യെവ്ഗനി പ്രിഗോഷിൻ
യെവ്ഗനി പ്രിഗോഷിൻ

'യുക്രെയ്നിലെ ബഖ്‌മൂത്തിൽ നിന്ന് ഉടൻ പിന്മാറും'; അപ്രതീക്ഷിത പ്രഖ്യാപനവുമായി റഷ്യൻ കൂലിപ്പടയാളി സംഘത്തലവൻ

റഷ്യൻ പ്രതിരോധ മന്ത്രിയെയും ജനറൽ സ്റ്റാഫ് മേധാവിയെയും കുറ്റപ്പെടുത്തിക്കൊണ്ട് കൂടിയാണ് പ്രിഗോഷിൻ പിന്മാറ്റം പ്രഖ്യാപിച്ചിരിക്കുന്നത്
Updated on
1 min read

യുക്രെയ്നിലെ ബഖ്‌മൂത്തിൽ നിന്ന് പിന്മാറുവെന്ന പ്രഖ്യാപനവുമായി റഷ്യയുടെ സ്വകാര്യ കൂലിപ്പടയാളി സംഘമായ വാഗ്നർ ഗ്രൂപ്പിന്റെ തലവൻ യെവ്ഗനി പ്രിഗോഷിൻ. കഴിഞ്ഞ ഓഗസ്റ്റ് മുതൽ റഷ്യൻ സൈന്യം പിടിച്ചെടുക്കാൻ കിണഞ്ഞ് പരിശ്രമിക്കുന്ന പ്രദേശമാണ് ബഖ്‌മൂത്ത്. വാഗ്നർ ഗ്രൂപ്പിന് കനത്ത നാശമാണുണ്ടായിരിക്കുന്നതെന്നും റഷ്യൻ പ്രതിരോധ സേനയുടെ ഭാഗത്ത് നിന്ന് വേണ്ടവിധം പിന്തുണ ലഭിക്കുന്നില്ലെന്നും പ്രിഗോഷിൻ വെള്ളിയാഴ്ച പറഞ്ഞു. മെയ് പത്തോടു കൂടി പിന്മാറുമെന്നാണ് മുന്നറിയിപ്പ്.

തങ്ങൾക്കുണ്ടായ നഷ്ടം വലുതാണെന്നും അതുകൊണ്ട് മെയ് പത്തിന് ബഖ്‌മൂത്തിൽ നിന്ന് പിന്മാറുമെന്നും പ്രിഗോഷിൻ പറയുന്നു. 'ബഖ്‌മൂത്തിലെ പോരാട്ടം റഷ്യൻ പ്രതിരോധ സേന യൂണിറ്റുകൾക്ക് കൈമാറും. നഷ്ടങ്ങൾ വീണ്ടെടുക്കുന്നതിന്റെ ഭാഗമായി വാഗ്നർ ഗ്രൂപ്പിന്റെ ലോജിസ്റ്റിക്സ് ക്യാമ്പുകളെല്ലാം പിൻവലിക്കുകയാണ്." പ്രിഗോഷിൻ പറഞ്ഞു. യുക്രെയ്നിലെ റഷ്യയുടെ മുന്നണിപോരാളികളായ വാഗ്നർ ഗ്രൂപ്പിന്റെ ഈ ഘട്ടത്തിലുള്ള പിന്മാറ്റം വലിയ തിരിച്ചടിയാകും പുടിന് ഉണ്ടാക്കുക.

രണ്ടാം ലോകയുദ്ധത്തിലെ വിജയത്തിന്റെ വാർഷികദിനം ആഘോഷിക്കുന്നതിന്റെ ഒരുക്കങ്ങളിലാണ് റഷ്യ. അതിനിടെയുള്ള അപ്രതീക്ഷിത പ്രഖ്യാപനം പുടിൻ എങ്ങനെയാകും നേരിടുകയെന്നത് ഉറ്റുനോക്കുകയാണ് ലോകം

റഷ്യൻ പ്രതിരോധ മന്ത്രിയെയും ജനറൽ സ്റ്റാഫ് മേധാവിയെയും കുറ്റപ്പെടുത്തിക്കൊണ്ട് കൂടിയാണ് പ്രിഗോഷിൻ തന്റെ പിന്മാറ്റം പ്രഖ്യാപിച്ചിരിക്കുന്നത്. യുദ്ധസാമഗ്രികളുടെ അഭാവമാണ് ദിനംപ്രതി ഇത്രവലിയ നഷ്ടങ്ങൾ നേരിടേണ്ടി വരുന്നതിന് കാരണം. ബഖ്‌മൂത്ത് പിടിച്ചെടുത്ത് റഷ്യയ്ക്ക് വിജയം സമ്മാനിക്കാൻ കഴിയാത്തത് പ്രതിരോധ മന്ത്രിയുടെയും ജനറൽ സ്റ്റാഫ് മേധാവിയുടെയും നിസാരമായ അസൂയ നിമിത്തമാണ്. ഒരു ന്യായീകരണമില്ലാത്ത ഈ നഷ്ടം എന്റെ സേന സഹിക്കേണ്ടതില്ലെന്നും വെള്ളിയാഴ്ച പുറത്തുവിട്ട വിഡിയോയിൽ പ്രിഗോഷിൻ പറയുന്നു.

ഡോൻബാസ് മേഖല മുഴുവനായി വരുതിയിലാക്കാനുള്ള നീക്കത്തിൽ ബഖ്‌മൂത്ത് പിടിച്ചെടുക്കുകയെന്നത് റഷ്യയ്ക്ക് പ്രധാനമാണ്

അതേസമയം, റഷ്യൻ പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും പ്രിഗോഷിനും തമ്മിൽ നിലനിൽക്കുന്ന തർക്കങ്ങളുടെ ഭാഗമായും ഈ പ്രഖ്യാപനത്തെ നിരീക്ഷകർ വിലയിരുത്തുന്നുണ്ട്. മുൻപും സമാനമായ പ്രഖ്യാപനങ്ങൾ വാഗ്നർ തലവൻ നടത്തിയെങ്കിലും പിന്നീടതൊരു തമാശയായിരുന്നുവെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞിരുന്നു. അതുകൊണ്ട് തന്നെ പിന്മാറുമെന്ന പ്രഖ്യാപനം മുഖവിലയ്‌ക്കെടുക്കേണ്ടതുണ്ടോ എന്ന സംശയവും പല കോണുകളിൽ നിന്നുയരുന്നുണ്ട്. മൂന്ന് ആഴ്ചകൾക്ക് മുൻപാണ് ബാഖ്‌മൂത്തിന്റെ 80 ശതമാനവും പിടിച്ചെടുത്തതായി പ്രിഗോഷിൻ പ്രഖ്യാപിച്ചത്.

ഇക്കഴിഞ്ഞ ബുധനാഴ്ച, പുടിനെ വധിക്കാൻ യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയതായി റഷ്യ ആരോപിച്ചിരുന്നു. എന്നാൽ യുക്രെയ്ൻ ആരോപണം നിരസിച്ചു. ഇതിന് പിന്നാലെയാണ് നാടകീയ സംഭവം അരങ്ങേറുന്നത്. രണ്ടാം ലോകയുദ്ധത്തിലെ വിജയത്തിന്റെ വാർഷികദിനം (മെയ് ഒൻപത്) ആഘോഷിക്കുന്നതിന്റെ ഒരുക്കങ്ങളിലാണ് റഷ്യ. അതിനിടെയുള്ള പ്രിഗോഷിന്റെ അപ്രതീക്ഷിത പ്രഖ്യാപനം പുടിൻ എങ്ങനെയാകും നേരിടുകയെന്നത് ഉറ്റുനോക്കുകയാണ് ലോകം.

അധിനിവേശം ആരംഭിക്കുന്നതിന് മുൻപ് 70000 ത്തോളം പേർ താമസിച്ചിരുന്ന പ്രദേശമായിരുന്നു ബഖ്‌മൂത്ത്. ഡോൻബാസ് മേഖല മുഴുവനായി വരുതിയിലാക്കാനുള്ള നീക്കത്തിൽ ബഖ്‌മൂത്ത് പിടിച്ചെടുക്കുകയെന്നത് റഷ്യക്ക് പ്രധാനമാണ്. യുക്രെയ്നെ സംബന്ധിച്ചിടത്തോളം അവരുടെ പ്രതിരോധത്തിന്റെ പ്രതീകമാണ് ഈ പ്രദേശം.

logo
The Fourth
www.thefourthnews.in