മഹായുദ്ധത്തിന്റെ അവസാന അവശേഷിപ്പുകളും മാറ്റി അമേരിക്ക ; നിര്‍വീര്യമാക്കിയത് വര്‍ഷങ്ങളായി സൂക്ഷിച്ച രാസായുധങ്ങള്‍
രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനത്തെ രാസായുധവും നശിപ്പിച്ച് അമേരിക്ക. കിഴക്കന്‍ കെന്റക്കിയിലെ സൈനിക കേന്ദ്രത്തില്‍ വെച്ചായിരുന്നു വര്‍ഷങ്ങളായി സൂക്ഷിച്ചിരുന്ന ലോക യുദ്ധത്തിന്റെ അവസാന അവശേഷിപ്പുകളും നശിപ്പിച്ചത്. ലോകത്തെ അപകടകാരികളായ രാസായുധങ്ങളെ എന്നെന്നേക്കുമായി നിര്‍വീര്യമാക്കിയതായി വൈറ്റ് ഹൗസാണ് പ്രഖ്യാപിച്ചത്.
വര്‍ഷങ്ങളുടെ പ്രയത്‌നത്തിനൊടുവിലാണ് രാസായുധ നശീകരണത്തിലേക്ക് അമേരിക്കയെത്തിയത്
ഇന്ന് ആ ശേഖരത്തിലെ അവസാന യുദ്ധോപകരണങ്ങളും കൂടി സുരക്ഷിതമായി നശിപ്പിച്ചതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു. രാസായുധങ്ങളുടെ ഭീകരതയില്‍ നിന്ന് മുക്തമായ ഒരു ലോകത്തിലേക്കാണ് ഞങ്ങള്‍ ചുവടുവെക്കുന്നത് എന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ വാക്കുകള്‍.
1997 ല്‍ പ്രാബല്യത്തില്‍ വന്ന കെമിക്കല്‍ വെപ്പണ്‍ കണ്‍വെന്‍ഷനില്‍ ഏറ്റവും ഒടുവില്‍ ഒപ്പിട്ട രാജ്യമാണ് അമേരിക്ക. വര്‍ഷങ്ങളുടെ പ്രയത്‌നത്തിനൊടുവിലാണ് രാസായുധ നശീകരണത്തിലേക്ക് അമേരിക്കയെത്തിയത്. അതേ സമയം പല രാജ്യങ്ങളും ഇപ്പോഴും രഹസ്യമായി രാസായുധങ്ങള്‍ സൂക്ഷിച്ചു വരുന്നുണ്ട്.
നിരായുധീകരണ ചരിത്രത്തിലെ നാഴികക്കല്ലാണ് അമേരിക്കയുടെ ഈ നടപടിയെന്നായിരുന്നു OPCW നല്‍കിയ വിശേഷണം.
ലോകമഹായുദ്ധങ്ങള്‍ ഉണ്ടാക്കിയ മുറിവുകളെ തുടര്‍ന്നാണ് നിരായുധീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ലോകരാജ്യങ്ങള്‍ തുടങ്ങി വച്ചത്. ഈ പശ്ചാത്തലത്തിലായിരുന്നു രാസായുധ നിരോധന സംഘടനയായ ഓര്‍ഗനൈസേഷന്‍ ഫോര്‍ പ്രൊഹിബിഷന്‍ ഓഫ് കെമിക്കല്‍ വെപ്പണ്‍സ് (OPCW) രൂപം കൊണ്ടതും. നിരായുധീകരണ ചരിത്രത്തിലെ നാഴികക്കല്ലാണ് അമേരിക്കയുടെ ഈ നടപടിയെന്നായിരുന്നു OPCW നല്‍കിയ വിശേഷണം. അന്താരാഷ്ട്ര സമൂഹത്തിനു മുന്നില്‍ മാതൃകയായ യുഎസിനെ അഭിനന്ദിക്കുകയായിരുന്നു OPCW ഡയറക്ടര്‍ ജനറല്‍ ഫെര്‍ണാണ്ടോ ഏരിയാസ്. ഇതോടു കൂടി 1997 ല്‍ ആരംഭിച്ച നിരായുധീകരണം വിജയം കണ്ടെന്നായിരുന്നു നിരീക്ഷണം.
1940 മുതല്‍ സൂക്ഷിച്ച കെന്റക്കിയിലെ ബ്രൂഗ്രാസ് ആര്‍മി ഡിപ്പോയില്‍ സൂക്ഷിച്ചിരുന്ന രാസായുധങ്ങളാണ് ഇപ്പോള്‍ നശിപ്പിച്ചത്. ഇനിയൊരിക്കലും യുദ്ധക്കളത്തില്‍ ഇത്തരം ആയുധങ്ങള്‍ സ്വീകരിക്കില്ലെന്നുള്ള പ്രഖ്യാപനം കൂടിയാണ് ഈ തീരുമാനമെന്നായിരുന്നു അമേരിക്കന്‍ സൈനിക വിദഗ്ധന്റെ പ്രതികരണം. ഒന്നാം ലോകമഹായുദ്ധത്തിലാണ് അമേരിക്ക രാസായുധങ്ങള്‍ ആദ്യമായി ഉപയോഗിക്കുന്നത്. ഏകദേശം 1,00,000 ജീവനുകളാണ് ഈ ആയുധം ഇല്ലാതാക്കിയതെന്നാണ് കണക്കുകള്‍. ജനീവ കണ്‍വെന്‍ഷനിലൂടെ രാസായുധങ്ങളുടെ ഉപയോഗം നിയന്ത്രിച്ചെങ്കിലും പല രാജ്യങ്ങളും ഇപ്പോഴും രഹസ്യമായി അവ സൂക്ഷിച്ചു വരികയാണ്.
2016ലാണ് തെക്കന്‍ കോളറോഡോയിലെ ആര്‍മി പ്ല്യൂബോ കെമിക്കല്‍ ഡിപ്പോയിലെ തൊഴിലാളികള്‍ ആയുധങ്ങള്‍ നശിപ്പിക്കാനുള്ള ദൗത്യം ആരംഭിക്കുന്നത്. 2600 ടണ്‍ മസ്റ്റാര്‍ഡ് ബ്ലിസ്റ്റര്‍ ഏജന്റ് എന്ന രാസായുധത്തെ നിർവീര്യമാക്കാനുള്ള ദൗത്യം ജൂണ്‍ 22 ആയപ്പോഴേക്കും പൂര്‍ത്തിയാക്കിയിരുന്നു. 30,610 ടണ്‍ ഏജന്റാണ് യഥാര്‍ഥ ശേഖരത്തിന്റെ 8.5 ശതമാനം പ്രൊജക്ടൈലുകളും മോര്‍ട്ടോറുകളും ഉള്‍ക്കൊള്ളുന്നത്. ന്യൂട്രലൈസേഷന്‍ പ്രക്രിയയിലൂടെയാണ് ആയുധങ്ങളെ നിര്‍വീര്യമാക്കിയത്.
ഏകദേശം 28,600 ടണ്‍ രാസായുധങ്ങളാണ് 1990 ല്‍ അമേരിക്കയുടെ കൈവശമുണ്ടായിരുന്നതെന്നാണ് കണക്കുകള്‍. റഷ്യ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രാസായുധ ശേഖരമുള്ള രാജ്യമായിരുന്നു യു എസ് .1950 മുതല്‍ സുരക്ഷിതമായ കോണ്‍ക്രീറ്റ് അറകളുടേയും മണ്‍പാത്രങ്ങളുടേയും ഉള്ളിലായാണ് ഈ ആയുധങ്ങള്‍ സൂക്ഷിച്ചു വച്ചത്.
ആയുധങ്ങള്‍ നശിപ്പിച്ചതോടെ കോളറാഡോയിലെയും കെന്റക്കിയിലേയും താമസിക്കുന്ന ജനങ്ങളുടെ വര്‍ഷങ്ങളായുള്ള ആശങ്കയ്ക്കും വിരാമമായി. 1980 കളിലാണ് കെന്റക്കിയിലെ ബ്ലൂ ഗ്രാസ് ആര്‍മി ഡിപ്പോയ്ക്ക് ചുറ്റുമുള്ള പ്ലാന്റിലെ 420 ടണ്‍ രാസായുധങ്ങള്‍ ദഹിപ്പിക്കാനുള്ള പദ്ധതിയുമായി അമേരിക്കന്‍ സൈന്യം മുന്നോട്ടുവന്നത്. പതിറ്റാണ്ടുകള്‍ നീണ്ട നിയമപോരാട്ടവും ആസൂത്രണവുമാണ് ഈ നേട്ടത്തിലേക്ക് രാജ്യത്തെ എത്തിച്ചത്.