ഇസ്രയേലിന് സൈനിക സഹായവും പലസ്തീൻ ജനതയ്ക്കായി ഇടപെടലും; കാലാവധി അവസാനിക്കാനിരിക്കെ ബൈഡന്റെ നീക്കങ്ങള്‍ സൂചിപ്പിക്കുന്നതെന്ത്?
ഇറാനും ഇറാൻ പിന്തുണയുള്ള സംഘടനകളുമായി ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങള്‍ കൂടുതല്‍ സൈനിക സഹായം നല്‍കാനുള്ള തീരുമാനവുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. തന്റെ കാലാവധി അവസാനിക്കാൻ ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ബൈഡന്റെ നീക്കം. ഇസ്രയേലിന്റെ തീരുമാനങ്ങളില്‍ അമേരിക്ക അടുത്തിടെയായി സ്വാധീനം ചെലുത്താനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. സംഘർഷം തടയുക, ഗാസയില്‍ തുടരുന്ന മാനുഷിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക എന്നിങ്ങനെയുള്ള ബൈഡന്റെ ലക്ഷ്യം സാധ്യമാകാൻ ഇത് സഹായിക്കുമെന്നത് വ്യക്തമല്ലെന്നാണ് വിദഗ്ദർ പറയുന്നത്.
അമേരിക്കയുടെ ആന്റി മിസൈല്‍ സിസ്റ്റവും 100 സൈനികരേയും ഇസ്രയേലിന് നല്‍കുമെന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് ബെഡൻ ഭരണകൂടം പ്രഖ്യാപിച്ചത്. ഇറാന്റെ ആക്രമണത്തില്‍ തിരിച്ചടി നല്‍കാൻ ഇസ്രയേല്‍ ഒരുങ്ങുന്നതിനിടെയായിരുന്നു ഈ നീക്കമുണ്ടായത്.
ആയുധസഹായം നല്‍കുന്നതിനോടൊപ്പം തന്നെ ഇസ്രയേലിന് ചില മുന്നറിയിപ്പ് നല്‍കിക്കൊണ്ടുള്ള കത്തും കഴിഞ്ഞ ദിവസം അമേരിക്ക അയച്ചിരുന്നു. ഗാസയില്‍ തുടരുന്ന മാനുഷിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് കൃത്യമായ ഇടപെടല്‍ നടത്തണമെന്നും ഇല്ലെങ്കില്‍ ആയുധ കയറ്റുമതി ഉള്‍പ്പെടെ റദ്ദാക്കിയേക്കുമെന്നുമായിരുന്നു അമേരിക്കയുടെ മുന്നറിയിപ്പ്.
ഇസ്രയേലിന്റെ പ്രതിരോധം ഉറപ്പാക്കാനും അതേസമയം, ഗാസയില്‍ ബാധിക്കപ്പെട്ട സാധാരണക്കാരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനുമായുള്ള നിലപാടുകളാണ് അമേരിക്ക സ്വീകരിക്കുന്നത്. പക്ഷേ, ഇത് എത്രത്തോളം പ്രാവർത്തികമാകുമെന്ന കാര്യത്തില്‍ നിശ്ചയമില്ല. ഇസ്രയേലിന്റെ ഇടപെടലുകളില്‍ കൃത്യമായ സ്വാധീനം ചെലുത്തുന്ന നീക്കങ്ങളാണ് നടത്തുന്നതെന്നാണ് അമേരിക്കൻ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
അമേരിക്കയുടെ ഉപദേശങ്ങള്‍ സ്വീകരിക്കുന്നതില്‍ പലപ്പോഴും ബുദ്ധിമുട്ടുകള്‍ ബെഞ്ചമിൻ നെതന്യാഹു ഭരണകൂടം പ്രകടമാക്കിയിട്ടുണ്ട്. നിലവിലെ അമേരിക്കയുടെ സമീപനം ഭരണകൂടം അത്ര സജീവമല്ലാത്ത ഒരു അവസ്ഥയെയാണ് സൂചിപ്പിക്കുന്നത് കാർണിഗ് എൻഡോവ്മെന്റ് ഫോർ ഇന്റർനാഷണല്‍ പീസിലെ മുതിർന്ന അംഗമായ ആരോണ്‍ ഡേവിഡ് മില്ലർ വ്യക്തമാക്കി. ഇറാനുമായുള്ള സംഘർഷം രൂക്ഷമായാലും ഇസ്രയേലിനുള്ള സൈനിക പിന്തുണ പിൻവലിക്കാൻ അമേരിക്ക തയാറായേക്കില്ലെന്നാണ് മില്ലർ പറയുന്നത്.
മാനുഷിക പ്രതിസന്ധികള്‍ പരിഹരിച്ചില്ലെങ്കില്‍ ആയുധ കയറ്റുമതി ഉള്‍പ്പെടെ നിർത്തലാക്കുമെന്നാണ് യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനും പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിനും ഇസ്രയേല്‍ ഭരണകൂടത്തിന് സംയുക്തമായി എഴുതിയ കത്തില്‍ പറയുന്നത്.
30 ദിവസത്തിനുള്ളില്‍ നിയന്ത്രണങ്ങള്‍ നീക്കി മാനുഷികദുരിതം അവസാനിപ്പിക്കണമെന്നാണ് നിർദേശം. നാല് പേജുകള്‍ നീണ്ടതാണ് കത്ത്. ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനാണ് കത്തയച്ചത്. കത്തിന്റെ ആധികാരികത സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് മാത്യു മില്ലർ സ്ഥിരീകരിച്ചിട്ടുണ്ട്.
ഗാസയിലേക്കുള്ള ഭക്ഷണത്തിന്റേയും മരുന്നിന്റേയും വിതരണത്തിന്റെ അളവ് വർധിപ്പിക്കണമെന്ന് വിവിധ മാനുഷിക സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സഹായങ്ങളുടെ കയറ്റുമതിയില്‍ വലിയ ഇടിവ് സംഭവിച്ചിട്ടുള്ളതായാണ് ഐക്യരാഷ്ട്രസഭ കഴിഞ്ഞ വാരം വ്യക്തമാക്കിയത്.