റഷ്യ - വാഗ്‌നര്‍ സൈന്യങ്ങൾ നേര്‍ക്കുനേര്‍, വീക്ഷിച്ച് ലോക രാഷ്ട്രങ്ങള്‍; ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് മോസ്കോ മേയർ

റഷ്യ - വാഗ്‌നര്‍ സൈന്യങ്ങൾ നേര്‍ക്കുനേര്‍, വീക്ഷിച്ച് ലോക രാഷ്ട്രങ്ങള്‍; ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് മോസ്കോ മേയർ

മോസ്‌കോ സംഘർഷം കണക്കിലെടുത്ത് തിങ്കളാഴ്ച ഭാഗിക അവധി പ്രഖ്യാപിച്ചിരിക്കുകയാണ്
Updated on
1 min read

റഷ്യയില്‍ വാഗ്നര്‍ ഗ്രൂപ്പ് സൈനിക അട്ടിമറി നീക്കം ശക്തമാക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ആശങ്കയോടെ ലോക രാഷ്ട്രങ്ങള്‍. റഷ്യൻ സൈന്യവും വിമത സൈനിക വിഭാഗമായ വാഗ്‍നർ ഗ്രൂപ്പും മോസ്കോയ്ക്ക് നേർക്കുനേർ എറ്റുമുട്ടുമെന്ന നിലയിലേക്കാണ് വിഷയം എത്തി നില്‍ക്കുന്നത്. ഇനിയുള്ള മണിക്കൂറുകള്‍ നിര്‍ണായകമാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

തലസ്ഥാന നഗരം പിടിക്കാന്‍ വാഗ്‌നര്‍ സൈന്യവും പ്രതിരോധിക്കാന്‍ റഷ്യന്‍ സേനയും രംഗത്തിറങ്ങിയതോടെ മോസ്കോയിലെ ജനജീവിതവും ദുഷ്കരമായിരിക്കുകയാണ്. മോസ്കോയിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ജനങ്ങളോട് പുറത്തിറങ്ങരുതെന്ന നിർദേശവുമായി മോസ്കോ മേയർ സെർജി സോബിയാനിൻ. സംഘർഷം കണക്കിലെടുത്ത് പ്രധാന മേഖലകളിൽ ജോലി ചെയ്യുന്ന ആളുകൾ ഒഴികെ എല്ലാവർക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. അത്യാവശ്യ സേവനങ്ങൾ ഉറപ്പ് വരുത്തുകയും അടിയന്തിര ഘട്ടമുണ്ടായാൽ റിപ്പോർട്ട് ചെയ്യണമെന്നും ജനങ്ങളോട് മേയർ ആവശ്യപ്പെട്ടു. നഗരം ചുറ്റിയുള്ള യാത്രകൾ പരമാവധി ഒഴിവാക്കണമെന്നും യാത്രകൾക്ക് വേണ്ടി കാറുകൾ ഉപയോഗിക്കണമെന്നും മോസ്കോ മേയർ ജനങ്ങൾക്ക് നിർദേശം നൽകി.

റഷ്യ - വാഗ്‌നര്‍ സൈന്യങ്ങൾ നേര്‍ക്കുനേര്‍, വീക്ഷിച്ച് ലോക രാഷ്ട്രങ്ങള്‍; ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് മോസ്കോ മേയർ
തിരിച്ചടിച്ച് റഷ്യ; വാഗ്നർ സേനയെ പ്രതിരോധിക്കാന്‍ മോസ്‌കോ നഗരത്തില്‍ സൈനിക വിന്യാസം

റഷ്യയിലെ സാഹചര്യങ്ങള്‍ വീക്ഷിച്ച് വരികയാണ് എന്നാണ് ലോകരാഷ്ട്രങ്ങളുടെ പ്രതികരണം. നിലവിലെ സാഹചര്യങ്ങളെ കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ഉപദേഷ്ടാക്കളും കൂടിക്കാഴ്ച നടത്തി. അതിനിടെ സഖ്യരാജ്യങ്ങളുമായി വ്ലാഡിമർ പുടിൻ ചർച്ച നടത്തിയതായാണ് വിവരം. ബലാറസ്, കസാഖിസ്ഥാൻ, ഉസ്ബക്കിസ്ഥാൻ, തുർക്കി തുടങ്ങിയ രാഷ്ട്ര നേതാക്കളുമായിട്ടാണ് പുടിൻ ചർച്ച നടത്തിയത്.

എന്നാൽ, കലാപത്തെ എങ്ങനെയും നേരിടുമെന്ന് പറഞ്ഞ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ വിമതർ ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് പറഞ്ഞിരിക്കുന്നത്. അതേസമയം എന്ത് വന്നാലും തങ്ങളുടെ സംഘം പിന്നോട്ട് പോകില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് വാഗ്‌നര്‍ മേധാവി യെവ്ഗനി പ്രിഗോഷി. ഇതിനു പിന്നാലെയായിരുന്നു റഷ്യന്‍ സേന മോസ്‌കോയെ സംരക്ഷിക്കാന്‍ നിലയുറപ്പിച്ചതായും, പ്രത്യാക്രമണം നടത്തിയതായും വാര്‍ത്തകള്‍ പുറത്തുവന്നത്.

ഒറ്റ രാത്രി കൊണ്ടാണ് വാഗ്‌നര്‍ സൈന്യം തെക്കന്‍ റഷ്യയിലെ റോസ്‌തോവ്-ഓണ്‍-ഡോണ്‍ പിടിച്ചെടുത്തത്. ഒരു തലത്തിലുമുള്ള ചെറുത്തുനില്‍പ്പും നേരിടാതെയാണ് നഗരം പിടിച്ചത് എന്നായിരുന്നു വിമത സൈന്യത്തിന്റെ അവകാശവാദം. മൂന്ന് നഗരങ്ങള്‍ വിമതർ പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. റോസ്‌തോവ്-ഓണ്‍-ഡോണിന് പുറമെ വോറോനെഷാണ് വിമതര്‍ പിടിച്ചെടുത്ത രണ്ടാമത്തെ പ്രദേശം.

റഷ്യന്‍ സൈന്യം വാഗ്‌നര്‍ വാഹനവ്യൂഹങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്തതായും മോസ്‌കോയിലേക്കുള്ള പ്രവേശന കവാടമായ പാലം തകർത്തതായും അന്താരഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നഗരത്തില്‍ അത്യാധുനിക ആയുധങ്ങളുമായി റഷ്യന്‍ സൈന്യം നിലയുറപ്പിച്ചെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തു വിട്ടു.

ശനിയാഴ്ച പുലര്‍ച്ചെയാണ് വാഗ്‌നര്‍ സൈന്യം ഉക്രെയ്ന്‍ അതിര്‍ത്തി കടന്ന് റഷ്യയിലേക്ക് പ്രവേശിച്ചത്. അതിര്‍ത്തി മേഖലയ്ക്ക് അടുത്ത നഗരമായ റോസ്‌തോവ്-ഓണ്‍-ഡോണ്‍ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്‌തെന്നായിരുന്നു ആദ്യ വാര്‍ത്തകള്‍.

logo
The Fourth
www.thefourthnews.in