'തടസം നിൽക്കുന്നവരെ ഇല്ലാതാക്കും'; പുടിനെതിരെ പടയൊരുക്കി വാഗ്നര്‍ സൈന്യം, മോസ്കോയിൽ സുരക്ഷ ശക്തമാക്കി

'തടസം നിൽക്കുന്നവരെ ഇല്ലാതാക്കും'; പുടിനെതിരെ പടയൊരുക്കി വാഗ്നര്‍ സൈന്യം, മോസ്കോയിൽ സുരക്ഷ ശക്തമാക്കി

വാഗ്നര്‍ സൈന്യം റഷ്യൻ അതിർത്തിപ്രദേശമായ റോസ്തോവിലെത്തിയെന്ന് മേധാവി യെവ്ഗനി പ്രിഗോഷിൻ
Updated on
2 min read

യുദ്ധനയത്തില്‍ മാറ്റം വരുത്തിയിട്ടില്ലെങ്കില്‍ സായുധവിപ്ലവത്തിന് രാജ്യം സാക്ഷിയാകുമെന്ന മുന്നറിയിപ്പിന് പിന്നാലെ റഷ്യയ്‌ക്കെതിരെ പടയൊരുക്കി സ്വകാര്യ സൈനിക വിഭാഗമായ വാഗ്നര്‍ ഗ്രൂപ്പ്. തന്റെ പോരാളികള്‍ യുക്രെയിനില്‍ നിന്ന് റഷ്യന്‍ അതിര്‍ത്തി കടന്നെന്ന് വ്യക്തമാക്കി വാഗ്നർ മേധാവി യെവ്ഗനി പ്രിഗോഷിനാണ് രംഗത്തത്തിയത്. റഷ്യൻ സൈന്യം വാഗ്നർ സേനയ്ക്കെതിരെ സ്വീകരിച്ച നിലപാടുകളാണ് അതൃപ്തിയ്ക്ക് കാരണമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

സുരക്ഷാ ഭീഷണിയുടെ സാഹചര്യം കണക്കിലെടുത്ത് മോസ്കോയിലും പരിസര പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കി. റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിന്റെ നേതൃത്വത്തിൽ തന്ത്രപ്രധാന മേഖലകളിലെല്ലാം നിരീക്ഷണം തുടരുകയാണ്. മോസ്കോയിൽ നടക്കാനിരുന്ന പ്രധാന പൊതുപരിപാടികളെല്ലാം മാറ്റിവച്ചു. 25,000ത്തിലേറെ വാഗ്നർ സൈനികർ അതിർത്തിയിലെ റോസ്തോവിലെത്തിയെന്നാണ് പ്രിഗോഷിന്റെ അവകാശവാദം. ഈ മേഖലയിലും റഷ്യ കൂടുതൽ സൈനികരെ വിന്യസിച്ചു.

അടുത്തിടെയായി റഷ്യയും വാഗ്നര്‍ സൈന്യവും തമ്മിൽ അഭിപ്രായവ്യത്യാസങ്ങള്‍ ശക്തമായിരുന്നു. റഷ്യയുടെ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് വാഗ്നർ മേധാവിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. രാജ്യത്തിനെതിരെ സായുധ വിപ്ലവം ആസൂത്രണം ചെയ്തു എന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തതെന്ന് റഷ്യന്‍ ന്യൂസ് ഏജന്‍സി (TASS) റിപ്പോര്‍ട്ട് ചെയ്തിരുന്നു. മേധാവിയെ അനുസരിക്കരുതെന്ന നിർദേശവും റഷ്യ വാഗ്നർ സൈനികർക്ക് നൽകി. ഇതിനു പിന്നാലെയാണ് വാഗ്നര്‍ സൈന്യം സായുധ വിപ്ലവത്തിനായി മോസ്‌കോയിലേക്ക് നീക്കം തുടങ്ങിയത്.

'തടസം നിൽക്കുന്നവരെ ഇല്ലാതാക്കും'; പുടിനെതിരെ പടയൊരുക്കി വാഗ്നര്‍ സൈന്യം, മോസ്കോയിൽ സുരക്ഷ ശക്തമാക്കി
'യുദ്ധ നയം മാറ്റിയില്ലെങ്കിൽ റഷ്യയില്‍ വിപ്ലവം നടക്കും': പുടിന് വാഗ്നര്‍ മേധാവിയുടെ മുന്നറിയിപ്പ്

വാഗ്നര്‍ സൈന്യം റഷ്യന്‍ നഗരമായ റോസ്‌തോവില്‍ പ്രവേശിച്ചതായി ടെലഗ്രാമില്‍ പോസ്റ്റ് ചെയ്ത് ഓഡിയോ റെക്കോര്‍ഡിലൂടെയാണ് പ്രിഗോഷിന്‍ അറിയച്ചത്. ആര് തടസം നിന്നാലും അവരെ നശിപ്പിക്കുമെന്നായിരുന്നു പ്രിഗോഷിന്റെ വാക്കുകള്‍. റഷ്യ വ്യോമാക്രമണത്തിലൂടെ വാഗ്നർ ഗ്രൂപ്പിലെ നിരവധി സൈനികരെ കൊലപ്പെടുത്തിയെന്നും പ്രിഗോഷിൻ ആരോപിച്ചു. സൈനിക അട്ടിമറി നടത്താനുള്ള നീക്കമല്ല വാഗ്നറിന്റേതെന്നും ഓഡിയോയിലുണ്ട്. 25,000ത്തിലേറെ സൈനികർ മോസ്കോ ലക്ഷ്യമാക്കി നീങ്ങുന്നുണ്ടെന്നാണ് അവകാശവാദം. എന്നാൽ ശബ്ദ സന്ദേശം പ്രിഗോഷിന്റേത് തന്നെയാണോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ല.

വാഗ്നര്‍ സൈന്യത്തിന്റെ പുതിയ നീക്കത്തെ തുടര്‍ന്ന് റഷ്യയില്‍ സുരക്ഷ ശക്തമാക്കി

ബഖ്മുത്ത് പിടിച്ചെടുക്കാനുള്ള മുന്നേറ്റത്തില്‍ വാഗ്നര്‍ ഗ്രൂപ്പിന്റെ 20,000 ത്തിലധികം സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് പ്രിഗോഷിന്‍ നേരത്തെ തന്നെ ആരോപിച്ചിരുന്നു. റഷ്യ യുദ്ധനയത്തില്‍ മാറ്റം വരുത്താന്‍ തയ്യാറായില്ലെങ്കില്‍ മറ്റൊരു വിപ്ലവത്തിന് രാജ്യം സാക്ഷ്യം വഹിക്കുമെന്നും മുന്നറിയിപ്പ് നല്‍കി. ഒരുകാലത്ത് പുടിന്റെ വിശ്വസ്തനായ അനുയായി കൂടിയായിരുന്ന പ്രിഗോഷിന്‍. പുടിന്റെ സ്വകാര്യസൈന്യം എന്ന വിശേഷണവും അവർക്കുണ്ടായിരുന്നു. യുക്രെയ്ൻ യുദ്ധത്തിന്റെ മുന്നേറ്റനിരയിലാണ് റഷ്യ വാഗ്നർ ഗ്രൂപ്പിന് സ്ഥാനം നൽകിയിരുന്നത്. പലതവണ അസ്വാരസ്യങ്ങൾ ഉടലെടുത്തിരുന്നെങ്കിലും തന്ത്രപരമായ ഇടപെടലുകളിലൂടെ പുടിൻ വാഗ്നർ ഗ്രൂപ്പിനെ കൂടെ നിർത്തിയിരുന്നു. പക്ഷേ ഇത്തവണ അത് സാധ്യമാകില്ലെന്ന സൂചനയാണ് പ്രിഗോഷിന്റെ മുന്നറിയിപ്പിലൂടെ വ്യക്തമാകുന്നത്.

logo
The Fourth
www.thefourthnews.in