ട്രംപ് ക്രിമിനല്‍ കുറ്റം നേരിടാന്‍ ഇടയാക്കിയ സ്റ്റോമി ഡാനിയേല്‍സ് ആരാണ് ?
വിവാഹേതര ബന്ധം പുറത്തുവരാതിരിക്കാൻ തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് പോൺതാരത്തിന് പണം നൽകിയ കേസിൽ, അമേരിക്കന്‍ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ വ്യാഴാഴ്ചയാണ് മാൻഹാട്ടൻ കോടതി ക്രിമിനൽ കുറ്റം ചുമത്തിയത്. പോൺ താരമായ സ്റ്റോമി ഡാനിയേൽസുമായുള്ള ലൈംഗികബന്ധം മറയ്ക്കാനായിരുന്നു തന്റെ മുൻ അഭിഭാഷകൻ മുഖേന ട്രംപ് പണം നൽകിയത്. എന്നാൽ ഇതിനായി പണം കണ്ടെത്തിയത് സാമ്പത്തിക ക്രമക്കേടിലൂടെയാണെന്ന കേസിലാണ് നിലവിൽ മുൻ പ്രസിഡന്റിനെതിരെ ക്രിമിനൽ കുറ്റം ചുമത്തിയിരിക്കുന്നത്.
'സെലിബ്രിറ്റി അപ്രന്റിസ്' പ്രോഗ്രാമിൽ പങ്കെടുക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യാൻ ലോസ് ഏഞ്ചൽസിലെ ഹോട്ടലിലേക്ക് തന്നെ ട്രംപ് വിളിപ്പിച്ചിരുന്നതായും ഡാനിയേൽസ് പറഞ്ഞു
2006ൽ ഒരു ചാരിറ്റി ഗോൾഫ് ടൂർണമെന്റിൽ വച്ച് ട്രംപുമായി പരിചയത്തിലായതിന് ശേഷം ഒരിക്കൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നെന്ന് സ്റ്റോമി ഡാനിയേൽസ് വെളിപ്പെടുത്തിയിരുന്നു. ഈ ബന്ധത്തെ പറ്റിയുള്ള വാർത്തകൾ പ്രചാരണ വേളയിൽ പുറത്തുവന്നാൽ തന്റെ പ്രതിച്ഛായയ്ക്ക് മോശമാണെന്ന ധാരണയിലാണ് ട്രംപ് ഡാനിയേൽസിനെ നിശ്ശബ്ദയാക്കുക എന്ന ലക്ഷ്യത്തോടെ 130,000 ഡോളർ നൽകുന്നത്. തെളിവുകൾ പുറത്തുവന്നതോടെ, പണം നൽകിയെന്ന് ട്രംപ് സമ്മതിച്ചെങ്കിലും ബന്ധമുണ്ടായിരുന്നതായി അംഗീകരിക്കാൻ കൂട്ടാക്കിയിരുന്നില്ല. വ്യാജ ആരോപണങ്ങളിൽ നിന്ന് മുഖം രക്ഷിക്കാൻ വേണ്ടിയാണ് താൻ പണം നല്കിയതെന്നായിരുന്നു ട്രംപിന്റെ വാദം.
ആരാണ് സ്റ്റോമി ഡാനിയേൽസ്? ആരോപണങ്ങള്‍ എന്തൊക്കെ?
പോൺവീഡിയോ അഭിനേതാവായ സ്റ്റോമി ഡാനിയേൽസിന്റെ യഥാർത്ഥ പേര് സ്റ്റെഫാനി ക്ലിഫോഡെന്നാണ്. 2018ൽ അമേരിക്കൻ മാധ്യമമായ സിബിഎസിന് നൽകിയ അഭിമുഖത്തിലാണ് ഇരുവരും തമ്മില്ലുള്ള ബന്ധത്തെ പറ്റി തുറന്നു പറച്ചിൽ നടത്തിയത്. അതനുസരിച്ച്, 2006 ജൂലൈയിൽ നെവാഡയിൽ നടന്ന ചാരിറ്റി ഗോൾഫ് ടൂർണമെന്റിൽ വച്ചാണ് ട്രംപുമായി പരിചയപ്പെടുന്നത്. രാത്രി ഭക്ഷണം കഴിക്കാൻ ക്ഷണിക്കുകയും തുടർന്ന് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെന്നും അവർ '60 മിനിറ്റ്സ്' എന്ന പരിപാടിയിൽ പറഞ്ഞു. ട്രംപിന്റെ 'സെലിബ്രിറ്റി അപ്രന്റിസ്' എന്ന ടിവി ഷോയിൽ പങ്കെടുക്കാൻ ആഗ്രഹമുണ്ടോയെന്ന് ചോദിച്ചിരുന്നതായും അവർ വെളിപ്പെടുത്തിയിരുന്നു.
ഡാനിയേൽസിനെതിരെ ട്വിറ്ററിലൂടെ നടത്തിയ ഒരു പരാമർശത്തിന്റെ പേരിൽ അവർ ഫെഡറൽ കോടതിയിൽ മുൻ പ്രസിഡന്റിനെതിരെ മാനനഷ്ടക്കേസ് നൽകിയിരുന്നു
2006ന് ശേഷം 'സെലിബ്രിറ്റി അപ്രന്റിസ്' പ്രോഗ്രാമിൽ പങ്കെടുക്കുന്നതിന് കുറിച്ച് ചർച്ച ചെയ്യാൻ ലോസ് ഏഞ്ചൽസിലെ ഹോട്ടലിലേക്ക് തന്നെ ട്രംപ് വിളിപ്പിച്ചിരുന്നതായും ഡാനിയേൽസ് പറഞ്ഞു. വീണ്ടും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നുവെന്ന് ഹോട്ടലിൽ വച്ച് ട്രംപ് പറഞ്ഞെങ്കിലും താൻ നിരസിച്ചു. ഇതോടെ ഒരു മാസത്തിന് ശേഷം ട്രംപ് തന്നെ ഒരിക്കൽ കൂടി വിളിച്ച് പ്രോഗ്രാമിൽ പങ്കെടുപ്പിക്കാൻ തനിക്ക് കഴിഞ്ഞില്ലെന്ന് അറിയിച്ചതായും അവർ പറഞ്ഞു.
2016 ഒക്‌ടോബറിൽ, ഇരുവരും തമ്മിലുള്ള ബന്ധത്തെ പറ്റി പുറത്തുപറയാതിരിക്കാൻ ഡാനിയേൽസുമായി ട്രംപ് കരാറിൽ ഏർപ്പെട്ടു. 130,000 ഡോളർ രൂപയാണ് അതിനായി ട്രംപ് ഡാനിയേൽസിന് കൈമാറിയത്. അന്ന് ഡാനിയേൽസിന്റെ അഭിഭാഷകനായിരുന്ന കെയ്ത്ത് ഡേവിഡ്സണും ട്രംപിന്റെ അഭിഭാഷകനായിരുന്ന മൈക്കിൾ കോഹേനുമായിരുന്നു കരാറിൽ ഒപ്പിട്ടത്. ഈ കരാർ ലോസ് ഏഞ്ചൽസിലെ ഫെഡറൽ കോടതിയിൽ സമർപ്പിച്ചിരുന്നു.
2018ൽ കോഹേൻ മുഖേന നടത്തിയ പണമിടപാടിനെ പറ്റി വാൾ സ്ട്രീറ്റ് ജേർണൽ വാർത്ത പുറത്തുവിട്ടിരുന്നു. എന്നാൽ തന്റെ സ്വന്തം പണം ഉപയോഗിച്ചാണ് ഡാനിയേൽസിന് പണം നൽകിയതെന്നും ട്രംപ് അങ്ങനെ ചെയ്യാൻ നിർദേശിച്ചിട്ടില്ലെന്നും കോഹേൻ പരസ്യമായി പ്രസ്താവിച്ചു. പിന്നാലെ കരാർ അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് ഡാനിയേൽസും കോടതിയെ സമീപിച്ചു. അതേസമയം കരാറിൽ ട്രംപ് ഒപ്പുവയ്‌ക്കേണ്ട ഭാഗം ഒഴിഞ്ഞുകിടന്നിരുന്നതിനാൽ അദ്ദേഹത്തിന് കരാറുമായി ബന്ധമില്ലെന്ന് അഭിഭാഷകർ വാദിച്ചു. കരാർ നടപ്പാക്കാൻ ശ്രമിക്കില്ലെന്ന് ട്രംപിന്റെ അഭിഭാഷകർ സമ്മതിച്ചതിനെ തുടർന്ന് കോടതി കേസ് തള്ളിക്കളഞ്ഞു.
ഡാനിയേൽസിനെതിരെ ട്വിറ്ററിലൂടെ നടത്തിയ ഒരു പരാമർശത്തിന്റെ പേരിൽ അവർ ഫെഡറൽ കോടതിയിൽ മുൻ പ്രസിഡന്റിനെതിരെ മാനനഷ്ടക്കേസ് നൽകിയിരുന്നു. ലൈംഗികബന്ധം വെളിപ്പെടുത്തിയതിന്റെ പേരിൽ തനിക്ക് ഭീഷണിയുണ്ടെന്നും അവർ പറഞ്ഞു. എന്നാൽ പരാമർശത്തിൽ അപകീർത്തികരമായ ഒന്നുമില്ലെന്ന് കണ്ടെത്തിയ കോടതി അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയിൽപെടുത്തി കേസ് തള്ളിക്കളഞ്ഞു.
ഒരു മാധ്യമ അഭിമുഖത്തിൽ ട്രംപുമായുള്ള ബന്ധത്തെക്കുറിച്ച് സംസാരിക്കാൻ സമ്മതിച്ചതിന് പിന്നാലെ 2011ൽ ലാസ് വെഗസിലെ ഒരു പാർക്കിംഗ് ലോട്ടിൽ വച്ച് അജ്ഞാതനായ ഒരാൾ തന്നെയും തന്റെ മകളെയും ഭീഷണിപ്പെടുത്തിയതായും ഡാനിയേൽസ് ആരോപിച്ചിരുന്നു.