൾപ്പെടെ, ഇന്ത്യയിലെ വിസയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് ഇല്ലാതാക്കാനുള്ള നടപടികള്‍ യുഎസ് കൈക്കൊള്ളുകയാണെന്ന് മുതിർന്ന വിസ ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
കൊറോണ കാലത്തെ യാത്രാ നിയന്ത്രണങ്ങൾ നീക്കിയതിന് ശേഷം യുഎസ് വിസയ്ക്കുള്ള അപേക്ഷകളിൽ വലിയ ഉയർച്ചയാണ് ഇന്ത്യയിലുണ്ടായത്. ആദ്യമായി വിസയ്ക്ക് അപേക്ഷിക്കുന്നവർക്ക്, പ്രത്യേകിച്ച് ബി1 (ബിസിനസ്), ബി2 (ടൂറിസ്റ്റ്) വിഭാഗങ്ങൾക്ക് കീഴിൽ അപേക്ഷിക്കുന്നവർക്ക് ദീർഘകാലം കാത്തിരിക്കേണ്ടി വരുന്നത് ആശങ്കയുയർത്തിയിരുന്നു. കഴിഞ്ഞ ഒക്ടോബറിലെ കണക്കുകളനുസരിച്ച് ഇന്ത്യയിൽ ആദ്യമായി ബി1/ബി2 വിസയ്ക്ക് അപേക്ഷിക്കുന്നവരുടെ കാത്തിരിപ്പ് കാലാവധി മൂന്ന് വർഷത്തിനടുത്തായിരുന്നു.