'യുദ്ധ നയം മാറ്റിയില്ലെങ്കിൽ റഷ്യയില്‍ വിപ്ലവം നടക്കും': പുടിന് വാഗ്നര്‍ മേധാവിയുടെ മുന്നറിയിപ്പ്
റഷ്യയുടെ യുദ്ധനയത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സ്വകാര്യ സൈനിക വിഭാഗമായ വാഗ്നര്‍ ഗ്രൂപ്പിന്റെ തലവന്‍ യെവ്ഗനി പ്രിഗോഷിൻ രംഗത്ത്. ബഖ്മുത്ത് പിടിച്ചെടുക്കാനുള്ള മുന്നേറ്റത്തില്‍ വാഗ്നര്‍ ഗ്രൂപ്പിന്റെ 20,000 ത്തിലധികം സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് പ്രിഗോഷിന്‍ വ്യക്തമാക്കി.
യുദ്ധനയത്തില്‍ മാറ്റം വരുത്താന്‍ നേതൃത്വം തയ്യാറായില്ലെങ്കില്‍ മറ്റൊരു വിപ്ലവത്തിന് രാജ്യം സാക്ഷ്യം വഹിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. റഷ്യന്‍ ബ്ലോഗറായ കോണ്‍സ്റ്റാന്റിന്‍ ഡോള്‍ഗോവിന് നല്‍കിയ അഭിമുഖത്തിലാണ് ഒരുകാലത്ത് പുടിന്റെ അടുത്ത അനുയായി കൂടിയായിരുന്ന പ്രിഗോഷിന്‍ രൂക്ഷവിമര്‍ശനമുന്നയിക്കുന്നത്.
''വാഗ്നര്‍ റിക്രൂട്ട് ചെയ്തവരില്‍ 20 ശതമാനവും ബഖ്മുത്തിനായുള്ള പോരാട്ടത്തില്‍ കൊല്ലപ്പെട്ടു. യുക്രെയ്നെതിരായ യുദ്ധം അസമത്വത്തിന്റെ കൂടി ചിത്രമാകുകയാണ്. പാവപ്പെട്ടവരുടെ മക്കളെ മാത്രമാണ് യുദ്ധത്തിന്റെ മുന്‍നിരയിലേക്ക് എത്തിക്കുന്നത്. പണക്കാരുടെ മക്കള്‍ സുരക്ഷിതരായി കഴിയുകയാണ്. ഇതേസാഹചര്യമാണ് 1917ലെ വിപ്ലവത്തിലേക്ക് നയിച്ചത്'' - പ്രിഗോഷിന്‍ ഓര്‍മിപ്പിച്ചു.
''ലോകത്തിലെ ഏറ്റവും ശക്തമായ സൈന്യങ്ങളിലൊന്നാണ് യുക്രെയ്ന്‍. കൃത്യമായ പരിശീലനം ലഭിച്ച യുക്രെയ്ന് ഏത് രാജ്യത്തിന്റെ സൈനികബലത്തേയും നേരിടാനുള്ള കഴിവുണ്ട്''- യുക്രെയ്ന്റെ ചെറുത്തുനില്‍പ്പിനെ വാഗ്നര്‍ സേനാത്തലവന്‍ പ്രശംസിച്ചു. യുദ്ധം അവസാനിപ്പിക്കാനുള്ള നടപടി റഷ്യയുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അടുത്ത കാലത്തായി പുടിന്‍ വിരുദ്ധര്‍ ബല്‍ഗൊറോഡ് മേഖലയിലേക്ക് അതിക്രമിച്ച് കടന്നു ചെന്നത് വലിയ ചര്‍ച്ചകള്‍ക്ക് കാരണമായിരുന്നു. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളെ ചെറുക്കാന്‍ റഷ്യന്‍ സേനയ്ക്ക കഴിവില്ലെന്നും പ്രിഗോഷിന്‍ കുറ്റപ്പെടുത്തിയിരുന്നു.
റഷ്യന്‍ സേനയോടുള്ള വിയോജിപ്പ് ആദ്യമായിട്ടല്ല വാഗ്നര്‍ തലവന്‍ പ്രകടിപ്പിക്കുന്നത്. വേണ്ടത്ര ആയുധ സന്നാഹങ്ങള്‍ നല്‍കാന്‍ റഷ്യ തയ്യാറാകാത്തത് വാഗ്നര്‍ ഗ്രൂപ്പിലെ പതിനായിരക്കണക്കിന് സൈനികര്‍ കൊല്ലപ്പെടുന്നതിന് കാരണമായതായി പ്രിഗോഷിന്‍ കുറ്റപ്പെടുത്തിയിരുന്നു.
റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ പ്രധാന പങ്ക് വഹിച്ചവരാണ് പുടിന്റെ സ്വകാര്യ സേന എന്നറിയപ്പെടുന്ന വാഗ്നര്‍ സൈന്യം. മുന്‍പും റഷ്യന്‍ സൈന്യത്തിനും വാഗ്നര്‍ ഗ്രൂപ്പിനുമിടയില്‍ ഭിന്നതകള്‍ ഉടലെടുത്തിരുന്നു.
വാഗ്നര്‍ ഗ്രൂപ്പ് പിടിച്ചെടുത്ത കിഴക്കന്‍ യുക്രെയ്ന്‍ നഗരം ബാഖ്മുത്ത് ജൂണ്‍ ഒന്നിന് റഷ്യന്‍ സേനയ്ക്ക് കൈമാറിയ ശേഷം അന്ന് തന്നെ നഗരം വിടുമെന്ന് പ്രിഗോഷിന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ബഖ്മുത്ത് റഷ്യ പിടിച്ചെടുത്തിട്ടില്ലെന്നും പ്രതിരോധം തുടരുകയാണെന്നുമാണ് യുക്രെയ്ന്റെ നിലപാട്.