ഇസ്രയേല്‍ വിമര്‍ശനം: അറബ് മാധ്യമങ്ങള്‍ക്കും സംഘടനകള്‍ക്കുമുള്ള സാമ്പത്തിക സഹായം വെട്ടിക്കുറച്ച് പാശ്ചാത്യ രാജ്യങ്ങള്‍
ഗാസയിലെ ഇസ്രയേല്‍ അതിക്രമങ്ങളെ വിമര്‍ശിച്ചതിന് അറബ് മാധ്യമങ്ങള്‍ക്കും മനുഷ്യാവകാശ സംഘടനകള്‍ക്കുമുള്ള സാമ്പത്തിക സഹായം പാശ്ചാത്യ രാജ്യങ്ങള്‍ വെട്ടികുറയ്ക്കുന്നതായി റിപ്പോര്‍ട്ട്. അല്‍ജസീറയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ബെയ്‌റൂട്ടിലും ലെബനനിലും ഗാസയിലും ഇസ്രയേല്‍ നടത്തുന്ന അതിക്രമങ്ങളെ വിമര്‍ശിച്ചതിനാലാണ് പാശ്ചാത്യ രാജ്യങ്ങള്‍ അറബ് സിവില്‍ സൊസൈറ്റി ഗ്രൂപ്പുകള്‍ക്കുള്ള സാമ്പത്തിക സഹായം വെട്ടിക്കുറയക്കുന്നതെന്നാണ് വിവിധ മനുഷ്യാവകാശ ഗ്രൂപ്പുകള്‍ പറയുന്നത്.
ഇസ്രയേലിന്റെ ബോംബാക്രമണത്തിനും ഗാസ ഉപരോധത്തിനും പല പാശ്ചാത്യ രാജ്യങ്ങളും പിന്തുണ നല്‍കുന്നതില്‍ തങ്ങള്‍ നിരാശയിലാണെന്നും മനുഷ്യാവകാശ ഗ്രൂപ്പുകള്‍ അല്‍ജസീറയോട് പറഞ്ഞു. ഈജിപ്ത്, അധിനിവേശ പലസ്തീന്‍ പ്രദേശം, ഗാസ, ലെബനന്‍ എന്നിവിടങ്ങളില്‍ ഇസ്രായേല്‍ നടത്തിയ അതിക്രമങ്ങള്‍ക്കെതിരെ സംസാരിച്ച വിവിധ സിവില്‍ സൊസൈറ്റി ഗ്രൂപ്പുകള്‍ക്കും സമാനമായ അനുഭവമാണുള്ളതെന്നും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒക്ടോബര്‍ ഏഴിന് തെക്കന്‍ ഇസ്രയേലിലെ സൈനിക ഔട്ട്പോസ്റ്റുകളിലും ചുറ്റുമുള്ള ഗ്രാമങ്ങളിലും ഹമാസിന്റെ ആക്രമണത്തിന് പിന്നാലെ ഓസ്ട്രിയ, ഡെന്‍മാര്‍ക്ക്, ജര്‍മനി, സ്വീഡന്‍ എന്നീ രാജ്യങ്ങള്‍ ഗാസയിലും വെസ്റ്റ് ബാങ്കിലും ഉഭയകക്ഷി വികസന സഹായ പരിപാടികള്‍ നിര്‍ത്തിവച്ചതായി ഹ്യൂമന്‍ റൈറ്റ്സ് വാച്ച് അറിയിച്ചു.
ഈ പിന്‍വാങ്ങല്‍ 139 മില്യണ്‍ ഡോളറിന്റെ ധനസഹായം നഷ്ടപ്പെടുത്തുകയും യുഎന്‍ ഏജന്‍സികളെയും വെസ്റ്റ് ബാങ്കിനെ ഭരിക്കുന്ന പലസ്തീനിയന്‍ അതോറിറ്റിയെയും നിരവധി സിവില്‍ സൊസൈറ്റി ഓര്‍ഗനൈസേഷനുകളെയും ബാധിക്കുകയും ചെയ്തിരുന്നു.
ഒക്ടോബര്‍ 11-ന് സ്വിസ് ഫെഡറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫോറിന്‍ അഫയേഴ്സ് (എഫ്ഡിഎഫ്എ) ആറ് പലസ്തീന്‍ സിവില്‍ സൊസൈറ്റികള്‍ക്കും അഞ്ച് ഇസ്രായേലി സിവില്‍ സൊസൈറ്റി ഓര്‍ഗനൈസേഷനുകള്‍ക്കുമുള്ള ധനസഹായം നിര്‍ത്തിവച്ചു. ഇസ്രായേല്‍ അനുകൂല എന്‍ജിഒ ആയ എന്‍ജിഒ മോണിറ്ററിന്റെ ശക്തമായ സമ്മര്‍ദ്ദം കാരണമാണ് പല ധനസഹായങ്ങളും നിര്‍ത്തിവയ്‌ക്കേണ്ടി വന്നതെന്ന് പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു വ്യക്തി അല്‍ജസീറയോട് പറഞ്ഞു.
'ഇസ്രയേല്‍ സർക്കാരിനെ വിമര്‍ശിക്കുന്ന ശബ്ദങ്ങളെ പാര്‍ശ്വവത്കരിക്കാന്‍ ശ്രമിക്കുന്ന എന്‍ജിഒ മോണിറ്റര്‍ പോലെയുള്ള വിവിധ സര്‍ക്കാരിതര സംഘടനകളുണ്ട്. എന്നാല്‍ ഈ സംഘടനകള്‍ ഒരിക്കലും പലസ്തീനികള്‍ക്കെതിരായ ഇസ്രായേല്‍ ഗവണ്‍മെന്റിന്റെ നടപടികളെ വിമര്‍ശിക്കില്ല' എന്ന് ഇസ്രയേല്‍-പലസ്തീന്‍ ഹ്യൂമന്‍ റൈറ്റ്സ് വാച്ച് ഡയറക്ടര്‍ ഒമര്‍ ഷാക്കിറും പറഞ്ഞു.
അഭിപ്രായത്തിനായി അല്‍ ജസീറ എന്‍ജിഒ മോണിറ്ററുമായി ബന്ധപ്പെട്ടെങ്കിലും പ്രതികരണം ലഭിച്ചില്ലെന്നും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. യൂറോപ്യന്‍ രാജ്യങ്ങളും സംഘടനകളും അറബ് മാധ്യമ സ്ഥാപനങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കുന്നെന്നും രണ്ട് അറബി മാധ്യമസംഘടനകള്‍ അല്‍ ജസീറയോട് പറഞ്ഞു. ഗാസയിലെ ഇസ്രയേല്‍ അതിക്രമങ്ങള്‍ക്കെതിരെ ശബ്ദിക്കാത്ത യുഎന്‍ സ്ഥാപനങ്ങളില്‍ പ്രാദേശിക സിവില്‍ സൊസൈറ്റി സംഘടനകള്‍ക്കും വിശ്വാസം നഷ്ടപ്പെടുകയാണെന്നും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം ഗാസയില്‍ ഇസ്രായേല്‍ ആക്രമണം കനക്കുന്നതിനിടെ മാനുഷിക പരിഗണന മുന്‍നിര്‍ത്തി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് യുഎന്‍ രക്ഷാസമിതിയുടെ പ്രമേയം പാസാക്കി. 15 അംഗ കൗണ്‍സിലില്‍ 12 വോട്ടാണ് അടിയന്തര വെടിനിര്‍ത്തലിന് അനുകൂലമായി ലഭിച്ചത്. മൂന്ന് രാജ്യങ്ങള്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. റഷ്യ, യുഎസ്, യുകെ എന്നീ രാജ്യങ്ങളാണ് വിട്ടുനിന്നത്.
ഹമാസ് തടവിലാക്കിയ ബന്ദികളെ ഉപാധികളില്ലാതെ മോചിപ്പിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മാള്‍ട്ടയാണ് പ്രമേയം അവതരിപ്പിച്ചത്.