യുക്രെയ്‌നെ വിഴുങ്ങുന്ന റഷ്യ

യുക്രെയ്‌നെ വിഴുങ്ങുന്ന റഷ്യ

നാല് പ്രവിശ്യകളില്‍ അധികാരസ്ഥാപനം
Updated on
2 min read

യുക്രെയ്‌ന്റെ ഭാഗമായ നാല് പ്രദേശങ്ങള്‍ കൂടി റഷ്യ തങ്ങളോട് കൂട്ടിച്ചേര്‍ക്കുകയാണ്. റഷ്യന്‍ സൈന്യത്തിന്റെ അധീനതയിലുള്ള ലുഹാന്‍സ്, ഡൊനെറ്റ്‌സ്‌ക്, ഖെഴ്‌സണ്‍, സപോറീഷ്യ പ്രവിശ്യങ്ങളാണ് റഷ്യ അവകാശപ്പെടുത്തുന്നത്. സ്വന്തം നിലയില്‍ ഹിതപരിശോധന നടത്തിയാണ് അവകാശസ്ഥാപനം. ഏഴ് മാസമായി തുടരുന്ന യുദ്ധത്തില്‍, വലിയ തിരിച്ചടികള്‍ നേരിടുന്നുണ്ടെങ്കിലും പിന്നോട്ടില്ല എന്ന സൂചനയാണ് ഇതിലൂടെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ മുന്നോട്ടുവെക്കുന്നത്. ഹിതപരിശോധനയാണ് അംഗീകരിക്കുന്നതെന്നും അതിന് ജനപിന്തുണയുണ്ടെന്നുമാണ് റഷ്യയുടെ വാദം. അതേസമയം, കൃത്രിമ മാര്‍ഗങ്ങളിലൂടെയാണ് ഹിത പരിശോധന നടത്തിയതെന്നാണ് അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ന്നിട്ടുള്ള വിമര്‍ശനം. യുക്രെയ്‌നോ, യൂറോപ്യന്‍ യൂണിയനോ, നാറ്റോയോ, യുഎസോ ഹിതപരിശോധന അംഗീകരിച്ചിട്ടില്ല. യുഎസ് റഷ്യക്കെതിരെ ഉപരോധം ശക്തമാക്കിയിട്ടുമുണ്ട്.

റഷ്യ പിടിച്ചെടുത്ത യുക്രെയ്ന്‍

2014ലെ അധിനിവേശത്തിനൊടുവിലായിരുന്നു റഷ്യ ക്രിമിയ പിടിച്ചെടുത്തത്. വിമതന്മാരുടെ പിന്തുണയോടെ, ലുഹാന്‍സ്, ഡൊനെറ്റ്‌സ്‌ക് പ്രവിശ്യകളില്‍ നിയന്ത്രണം സ്ഥാപിക്കുകയും ചെയ്തു. ഈവര്‍ഷം ഫെബ്രുവരിയില്‍ തുടക്കമിട്ട യുദ്ധത്തിനൊടുവില്‍ ഖെഴ്‌സണ്‍, സപോറീഷ്യ പ്രദേശങ്ങള്‍ കൂടി റഷ്യന്‍ സൈന്യം കീഴടക്കി. റഷ്യന്‍ ഭാഷ സംസാരിക്കുന്നവര്‍ ഏറെയുള്ള പ്രവിശ്യകളാണിത്. 2014ല്‍ ക്രിമിയ പിടിച്ചെടുത്തതിന് സമാനമായിരുന്നു പിന്നീടുള്ള റഷ്യയുടെ നീക്കങ്ങള്‍. ഏകപക്ഷീയമായി നടത്തിയ ഹിതപരിശോധനക്കൊടുവിലാണ് നാല് പ്രവിശ്യകളും റഷ്യ തങ്ങളുടെ ഭാഗമാക്കുന്നത്. യുക്രെയ്ന്‍ അതിര്‍ത്തിയിലെ നാല്‍പ്പതിനായിരം ചതുരശ്ര മൈലില്‍, നൂറുകണക്കിന് നഗരങ്ങള്‍, പട്ടണങ്ങള്‍, ഗ്രാമങ്ങള്‍ തങ്ങളുടേതാണെന്ന് അവകാശപ്പെടാന്‍ ഒരുങ്ങുകയാണ് റഷ്യ.

എന്തുകൊണ്ട് എതിര്‍പ്പ്?

ഏകപക്ഷീയമായി ഹിതപരിശോധന നടത്തി അധികാരം സ്ഥാപിച്ച റഷ്യന്‍ നടപടിയെ അന്നും ഇന്നും അന്താരാഷ്ട്ര സമൂഹങ്ങള്‍ അംഗീകരിക്കുന്നില്ല. കൃത്രിമ ഹിതപരിശോധനയെ അംഗീകരിക്കാനാവില്ലെന്നാണ് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലെന്‍സ്‌കിയുടെ പ്രതികരണം. 1994ലെ ബുഡാപെസ്റ്റ് മെമ്മോറാണ്ടം പ്രകാരം റഷ്യ അംഗീകരിച്ച യുക്രെയ്ന്റെ അതിര്‍ത്തികളില്‍ ഒന്നിലും റഷ്യന്‍ നിയന്ത്രണം അംഗീകരിക്കില്ല. യാഥാര്‍ത്ഥ്യത്തെ ഒരിക്കലും മാറ്റാനാകില്ല. യുക്രെയ്‌ന്റെ പ്രാദേശിക അഖണ്ഡത പുനസ്ഥാപിക്കും. റഷ്യയോടുള്ള പ്രതികരണം കടുത്തതായിരിക്കും. രാജ്യത്തുനിന്ന് റഷ്യന്‍ സൈന്യത്തെ പുറത്താക്കാനുള്ള പോരാട്ടം തുടരുമെന്നും സെലെന്‍സ്‌കി കൂട്ടിച്ചേര്‍ക്കുന്നു.

യുഎസും യൂറോപ്യന്‍ സഖ്യകക്ഷികളും ഉള്‍പ്പെടെ റഷ്യന്‍ നീക്കത്തിനെതിരെ രംഗത്തുണ്ട്. സൈനിക നീക്കത്തിലൂടെ മറ്റൊരു രാജ്യത്തെ പ്രദേശങ്ങള്‍ അവകാശപ്പെടുത്തുന്നത് മേഖലയെ അസ്ഥിരപ്പെടുത്തുന്ന ഒരു മാതൃക സൃഷ്ടിക്കുമെന്നാണ് വിമര്‍ശനം. യുഎന്‍ ചാര്‍ട്ടര്‍ ലംഘിച്ചാണ് റഷ്യ യുക്രെയ്ന്‍ അധിനിവേശത്തിന് തുടക്കമിട്ടത്. ഏതെങ്കിലും രാജ്യത്തിന്റെ പ്രാദേശിക സമഗ്രതയ്ക്കും രാഷ്ട്രീയ സ്വാതന്ത്ര്യത്തിനും നേരെ അധികാര പ്രയോഗം നടത്തുന്നതിനെ ചാര്‍ട്ടര്‍ എതിര്‍ക്കുന്നു. എന്നാല്‍, അതിനെയെല്ലാം തിരസ്‌കരിച്ചുകൊണ്ടാണ് റഷ്യ കഴിഞ്ഞ ഫെബ്രുവരിയില്‍ അധിനിവേശത്തിന് തുടക്കമിട്ടത്. റഷ്യ നടത്തിയ ഹിത പരിശോധനയും അംഗീകരിക്കാനാവില്ല. നിര്‍ബന്ധിക്കപ്പെട്ടും തോക്കിന്‍ മുനയിലുമാണ് പലരും വോട്ട് ചെയ്തത്. അന്തിമഫലം ഉള്‍പ്പെടെ കൃത്രിമമായിരിക്കുമെന്നും പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ആരോപിക്കുന്നു. ഉപരോധം ശക്തിപ്പെടുത്തുമെന്ന് യുഎസ് വ്യക്തമാക്കി. വോട്ടെടുപ്പില്‍ ഉള്‍പ്പെടുന്നവരെ ഉള്‍പ്പെടെ ഉപരോധിക്കുന്ന തരത്തിലാണ് യൂറോപ്യന്‍ യൂണിയന്‍ നടപടികള്‍.

റഷ്യയുടെ അടുത്തനീക്കം

കടുത്ത എതിര്‍പ്പിനിടയിലും, തീരുമാനവുമായി മുന്നോട്ടുപോകുകയാണ് പുടിന്‍. നാല് പ്രദേശങ്ങളും കൂട്ടിച്ചേര്‍ക്കുന്നതിന് നിയമസാധുത നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. റെഡ് സ്‌ക്വയറില്‍ പ്രത്യേക റാലി ഉള്‍പ്പെടെ നിശ്ചയിച്ചിട്ടുണ്ട്. നാല് പ്രവിശ്യയിലെയും കാവല്‍ ഭരണാധികാരികള്‍ റഷ്യയിലെത്തിയിട്ടുണ്ട്. തങ്ങളുടെ പ്രവിശ്യകളെ റഷ്യയുടെ ഭാഗമായി അംഗീകരിക്കണമെന്ന് ഔദ്യോഗികമായി അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 2014ലെ ക്രിമിയ മാതൃകയാണ് പിന്തുടരുന്നതെങ്കില്‍, പുടിന്‍ ഒരു കരട് നിയമം പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ഇരു സഭകളും അനുകൂലിച്ച് വോട്ട് ചെയ്യുമെന്ന കാര്യത്തില്‍ സംശയമോ ആശ്ചര്യമോ വേണ്ടതില്ല. അതിനാല്‍, നിയമം അംഗീകരിക്കപ്പെടും. അതില്‍ ഒപ്പുവെക്കപ്പെടുന്നതോടെ, യുക്രെയ്ന്‍ അതിര്‍ത്തിയിലെ നാല് പ്രവിശ്യകള്‍ റഷ്യയുടെ ഭാഗമാകും. പിന്നാലെ, പുടിന്‍ രാഷ്ട്രത്തെ അഭിസംബോധന ചെയ്യുമെന്നാണ് വിവരം. ഏതെങ്കിലും തരത്തില്‍ പ്രകോപനമുണ്ടാക്കിയാല്‍, ആണവായുധമെടുക്കും എന്നൊരു മുന്നറിയിപ്പും റഷ്യ മുന്നോട്ടുവെച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in