യുദ്ധത്തിനായി സൈനികരെ റിക്രൂട്ട് ചെയ്യാന്‍ റഷ്യ പോണ്‍ ഹബ്ബ് ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്
സൈന്യത്തിലേയ്ക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിനായി റഷ്യന്‍ സ്വകാര്യ സൈനിക സംഘമായ വാഗ്നര്‍ ഗ്രൂപ്പ് പോണ്‍ സൈറ്റ് ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്. പോണ്‍ വീഡിയോ വെബ്സൈറ്റായ പോണ്‍ ഹബ്ബിലൂടെയാണ് റിക്രൂട്ട്മെന്റ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. പോണ്‍ ഹബ്ബില്‍ കൊടുത്തിരിക്കുന്ന പരസ്യത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ലോകത്തിലെ ഏറ്റവും മികച്ച സ്വകാര്യ സൈന്യമാണ് വാഗ്നറെന്ന് ഒരു യുവതി പറയുന്നതാണ് പരസ്യം.
റഷ്യയ്ക്ക് വേണ്ടി യുക്രെയ്‌നില്‍ യുദ്ധം ചെയ്യുന്ന സൈനിക സംഘമാണ് വാഗ്നര്‍ ഗ്രൂപ്പ്. പുടിന്റെ അടുത്ത അനുയായി യെവ്ഗനി പ്രിഗോഷിനാണ് വാഗ്നര്‍ ഗ്രൂപ്പ് സ്ഥാപിച്ചത്. എന്നാല്‍ ഇപ്പോള്‍ പ്രിഗോഷി- പുടിന്‍ ബന്ധം വഷളായിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. യുക്രെയ്‌നിലെ കിഴക്കന്‍ നഗരമായ ബഖ്മുത് പിടിച്ചെടുക്കാനുള്ള ശ്രമത്തിനിടയില്‍ അര്‍ദ്ധ സൈനിക വിഭാഗമായ വാഗ്‌നര്‍ ഗ്രൂപ്പിന് വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. വാഗ്നര്‍ ഗ്രൂപ്പിന്റെ സംവിധാനം നിരവധി വിമര്‍ശനങ്ങള്‍ക്കും വിധേയമാണ്. പീഡനം, ബലാത്സംഗം, കുഴിബോംബുകള്‍ സ്ഥാപിക്കല്‍, കൂട്ടക്കൊല തുടങ്ങി നിരവധി ആരോപണങ്ങളാണ് അവര്‍ക്കെതിരെ പ്രധാനമായും ഉയരുന്നത്.
പോണ്‍ സൈറ്റുകളില്‍ പരസ്യം ചെയ്യുന്നത് നല്ല ആശയമാണെന്നാണ് വാഗ്നര്‍ ഗ്രൂപ്പ് സ്ഥാപകന്‍ പ്രിഗോഷിന്‍ പറയുന്നത്. തനിക്ക് രാഷ്ട്രീയ മോഹങ്ങളുണ്ടെന്നും യുക്രെയ്‌ന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുമെന്നും പ്രിഗോഷിന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. യുക്രെയ്ന്‍ പ്രസിഡന്റായി താന്‍ എത്തിയാല്‍ എല്ലാം ശരിയാകുമെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം.