ട്രിപ്പോളിയില്‍ സംഘര്‍ഷാവസ്ഥ
ട്രിപ്പോളിയില്‍ സംഘര്‍ഷാവസ്ഥ

ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍ വിമത സംഘങ്ങള്‍ ഏറ്റുമുട്ടി; 23 പേര്‍ കൊല്ലപ്പെട്ടു

അടിയന്തര വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്ത് യു എന്‍
Updated on
1 min read

ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍ വിമത സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ വ്യാപക നാശനഷ്ടം. ലിബിയന്‍ ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 23 പേര്‍ കൊല്ലപ്പെടുകയും 140ലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ട്രിപ്പോളിയില്‍ രാത്രി മുഴുവന്‍ നീണ്ടു നിന്ന കനത്ത ഏറ്റമുട്ടലാണുണ്ടായത്. ഇരുവിഭാഗവവും പരസ്പരം വെടിയുതിര്‍ത്തു. പലഭാഗങ്ങളിലും ബോംബാക്രമണമുണ്ടായി. നഗരത്തിലെ നിരവധി കെട്ടിടങ്ങളും വാഹനങ്ങളും തീയിട്ടും കല്ലെറിഞ്ഞും നശിപ്പിച്ചു.

ട്രിപ്പോളിയിലെ സംഘര്‍ഷം
ട്രിപ്പോളിയിലെ സംഘര്‍ഷം

ദേശീയ ഐക്യ സര്‍ക്കാരിലെ ഇടക്കാല പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഒരുവിഭാഗം വിമത നേതാവ് അബ്ദുല്‍ഹമിദ് ദിബേബയുടെ വാഹനവ്യൂഹത്തിന് നേരെ വെടിവെപ്പുണ്ടായതാണ് ആക്രമണങ്ങളുടെ തുടക്കം. തൊബ്രൂക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മറ്റൊരു വിമത സര്‍ക്കാരിന്റെ സൈനികരാണ് വെടിവെപ്പ് നടത്തിയത്. ഫാത്തി ബഷാഗയാണ് ഈ വിമത സര്‍ക്കാരിന് നേതൃത്വം നല്‍കുന്നത്.

ദേശീയ ഐക്യ സര്‍ക്കാരിനെ ഫാത്തി ബഷാഗ വിഭാഗം പിന്തുണയ്ക്കുന്നില്ല. ഇടക്കാല സര്‍ക്കാരെന്ന രീതിയില്‍ അബ്ദുല്‍ഹമിദ് ദിബേബയെ ഐക്യരാഷ്ട്ര സഭ അംഗീകരിച്ചതിലും ഇവര്‍ക്ക് എതിര്‍പ്പുണ്ട്.

ട്രിപ്പോളിയില്‍ സംഘര്‍ഷം
ട്രിപ്പോളിയില്‍ സംഘര്‍ഷം

അബ്ദുല്‍ഹമിദ് ദിബേബ പക്ഷത്തിനും ഫാത്തി ബഷാഗ വിഭാഗത്തിനും ഏറ്റുമുട്ടലിന്‌റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നാണ് ലിബിയന്‍ ന്യൂസ് ഏജന്‍സി പുറത്തുവിട്ട റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. സാധാരണക്കാരെ സംരക്ഷിക്കുന്നതിനായി അന്താരാഷ്ട്ര തലത്തില്‍ നിന്നുള്ള ഇടപെടലുകളും ലിബിയന്‍ ന്യൂസ് ഏജന്‍സി ആവശ്യപ്പെട്ടു.

സംഘര്‍ഷം അവസാനിപ്പിച്ച് എത്രയും വേഗം ട്രിപ്പോളിയില്‍ സമാധാനം പുനഃസ്ഥാപിക്കണമെന്ന് ഐക്യരാഷ്ട്രസഭ ആഹ്വാനം ചെയ്തു. ഇരുവിഭാഗങ്ങളും ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടേറസ് ആവശ്യപ്പെട്ടു. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഏത് തരത്തിലുള്ള ഇടപെടലിനും യുഎന്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.

ആക്രമണങ്ങള്‍ എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് ലിബിയയിലെ യുഎസ് അംബാസഡര്‍ റിച്ചാര്‍ഡ് ബി നോര്‍ലന്‍ഡും ആവശ്യപ്പെട്ടു. ഭരണഘടനയെ അടിസ്ഥാനമാക്കി തിരഞ്ഞെടുപ്പ് നടത്തുക എന്ന നിര്‍ദേശമാണ് യുഎസ് മുന്നോട്ട് വയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

logo
The Fourth
www.thefourthnews.in