വനിതാ ഭാഗിക പൗരോഹിത്യത്തിനും അൽമായ നേതൃത്വത്തിനും പച്ചക്കൊടി; സഭയെ അടിമുടി പൊളിച്ചെഴുതി വത്തിക്കാൻ സിനഡ്

വനിതാ ഭാഗിക പൗരോഹിത്യത്തിനും അൽമായ നേതൃത്വത്തിനും പച്ചക്കൊടി; സഭയെ അടിമുടി പൊളിച്ചെഴുതി വത്തിക്കാൻ സിനഡ്

തിരഞ്ഞെടുപ്പിൽ നേരിട്ടിടപെട്ട് ഫ്രാൻസിസ് മാർപാപ്പ, കാലോചിതമായ പരിഷ്കാരങ്ങൾ നടപ്പാക്കാൻ വിശ്വാസികളെക്കൊണ്ട് വടിയെടുപ്പിക്കരുതെന്നും സിനഡിനോട് പറഞ്ഞു
Updated on
3 min read

രണ്ടായിരം വർഷത്തെ നടപ്പ് രീതികളിൽനിന്ന് സഭയെ വഴിമാറ്റി നടത്താനുള്ള ഫ്രാൻസീസ് മാർപാപ്പയുടെ ശ്രമങ്ങൾ വിജയത്തിലേക്ക്. സഭാ നവീകരണം ലക്ഷ്യംവച്ച് മാർപാപ്പ വിളിച്ചുചേർത്ത പ്രത്യേക വത്തിക്കാൻ സിനഡ് ഒന്നാം ഘട്ടം പൂർത്തിയാക്കി നയരേഖ പുറത്തുവരുമ്പോൾ കാണുന്നത് മാറ്റങ്ങളുടെ നീണ്ട നിര.

44 പേജുകളുള്ള നയരേഖ സിനഡ് അംഗീകരിച്ചു. കരടിൽ 1150 ലധികം ഭേദഗതികൾ വരുത്തിയാണ് 28 ന് വൈകുന്നേരം നയരേഖ അംഗീകരിച്ചത്. 344 പേർക്കായിരുന്നു വോട്ടവകാശം. എട്ട് വിഭാഗങ്ങളിലായി 25 വിഷയങ്ങൾ രേഖയിൽ ഇടംപിടിച്ചു. ഓരോ ഖണ്ഡികയും വോട്ടിനിടണമെന്ന് തീവ്ര യാഥാസ്ഥിതികർ ആവശ്യപ്പെട്ടു. വോട്ടിനിട്ടെങ്കിലും മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ഓരോ ഖണ്ഡികയും അംഗീകരിക്കപ്പെട്ടു.

ഒരു ഘട്ടത്തിൽ വനിതകളുടെ ഡീക്കൻ പദവിയെന്ന നിർദേശം പരാജയപ്പെടുമെന്ന സംശയമുയർന്നു. തുടർന്ന് അസാധാരണ നടപടിക്രമത്തിലൂടെ പോപ്പ് ഫ്രാൻസിസ് വിഷയത്തിൽ ഇടപെട്ട് സംസാരിച്ചു

10 ദിവസം മുൻപ് 'ദ ഫോർത്ത്' പുറത്തുവിട്ട വിവരങ്ങളാണ് കഴിഞ്ഞദിവസം രാത്രി വത്തിക്കാൻ പുറത്തിറക്കിയ രേഖയിലുമുള്ളത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് കത്തോലിക്ക സഭയിൽ വനിതകൾ ഭാഗിക പൗരോഹിത്യത്തിലേക്ക് എന്നതാണ്. സഭയുടെ ചരിത്രത്തിൽ ഇതുവരെ ഇല്ലാതിരുന്ന വനിതകളുടെ ഡീക്കൻ പദവി സിനഡ് അംഗീകരിച്ചു. എന്നാൽ എങ്ങനെ നടപ്പാക്കണമെന്ന് പ്രാദേശിക സഭകൾ സിനഡ് ചേർന്ന് തീരുമാനമെടുക്കും.

2024ലെ വത്തിക്കാൻ സിനഡിൽ ഈ തീരുമാനം അറിയിക്കും. തീവ്ര യാഥാസ്ഥിതികരുടെ കടുത്ത എതിർപ്പ് മറികടന്നായിരുന്നു ഈ ഭാഗം നയരേഖയിൽ ഇടംപിടിച്ചത്. സ്ത്രീകളുടെ ഭാഗിക പൗരോഹിത്യത്തിനെതിരെ 67 അംഗങ്ങളാണ് വോട്ട് രേഖപ്പെടുത്തിയത്. സിനഡ് രേഖകളിൽ ഏറ്റവും കൂടുതൽ എതിർ വോട്ട് കിട്ടിയതും ഇതിനായിരുന്നു.

ഒരു ഘട്ടത്തിൽ വനിതകളുടെ ഡീക്കൻ പദവിയെന്ന നിർദേശം പരാജയപ്പെടുമെന്ന സംശയമുയർന്നു. തുടർന്ന് അസാധാരണ നടപടിക്രമത്തിലൂടെ പോപ്പ് ഫ്രാൻസിസ് വിഷയത്തിൽ ഇടപെട്ട് സംസാരിച്ചു. പൗരോഹിത്യത്തിന്റെ ദുഷ്പ്രവണതകളെക്കുറിച്ച് ആഞ്ഞടിച്ച മാർപാപ്പ, ക്രൈസ്തവ വിശ്വാസം തലമുറകൾക്ക് കൈമാറിയത് സ്ത്രീകളാണെന്ന് ഓർമിപ്പിച്ചു. ''ദൈവജനത്തിലെ സ്ത്രീകൾ സഭയുടെ പ്രതിഫലനമാണ്. സഭ സ്ത്രീയാണ്, അവൾ വധുവും അമ്മയുമാണ്,''മാർപാപ്പ പറഞ്ഞു.

വനിതാ ഭാഗിക പൗരോഹിത്യത്തിനും അൽമായ നേതൃത്വത്തിനും പച്ചക്കൊടി; സഭയെ അടിമുടി പൊളിച്ചെഴുതി വത്തിക്കാൻ സിനഡ്
വനിതകൾക്ക് ഭാഗിക പൗരോഹിത്യം, പരിണാമ സിദ്ധാന്തത്തിന് അംഗീകാരം; കത്തോലിക്ക സഭയിൽ മാറ്റത്തിന്റെ മണിമുഴക്കം 

സഭാനേതൃത്വം തങ്ങളുടെ സേവനരംഗത്ത് ദൈവജനത്തോട് മോശമായി പെരുമാറുമ്പോൾ, അവർ പൗരുഷഭാവത്തോടെയും ഏകാധിപത്യമനോഭാവത്തോടെയും സഭയുടെ മുഖം വികൃതമാക്കുകയാണ്. ഒരു സൂപ്പർ മാർക്കറ്റിലെന്നപോലെ സഭാസേവനങ്ങൾക്കുള്ള വിലവിവരപ്പട്ടിക ചില ഇടവക ഓഫീസുകളിൽ എഴുതിയിട്ടിരിക്കുന്നത് കാണുന്നത് വേദനാജനകമാണെന്ന് പാപ്പ പറഞ്ഞു.

''ഒന്നുകിൽ പാപികളും വിശുദ്ധരുമടങ്ങുന്ന ഒരു സമൂഹമാണ് സഭ, അല്ലെങ്കിൽ അത്, ചില സേവനങ്ങൾ നൽകുന്ന ഒരു ബിസിനസ് സ്ഥാപനമായി മാറുന്നു. സഭാശുശ്രൂഷകർ ഇതിൽ രണ്ടാമത്തെ പാത സ്വീകരിക്കുമ്പോൾ, സഭ രക്ഷയുടെ ഒരു സൂപ്പർ മാർക്കറ്റ് ആയി മാറുകയും, വൈദികർ ഒരു ബഹുരാഷ്ട്രകമ്പനിയുടെ ജോലിക്കാരായി മാറുകയും ചെയ്യുന്നു,'' അദ്ദേഹം പറഞ്ഞു.

അതിരൂപതയുടെ ചാൻസിലർ , പ്രോക്ര്യൂറേറ്റർ എന്നീ നിർണായക ചുമതലകൾ അൽമായർക്ക് നൽകാം എന്ന ഭാഗം രേഖയിൽ ഉൾപ്പെടുത്തുന്നതിനെതിരെ 61 പേർ വോട്ട് രേഖപ്പെടുത്തി

''സഭാധികാരികൾ ഈ ദൈവജനത്തിൽനിന്നാണ് വരുന്നത്. അവർ തങ്ങളുടെ വിശ്വാസം ഈ ജനത്തിൽനിന്ന്, സാധാരണയായി, അമ്മമാരിൽനിന്നും മുത്തശ്ശിമാരിൽനിന്നുമാണ് സ്വീകരിച്ചത്. വിശുദ്ധ പൗലോസ് തിമോത്തിക്ക് എഴുതുന്നതിൽ, സ്ത്രീഭാഷയിൽ വിശ്വാസം കൈമാറ്റം ചെയ്യുന്നതാണ് നാം കാണുന്നത്. മക്കബായക്കാരിയായ സ്ത്രീ തന്റെ മക്കളോട് തങ്ങളുടെ നാട്ടുഭാഷയിൽ സംസാരിച്ചതുപോലെയാണത്. വിശ്വാസം നാട്ടുഭാഷയിൽ, സാധാരണയായി സ്ത്രീഭാഷയിലാണ് കൈമാറ്റം ചെയ്യപ്പെടുന്നത്. ഇത് സഭ അമ്മയായതിനാലോ, സ്ത്രീയാണ് സഭയെ മെച്ചപ്പെട്ട രീതിയിൽ പ്രതിഫലിപ്പിക്കുന്നത് എന്നതിനാലോ മാത്രമല്ല, മറിച്ച് സ്ത്രീക്കാണ് കാത്തിരിക്കാനും പരിധികൾക്കാപ്പുറവും വെല്ലുവിളികൾ ഏറ്റെടുക്കാനും പ്രഭാതത്തിൽ അന്തർജ്ഞാനത്തോടെ ഒരു ശവകുടീരത്തിനരികിലേക്ക് (യേശുവിന്റെ) എത്തുവാനും സാധിക്കുന്നത് എന്നതിനാലാണ്,'' പാപ്പ വിശദീകരിച്ചു.

വിവാഹിതരായ വനിതകളും പുരുഷൻമാരും സഭാ ഭരണത്തിന് എന്ന ഭാഗത്തിനായിരുന്നു ഇതിനുശേഷമുള്ള കടുത്ത എതിർപ്പുയർന്നത്. അതിരൂപതയുടെ ചാൻസിലർ , പ്രോക്ര്യൂറേറ്റർ എന്നീ നിർണായക ചുമതലകൾ അൽമായർക്ക് നൽകാം എന്ന ഭാഗം രേഖയിൽ ഉൾപ്പെടുത്തുന്നതിനെതിരെ 61 പേർ വോട്ട് രേഖപ്പെടുത്തി. നിലവിൽ അതിരൂപതയിലെ സീനിയർ വൈദികർ വഹിക്കുന്ന ചുമതലകളാണിത്. ഈ എതിർപ്പിനെ മറികടന്നതും പോപ്പിന്റെ ഇടപെടൽ മൂലമാണ്.

സഭയുടെ അപ്രമാദിത്വത്തെക്കുറിച്ച് പ്രതിപാദിച്ച പാപ്പ, ജനത്തിന്റെ വിശ്വാസവുമായി ബന്ധപ്പെട്ട അപ്രമാദിത്വമെന്ന ആശയത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. സഭ എന്താണ് വിശ്വസിക്കുന്നതെന്നറിയാൻ സഭയുടെ ഔദ്യോഗിക ഉദ്ബോധനങ്ങളിലേക്കാണ് പോകേണ്ടത്. എന്നാൽ, സഭ എങ്ങനെയാണ് വിശ്വസിക്കുന്നതെന്നറിയാൻ വിശ്വാസികളിലേക്കാണ് നോക്കേണ്ടതെന്നും പാപ്പ പറഞ്ഞു.

എഫേസൂസ്‌ സൂന്നഹദോസിനായി കത്തീഡ്രലിലേക്ക് മെത്രാന്മാർ കടന്നുവരുമ്പോൾ, പ്രവേശനകവാടത്തിലേക്കുള്ള വഴിക്ക് ഇരുവശവും വിശ്വാസികൾ നിന്നിരുന്നുവെന്നും അവർ "ദൈവമാതാവ്" എന്ന് വിളിച്ചുപറഞ്ഞിരുന്നുവെന്നും പറഞ്ഞ പാപ്പാ, ദൈവജനമെന്ന നിലയിൽ അവർക്കുണ്ടായിരുന്ന സത്യത്തെ വിശ്വാസസത്യമായി പ്രഖ്യാപിക്കാൻ അവർ ഇതുവഴി ആവശ്യപ്പെടുകയായിരുന്നുവെന്ന് ഉദ്‌ബോധിപ്പിച്ചു. ജനങ്ങൾ മെത്രാന്മാരെ കാണിച്ചുകൊണ്ട് തങ്ങളുടെ കൈകളിൽ വടികൾ പിടിച്ചിരുന്നുവെന്ന് ചിലർ പറയുന്നുണ്ടെന്ന് പാപ്പ അനുസ്മരിച്ചു. ഇത് ശരിയാണെങ്കിലും അല്ലെങ്കിലും, ഈ ഒരു ആശയം ഇവിടെയും സാധുവാണെന്ന് പാപ്പ ഓർമിപ്പിച്ചു.

എന്നാൽ സിനഡിന്റെ ഒന്നാം സമാപന റിപ്പോർട്ടിൽ ഒരിടത്തും എൽജിബിടിക്യു + എന്ന പദം കടന്നുവന്നിട്ടില്ല എന്നത് അമ്പരപ്പുളവാക്കുന്നുണ്ട്. വർക്കിങ് ഡോക്യുമെന്റെറ്റൽ ഉയർന്ന ശ്രേണിയിൽ ഉൾപ്പെടുത്തിയ വിഷയം 2024ലെ സിനഡിലേക്ക് മാറ്റി എന്നുറപ്പാണ്. എന്നാൽ സ്വവർഗാനുരാഗികൾ, കൂടിതാമസക്കാർ, ഗർഭച്ഛിദ്രം നടത്തിയവർ തുടങ്ങിയവർക്ക് കൂദാശ നിഷേധിക്കരുതെന്നും വൈദികരിൽനിന്ന് ചൂഷണത്തിനിരയായവർക്ക് കൂടുതൽ ആശ്വാസം ലഭ്യമാക്കണെമെന്നും നയരേഖയിലുണ്ട്. കുമ്പസാരം , പശ്ചാത്താപം എന്നിവയിൽ കാഴ്ചപ്പാട് മാറ്റം വേണമെന്നും നയരേഖ പറയുന്നു.

നവീകരണ ശ്രമങ്ങളിൽ കഴിഞ്ഞ മൂന്ന് സിനഡിൽനിന്നേറ്റ പരാജയം വിലയിരുത്തി സിനഡിനെ നേരിട്ട് തന്റെ അധികാരത്തിൻ കീഴിലാക്കിയ പാപ്പ, വോട്ട് അവകാശം മെത്രാൻമാർക്കുപുറമെ വൈദികർക്കും കന്യാസ്ത്രീകൾക്കും അൽമായർക്കുമായി വീതിച്ച് നൽകി

ബൈബിളിലെ ആദ്യ അഞ്ച് പുസ്തകങ്ങളുടെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയ സദാചാരം ദൈവശാസ്ത്രം എന്നിവ പരിഷ്കരിക്കണമെന്നത് അടക്കം കൂടുതൽ നടപടികൾ 2024ലെ സിനഡിൽ ഉണ്ടാകുമെന്ന് ഉറപ്പ്.

ഈ സിനഡ് നടപടികൾ തന്നെ കത്തോലിക്കസഭയുടെ ചരിത്രത്തിൽ ആദ്യത്തേതായിരുന്നു. നവീകരണ ശ്രമങ്ങളിൽ കഴിഞ്ഞ മൂന്ന് സിനഡിൽനിന്നേറ്റ പരാജയം വിലയിരുത്തി സിനഡിനെ നേരിട്ട് തന്റെ അധികാരത്തിൻ കീഴിലാക്കിയ പാപ്പ, വോട്ട് അവകാശം മെത്രാൻമാർക്കുപുറമെ വൈദികർക്കും കന്യാസ്ത്രീകൾക്കും അൽമായർക്കുമായി വീതിച്ച് നൽകി. ഇതിനുപുറമെ കർദ്ദിനാൾ സംഘത്തിന്റെ ഇടപെടലുകൾക്കുള്ള സമയം വെട്ടിക്കുറച്ചു. ഇതോടെ സിനഡ് ജനാധിപത്യ നിലവാരം പുലർത്തി.

എന്നാൽ വത്തിക്കാനിലെ കത്തോലിക്ക സഭയുടെ വിശ്വാസകാര്യങ്ങൾക്കുള്ള കർദ്ദിനാൾ സംഘത്തിന്റെ മുൻ തലവൻ കർദ്ദിനാൾ മുള്ളർ സിനഡിനെയും മാർപാപ്പയെയും വിമർശിച്ച് രംഗത്തെത്തി. നടപടികൾ കനോനികമല്ലന്നും നിയമപരമല്ലന്നും മാർപാപ്പയുടെ ഏകാധിപത്യമാണ് നടപ്പായതെന്നും മുള്ളർ തുറന്നടിച്ചു. വരും ദിവസങ്ങളിൽ കടുത്ത പൊട്ടിത്തെറി ഈ വിഷയത്തിൽ ഉണ്ടാകുമെന്ന് ഉറപ്പാണ്. എന്നാൽ ഈ വിജയത്തിൽനിന്ന് ഊർജം സ്വീകരിച്ച് പരിഷ്കരണങ്ങൾക്ക് വേഗം കൂട്ടാനാകും പോപ്പ് ഫ്രാൻസിസിന്റെ ശ്രമം.

logo
The Fourth
www.thefourthnews.in