ഒരു നൂറ്റാണ്ടിന് ശേഷം വീണ്ടും; പ്രതിസന്ധിയിലായി യു എസ് സ്‌പീക്കർ തിരഞ്ഞെടുപ്പ്
ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഒരുപോലെ നിർണായകമായ ഇടക്കാല തിരഞ്ഞെടുപ്പ് അവസാനിച്ചിട്ടും അമേരിക്കയിൽ പ്രതിസന്ധി ഒഴിയാതെ തുടരുകയാണ്. റിപ്പബ്ലിക്കൻ തരംഗം പ്രതീക്ഷിച്ചിരുന്ന തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത മുന്നേറ്റമായിരുന്നു ഡെമോക്രാറ്റ് പാർട്ടി നടത്തിയത്. ജനപ്രതിനിധി സഭയിൽ ഭൂരിപക്ഷം നേടാനായെങ്കിലും സെനറ്റിൽ റിപ്പബ്ലിക്കൻ പാർട്ടി അടിയറവ് പറഞ്ഞു. അതിന്റെ അനുരണനങ്ങളാണ് നിലവിൽ ജനപ്രതിനിധി സഭയിൽ നടന്നു കൊണ്ടിരിക്കുന്നത്. സഭാ സ്‌പീക്കറെ തിരഞ്ഞെടുക്കാൻ കഴിയാതെ മൂന്ന് ദിവസമായി അനിശ്ചിതത്വത്തിലാണ് യുഎസ് കോൺഗ്രസ്.1856ന് ശേഷം ആദ്യമായാണ് യുഎസ് കോൺഗ്രസിലെ സ്പീക്കർ തിരഞ്ഞെടുപ്പ് ഒൻപതിലധികം ബാലറ്റ് റൗണ്ടുകൾ കടക്കുന്നത്.
ചേംബറിലെ അധികാര വികേന്ദ്രീകരണത്തിന് പ്രതികൂലമായ മക്കാർത്തിയുടെ നിലപാടാണ് സ്വന്തം പാർട്ടിയിൽ നിന്ന് തന്നെ എതിർപ്പിന് കാരണമാകുന്നത്
ചൊവ്വാഴ്ചയാണ് ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷം ജനപ്രതിനിധി സഭ ചേർന്നത്. നടപടിക്രമങ്ങൾ അനുസരിച്ച് സഭ ചേരുന്ന ആദ്യ ദിനം തന്നെ സ്‌പീക്കർ തിരഞ്ഞെടുപ്പ് നടക്കും. ഇരു പാർട്ടികളും സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുമെങ്കിലും ഭൂരിപക്ഷമുള്ള പാർട്ടിയുടെ നേതാവാകും സാധാരണയായി സ്‌പീക്കറാകുക. അതനുസരിച്ച് റിപ്പബ്ലിക്കൻ പാർട്ടി നേതാവ് കെവിൻ മക്കാർത്തിയായിരുന്നു തിരഞ്ഞെടുക്കപ്പെടേണ്ടത്. എന്നാൽ സ്വന്തം പാർട്ടിയിലെ ഒരു പക്ഷം തന്നെ എതിര് നിന്നതോടെ തിരഞ്ഞെടുപ്പ് 11 റൗണ്ടുകൾ പിന്നിട്ടിരിക്കുകയാണ്.
വ്യാഴാഴ്ച സഭ നിർത്തിവെയ്ക്കുന്നതിന് മുൻപ് നടന്ന അവസാന ബാലറ്റിൽ മക്കാർത്തി 200 വോട്ടുകളാണ് നേടിയത്. 435 അംഗ സഭയിൽ കേവല ഭൂരിപക്ഷമായ 218 വോട്ടുകൾ നേടാൻ കെവിൻ മക്കാർത്തിക്ക് സാധിച്ചിട്ടില്ല. 222 റിപ്പബ്ലിക്കൻ അംഗങ്ങൾ മാത്രമാണ് സഭയിലുള്ളത് അതുകൊണ്ട് തന്നെ ഓരോ വോട്ടും മക്കാർത്തിയെ സംബന്ധിച്ചിടത്തോളം അതിനിർണായകമാണ്. നാലാം ദിനത്തിലെങ്കിലും ഭൂരിപക്ഷം നേടി വിജയിക്കാനാകുമോ അതോ ഇനിയും ദിവസങ്ങൾ കാത്തിരിക്കേണ്ടി വരുമോ എന്നത് ചോദ്യ ചിഹ്നമായി തന്നെ തുടരുകയാണ്.
സ്‌പീക്കർ തിരഞ്ഞെടുപ്പ് നീണ്ടുപോയ മറ്റ് വർഷങ്ങൾ
ഹൗസിന്റെ 234 വർഷത്തെ ചരിത്രത്തിൽ, 14 തവണ മാത്രമാണ് ഒന്നിലധികം റൗണ്ടുകളിലേക്ക് സ്‌പീക്കർ തിരഞ്ഞെടുപ്പ് കടക്കുന്നത്. അതിൽ 12ഉം 1856ന് മുൻപാണ് സംഭവിച്ചത്. 1856ൽ ഉണ്ടായ പ്രതിസന്ധി രണ്ട് മാസക്കാലം നീണ്ടു നിന്നു. നഥാനിയൽ ബാങ്ക്സിനെ സ്‌പീക്കറായി തിരഞ്ഞെടുക്കാൻ 133 തവണയാണ് അന്ന് വോട്ടെടുപ്പ് നടത്തിയത്. അതിനു ശേഷം 1923ലാണ് സമാന സംഭവം ഉണ്ടാകുന്നത്. റിപബ്ലിക്കൻ പാർട്ടി നേതാവായ ഫ്രെഡറിക് ഗില്ലറ്റിനെ അന്ന് തിരഞ്ഞെടുത്തത് ഒൻപത് തവണ വോട്ടെടുപ്പ് നടത്തിയ ശേഷമാണ്. ആദ്യ റൗണ്ടിൽ 197 വോട്ടുകൾ മാത്രമായിരുന്നു ഗില്ലറ്റിന് ലഭിച്ചത്. ഡെമോക്രാറ്റ് സ്ഥാനാർഥി ഫിനിസ് ജെ. ഗാരറ്റിന് 195 വോട്ടുകളും മറ്റ് രണ്ട് റിപ്പബ്ലിക്കൻമാർക്ക് 23 വോട്ടുകളും ലഭിച്ചു 'പുരോഗമനവാദികൾ' എന്ന് സ്വയം വിശേഷിപ്പിച്ച അദ്ദേഹത്തിന്റെ തന്നെ പാർട്ടി അംഗങ്ങളുടെ കൂട്ടമായിരുന്നു ഗില്ലറ്റിന്റെ എതിരായി നിന്നത്. ഏറ്റവുമൊടുവിൽ ദിവസങ്ങൾ നീണ്ട ചർച്ചകൾക്ക് ശേഷം എതിർ പക്ഷത്തെ ചിലരെ അനുനയിപ്പിച്ച് ഗില്ലറ്റ് തന്നെ വിജയിക്കുകയായിരുന്നു.
എന്താണ് ഇനിയുള്ള മാർഗം?
സ്‌പീക്കറെ തിരഞ്ഞെടുക്കാതെ ജനപ്രതിനിധി സഭയ്ക്ക് മുൻപോട്ട് പോകാൻ സാധിക്കില്ല. വൈസ് പ്രസിഡന്റ് പദവിക്ക് തൊട്ട് പിന്നിലുള്ള സ്ഥാനമാണത്. സ്‌പീക്കർക്കാണ് സഭയിൽ അജണ്ട നിശ്ചയിക്കാനുള്ള അധികാരം. സ്‌പീക്കറിന്റെ അഭാവത്തിൽ നിയമനിർമാണങ്ങളും സാധ്യമല്ല. അതിനു പുറമെ അംഗങ്ങളുടെ സത്യപ്രതിജ്ഞ, കമ്മിറ്റികളുടെ രൂപീകരണം, ബില്ലുകൾ പാസാക്കൽ എന്നിവ ഉൾപ്പെടെയുള്ള ചുമതലയും സ്‌പീക്കർക്കാണ്.
ചേംബറിലെ അധികാര വികേന്ദ്രീകരണത്തിന് പ്രതികൂലമായ മക്കാർത്തിയുടെ നിലപാടാണ് സ്വന്തം പാർട്ടിയിൽ നിന്ന് തന്നെ എതിർപ്പിന് കാരണമാകുന്നതെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്. സഭയിൽ സ്‌പീക്കറെ ആശ്രയിക്കുന്നതിന് പകരം കൂടുതൽ നിയന്ത്രണം കമ്മിറ്റി അധ്യക്ഷൻമാർക്ക് നൽകണമെന്നാണ് മക്കാർത്തിയുടെ എതിർപക്ഷത്തുള്ളവരുടെ ആവശ്യം. സ്‌പീക്കറെ മാറ്റാനുള്ള പ്രമേയം അവതരിപ്പിക്കാൻ ആവശ്യമായ നിയമ മാറ്റങ്ങളും ഇക്കൂട്ടർ ആവശ്യപ്പെടുന്നുണ്ട്. തന്റെ പദവിക്ക് ദോഷം ചെയുന്നതിനാല്‍ തന്നെ ഇത്തരം ആവശ്യങ്ങളോട് മക്കാർത്തിക്ക് എതിര്‍പ്പാണ്. എന്നാൽ വോട്ട് ഉറപ്പിക്കുന്നതിന്റെ ഭാഗമായി അദ്ദേഹം ഈ വിഷയങ്ങളിൽ സമവായത്തിലെത്തിയതായും റിപ്പോർട്ടുണ്ട്.
മറ്റൊരു മാർഗം സ്‌പീക്കറായി തിരഞ്ഞെടുക്കപ്പെടാനുള്ള ഭൂരിപക്ഷം കുറയ്ക്കുക എന്നതാണ്. എന്നാൽ ഭാവിയില്‍ റിപ്പബ്ലിക്കൻ പാർട്ടിക്ക് തന്നെ തിരിച്ചടിയാകാന്‍ സാധ്യതയുള്ളതിനാൽ അത്തരമൊരു നീക്കത്തിലേക്ക് കടക്കാന്‍ സാധ്യതയില്ല. എതിർത്ത് നിൽക്കുന്നവരിൽ ചിലരെയെങ്കിലും അനുനയിപ്പിച്ച് തനിക്ക് വേണ്ടി വോട്ട് ചെയ്യിപ്പിക്കുക എന്നതാണ് മക്കാർത്തിക്ക് മുന്നില്‍ ഇനിയുള്ള ഏക പോംവഴി.