'ബൈഡന്റെ പിന്മാറ്റം അട്ടിമറി, കമല ഹാരിസ് വിജയിച്ചാല്‍ രാജ്യം ഇല്ലാതാകും'; ഭരണകൂടത്തെ വിമര്‍ശിച്ച് ട്രംപ്- മസ്‌ക് അഭിമുഖം

'ബൈഡന്റെ പിന്മാറ്റം അട്ടിമറി, കമല ഹാരിസ് വിജയിച്ചാല്‍ രാജ്യം ഇല്ലാതാകും'; ഭരണകൂടത്തെ വിമര്‍ശിച്ച് ട്രംപ്- മസ്‌ക് അഭിമുഖം

ഇന്ത്യന്‍ സമയം രാവിലെ 5.30ന് ആരംഭിക്കാനിരുന്ന അഭിമുഖം ഡിഡിഒഎസ് സൈബര്‍ ആക്രമണത്തെത്തുടര്‍ന്ന് 40 മിനിറ്റ് വൈകിയാണ് തുടങ്ങിയത്
Updated on
2 min read

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍നിന്ന് ജോ ബൈഡന്‍ പിന്മാറിയത് 'അട്ടിമറി' ആണെന്ന് ഡോണള്‍ഡ് ട്രംപ്. കമല ഹാരിസ് വിജയിച്ചാല്‍ രാജ്യം നശിക്കുമെന്നും നവംബറില്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്‌റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി എക്‌സ് ഉടമ എലോണ്‍ മസ്‌കുമായി സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക്കില്‍ നടത്തിയ അഭിമുഖത്തില്‍ ട്രംപ് ആരോപിച്ചു. ഇന്ത്യന്‍ സമയം രാവിലെ 5.30ന് ആരംഭിക്കാനിരുന്ന അഭിമുഖം ഡിഡിഒഎസ് സൈബര്‍ ആക്രമണത്തെത്തുടര്‍ന്ന് 40 മിനിറ്റ് വൈകിയാണ് തുടങ്ങിയത്.

അമേരിക്കന്‍ സമ്പദ് വ്യവസ്ഥയുടെ കാര്യം സൂചിപ്പിച്ച് ജോ ബൈഡനെയും ട്രംപ് രൂക്ഷമായി വിമര്‍ശിച്ചു. പണപ്പെരുപ്പം വർധിച്ച് സമ്പദ് വ്യവസ്ഥ ദുരന്തമായിക്കൊണ്ടിരിക്കുകയാണ്. നാല് വര്‍ഷം മുന്‍പ് ജനങ്ങള്‍ ധാരാളം പണം സമ്പാദിച്ചിരുന്നു. ഇന്ന് അവര്‍ മുഴുവന്‍ പണവും വിനിയോഗിക്കുകയും ജീവിക്കാന്‍ വേണ്ടി കടം വാങ്ങുകയും ചെയ്യുന്നു. താന്‍ ഇപ്പോഴും അമേരിക്കന്‍ പ്രസിഡന്‌റായിരുന്നെങ്കില്‍ റഷ്യ യുക്രെയ്നെ ആക്രമിക്കില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

റഷ്യ, ചൈന, ഉത്തര കൊറിയ തലവന്‍മാരെ പ്രശംസിച്ച ട്രംപ് അവര്‍ തങ്ങളുടെ പ്രവർത്തനപദ്ധതിയുടെ ഉന്നത നിലയിലാണെന്നു ചൂണ്ടിക്കാട്ടി. അവരെ നേരിടാന്‍ അമേരിക്കയ്ക്ക് ശക്തനായ പ്രസിഡന്‌റിനെ ആവശ്യമാണെന്നും ട്രംപ് പറഞ്ഞു.

രണ്ടു മണിക്കൂറിലേറെ നീണ്ട സംഭാഷണത്തിൽ, കഴിഞ്ഞ മാസം ട്രംപിനു നേരെയുണ്ടായ വധശ്രമത്തെക്കുറിച്ചും ഇരുവരും സംസാരിക്കുന്നുണ്ട്. യുഎസ് പ്രസിഡന്‌റ് ജോ ബൈഡനെയും അദ്ദേഹത്തിന്‌റെ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമല ഹാരിസിനെയും ട്രംപ് വിമര്‍ശിക്കുന്നു. 2024-ലെ യുഎസ് തിരഞ്ഞെടുപ്പില്‍ തന്നെ അംഗീകരിച്ചതിന് ഇലോണ്‍ മസ്‌കിനെ ട്രംപ് പ്രശ്‌സിച്ചു.''നിങ്ങളുടെ അംഗീകാരം എനിക്ക് ഒരുപാട് വലുതാണ്,''ട്രംപ് മസ്‌കിനോട് പറഞ്ഞു. രാജ്യത്തിന്‌റെ നന്മയ്ക്കായി ട്രംപ് വിജയിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് മസ്‌കും പറഞ്ഞു.

'ബൈഡന്റെ പിന്മാറ്റം അട്ടിമറി, കമല ഹാരിസ് വിജയിച്ചാല്‍ രാജ്യം ഇല്ലാതാകും'; ഭരണകൂടത്തെ വിമര്‍ശിച്ച് ട്രംപ്- മസ്‌ക് അഭിമുഖം
യുദ്ധഭീതിയില്‍ പശ്ചിമേഷ്യ; ഇസ്രയേലിനുനേരെ ഇറാന്‍ ആക്രമണം ഈ ആഴ്ചയെന്ന് യുഎസ്, പടയൊരുക്കം ശക്തമാക്കി

''അമേരിക്കന്‍ സ്വപ്‌നങ്ങള്‍ തിരികെ കൊണ്ടുവരാന്‍ ജനങ്ങള്‍ മറ്റെന്തിനേക്കാളും ആഗ്രഹിക്കുന്നു. ഇപ്പോള്‍ രാജ്യത്ത് അതില്ല, കാരണം രാജ്യം ഭരിക്കുന്നത് കഴിവില്ലാത്തവരാണ്, രാജ്യത്തിനിപ്പോൾ ഒരു പ്രസിഡന്‌റില്ല. കമല ഇതിലും മോശമാണ്. അവര്‍ സാന്‍ഫ്രാന്‍സിസ്‌കോ ലിബറല്‍ ആണ്. ആ നഗരവും കാലിഫോര്‍ണിയയും അവര്‍ നശിപ്പിച്ചു. അവര്‍ തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ നമ്മുടെ രാജ്യവും നശിക്കും,'' ട്രംപ് പറഞ്ഞു.

ഇസ്രയേലിന്‌റെ കൈവശമുള്ള അയണ്‍ ഡോം നിര്‍മിക്കാന്‍ പോകുകയാണെന്നു ട്രംപ് പറഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച അയണ്‍ ഡോമാണ് നമുക്ക് ലഭിക്കാന്‍ പോകുന്നത്. ഗാസയില്‍നിന്ന് ഹമാസ് തൊടുത്തുവിട്ട റോക്കറ്റുകളില്‍നിന്ന് രാജ്യത്തെ സംരക്ഷിക്കാന്‍ അയണ്‍ ഡോം മിസൈല്‍ പ്രതിരോധ സംവിധാനം സഹായിച്ചിട്ടുണ്ടെന്ന് ഇസ്രയേല്‍ സമ്മതിക്കുന്നുണ്ട്. നമുക്കും ആ സംരക്ഷണം ലഭിക്കണമെന്നും ട്രംപ് പറയുന്നു.

താന്‍ പ്രസിഡന്‌റായിരുന്നപ്പോള്‍ ഇറാന് പ്രശ്‌നമൊന്നുമില്ലായിരുന്നു. ഇറാന്‍ തകര്‍ന്ന അവസ്ഥയിലായിരുന്നു. ഭീകരതയ്ക്കായി അവരുടെ കൈയില്‍ പണമില്ലായിരുന്നു.

അനധികൃത കുടിയേറ്റത്തെക്കുറിച്ചും ട്രംപ് മസ്‌കിനോട് സംസാരിച്ചു. അനധികൃത കുടിയേറ്റക്കാരെ യുഎസിലേക്ക് പ്രവശിക്കാന്‍ അനുവദിച്ചതിന് ബൈഡന്‍ ഭരണകൂടത്തെ ട്രംപ് രൂക്ഷമായി വിമര്‍ശിച്ചു. വികലമായ ഒരു സര്‍ക്കാരാണ് നമ്മുടേത്. ദശലക്ഷക്കണിക്കിനു പേരാണ് ഒരു മാസത്തില്‍തന്നെ വരുന്നത്. എന്തെങ്കിലും ചെയ്യാന്‍ ശ്രമിക്കുന്നതായി കമല കാണിക്കുകയാണ് ചെയ്യുന്നത്. അവര്‍ക്ക് മൂന്നര വര്‍ഷം ഉണ്ടായിരുന്നു. ഇനി അഞ്ച് മാസം കൂടിയുണ്ട്. എന്നാല്‍ അവര്‍ ഒന്നും ചെയ്യില്ലെന്നും ട്രംപ് വിമര്‍ശിക്കുന്നു.

കമല ഹാരിസ് നമ്മുടെ കമ്മ്യൂണിറ്റിയിലേക്ക് സ്വാഗതം ചെയ്ത അനധികൃതരുടെ എണ്ണം നമ്മള്‍ വിചാരിക്കുന്നതിലും വലുതാണ്. രാജ്യങ്ങള്‍ അവരുടെ ജയിലുകള്‍ ശൂന്യമാക്കി അവരെ നമ്മുടെ രാജ്യത്തിലേക്ക് അയയ്ക്കുന്നു. അവര്‍ കുറ്റകൃത്യങ്ങളും അ്ക്രമങ്ങളും തങ്ങളുടെ രാജ്യത്തേക്കു കൊണ്ടുവരുന്നെന്നും ട്രംപ് ആരോപിക്കുന്നു. പ്രസിഡന്‍ഷ്യയില്‍ ചര്‍ച്ചയില്‍ ബൈഡന്‍ ദയനീയമായി പരാജയപ്പെട്ടു. ബൈഡന്‌റെ പിന്‍മാറ്റം ഡെമോക്രാറ്റുകളുടെ അട്ടിമറി ആണെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.

ട്രംപിനു നേരേ നടന്ന വധശ്രമത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ 'സന്തോഷകരമല്ല' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ''അതൊരു ബുള്ളറ്റ് ആണെന്ന് എനിക്ക് പെട്ടെന്ന് മനസിലായി. അത് ചെവിയിലേക്കാണെന്നും മനസിലായി. ദൈവത്തില്‍ വിശ്വസിക്കാത്തവര്‍ എല്ലാവരും അതിനെക്കുറിച്ച് ചിന്തിച്ചുപോകുമെന്ന് ഞാന്‍ കരുതുന്നു. ഞാന്‍ ഇപ്പോള്‍ കൂടുതല്‍ വിശ്വാസിയാണ്,''ട്രംപ് പറഞ്ഞു.

logo
The Fourth
www.thefourthnews.in