ട്രംപോ കമലയോ; അവസാന ലാപ്പിലും ഇഞ്ചോടിഞ്ച്
നവംബര്‍ അഞ്ചിന് വോട്ടെടുപ്പ് നടക്കാനിരിക്കെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണം ഫോട്ടോ ഫിനിഷിലേക്ക്. നിര്‍ണാകയമായ ചാഞ്ചാട്ട സംസ്ഥാനങ്ങളില്‍ പോലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഡോണള്‍ഡ് ട്രംപും കമല ഹാരിസും തമ്മില്‍ നടക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. നോര്‍ത്ത് കരോലിനയിലും ജോര്‍ജിയയിലും വൈസ് പ്രസിഡന്റ് കമലാ ഹാരിസ് നേരിയ മുന്നേറ്റം നേടുന്നു എന്നാണ് ഏറ്റവും പുതിയ വിലയിരുത്തലുകള്‍. പെന്‍സില്‍വാനിയ, അരിസോണ തുടങ്ങിയ സ്റ്റേറ്റുകളിലും കമല ഹാരിസ് മുന്നേറ്റം കാഴ്ച വച്ചിരുന്നു.
പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ഇത്രയധികം സംസ്ഥാനങ്ങളില്‍ ഇരുസ്ഥാനാര്‍ഥികളും തമ്മില്‍ ഇത്രയും കടുത്ത പോരാട്ടം നടക്കുന്നത് എന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കാമ്പെയ്ന്‍ അതിന്റെ അവസാന മണിക്കൂറുകളിലേക്ക് കടക്കുമ്പോള്‍ മത്സരം ഇഞ്ചോടിഞ്ച് തലത്തിലേക്ക് പുരോഗമിക്കുന്നു എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നെവാഡ, നോര്‍ത്ത് കരോലിന, വിസ്‌കോണ്‍സിന്‍ എന്നിവിടങ്ങളില്‍ കമല നേരിയ മുന്‍തൂക്കം നേടുമ്പോള്‍ അരിസോണയില്‍ ട്രംപ് ലീഡ് ചെയ്യുന്നു. മിഷിഗണ്‍, ജോര്‍ജിയ, പെന്‍സില്‍വാനിയ എന്നിവിടങ്ങളില്‍ അവര്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിന്റെ സൂചനയയാണ് നല്‍കുന്നത്. എന്നാല്‍ ഏഴ് സംസ്ഥാനങ്ങളില്‍ ഇരു സ്ഥാനാര്‍ഥികള്‍ക്കും വ്യക്തമായ ലീഡില്ല.
വിജയം ഉറപ്പിക്കാന്‍ ആവശ്യമായ 270 ഇലക്ടറല്‍ കോളേജ് വോട്ടുകള്‍ സ്വന്തമാക്കാന്‍ രണ്ട് സ്ഥാനാര്‍ഥികളും ശക്തമായ ശ്രമങ്ങളുമായി രംഗത്തുണ്ട്. ഒരു ചെറിയ പിശക് പോലും മത്സരത്തെ നിര്‍ണായകമാക്കിയേക്കാം എന്നാണ് വിലയിരുത്തല്‍. വോട്ട് ആര്‍ക്കെന്ന് ഏറ്റവും ഒടുവില്‍ തീരുമാനിക്കുന്ന വിഭാഗംകമല ഹാരിസിന് അനുകൂലമായി ചിന്തിക്കുമെന്നാണ് വിലയിരുത്തല്‍.