ചൈനയിൽ പീച്ച് പഴങ്ങൾക്കും ചെറുനാരങ്ങയ്ക്കും ആവശ്യക്കാർ ഏറെ; എന്തായിരിക്കും കാരണം?

ചൈനയിൽ പീച്ച് പഴങ്ങൾക്കും ചെറുനാരങ്ങയ്ക്കും ആവശ്യക്കാർ ഏറെ; എന്തായിരിക്കും കാരണം?

ഉയർന്ന പോഷകഗുണമുള്ള പഴവർ​ഗമായാണ് പീച്ചിനെ ചൈനക്കാർ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ വൈറസിനെതിരെ പോരാടാനുളള മാർ​ഗമായാണ് ആളുകൾ ഇത് വാങ്ങി സൂക്ഷിക്കുന്നത്.
Updated on
1 min read

ചൈനയിൽ ജനങ്ങൾ ടിന്നിലടച്ച മഞ്ഞ പീച്ച് പഴങ്ങളും ചെറുനാരങ്ങയും വാങ്ങിക്കൂട്ടുന്ന തിരക്കിലാണ്. ഓൺലൈൻ വിപണിയിലടക്കം ടിന്നിലടച്ച് വരുന്ന മഞ്ഞ പീച്ചിന് ഇതിനോടകം ക്ഷാമവും നേരിടാൻ തുടങ്ങി. എന്തായിരിക്കും കാരണമെന്നല്ലേ? ചൈനയിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചതോടെ കോവിഡ് കേസുകൾ വ്യാപകമായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ മരുന്നുകൾക്ക് പുറമെ പ്രകൃദത്തമായി എങ്ങനെ കോവിഡിനെ നേരിടാം എന്ന ആലോചനയിലാണ് ചൈനക്കാർ. പ്രതിരോധശേഷി വർധിപ്പിക്കുന്നതിനായി വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കൂടി കഴിക്കുന്നത് നല്ലതാണെന്ന ചിന്തയിലേക്ക് അവരെത്തി. അങ്ങനെയാണ് ആളുകൾ മരുന്നുകൾ വാങ്ങി സൂക്ഷിക്കുന്നതിന് പുറമെ മഞ്ഞ പീച്ചുകളും ചെറുനാരങ്ങയും വാങ്ങാൻ തുടങ്ങിയത്. എന്നാൽ വൈറ്റമിൻ സിക്ക് കോവിഡിനെ തടയാനോ ചികിത്സിച്ച് ഭേദപ്പെടുത്താനോ കഴിയുമെന്നതിന് മതിയായ തെളിവുകളില്ല എന്നതാണ് യാഥാർത്ഥ്യം.

കർശന നിയന്ത്രണത്തിനെതിരെ രാജ്യം കടുത്ത പ്രതിഷേധത്തിന് സാക്ഷ്യം വഹിച്ചതിനെത്തുടർന്ന് ചൈന അടുത്തിടെ സീറോ-കോവിഡ് നയം തിരുത്തിയിരുന്നു. നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെ രാജ്യം വീണ്ടും കോവിഡ് കേസുകളിൽ വൻ കുതിച്ചുചാട്ടം നേരിടുകയാണ്. ആധുനിക ചികിത്സാ സംവിധാനങ്ങളെ ആശ്രയിച്ചിട്ടും മാറ്റമൊന്നും ഇല്ലാത്തതുകൊണ്ടാകാം ചൈനയിലെ ജനങ്ങളെ ഇങ്ങനെയൊരു ചിന്തയിലേക്കെത്തിച്ചതെന്നാണ് വിലയിരുത്തൽ.

മരുന്നുകളിൽ ടൈലനോളിനും അഡ്വിലിനും ആവശ്യകത കൂടിയപ്പോൾ പഴവർഗങ്ങളിൽ മഞ്ഞ പീച്ചിനും നാരങ്ങയ്ക്കും ഓറഞ്ചിനും പേരയ്ക്കുമാണ് ആവശ്യക്കാർ കൂടുതൽ. ഉയർന്ന പോഷകഗുണമുള്ള പഴവർ​ഗമായാണ് പീച്ചിനെ ചൈനക്കാർ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ വൈറസിനെതിരെ പോരാടാനുളള മാർ​ഗമായാണ് ആളുകൾ ഇത് വാങ്ങി സൂക്ഷിക്കുന്നത്. എന്നാൽ ഇതുകൊണ്ട് മാത്രം കോവിഡിനെ പ്രതിരോധിക്കാൻ സാധിക്കുമെന്ന തരത്തില്‍ ഒരു പഠനവും ഇതുവരെ വന്നിട്ടില്ല.

മഞ്ഞ പീച്ചിന് പുറമെ, ചൈനയിൽ ചെറുനാരങ്ങയ്ക്കുള്ള ഡിമാൻഡും കുതിച്ചുയരുകയാണ്. നിലവിൽ ഓൺലൈൻ വിപണിയിൽ ആവശ്യത്തിന് സ്റ്റോക്കില്ലാത്ത അവസ്ഥയാണ്. കഴിഞ്ഞ നാലോ അഞ്ചോ ദിവസത്തിനുള്ളിൽ നാരങ്ങയുടെ വില ഇരട്ടിയായി. അതേസമയം, ടിന്നിലടച്ച് വരുന്നവയ്ക്ക് ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും ജനങ്ങൾ പേടിക്കേണ്ട കാര്യമില്ലെന്നുമാണ് ഭക്ഷണ നിർമ്മാതാക്കളായ ഡാലിയൻ ലീസൺ പറയുന്നത്. ബീജിങ്, ഷാങ്ഹായ് തുടങ്ങിയ നഗരങ്ങളിലാണ് കൂടുതലായും ആളുകൾ നാരങ്ങകൾ വാങ്ങുന്നത്. വൈറ്റമിൻ സി അടങ്ങിയ നാരങ്ങയ്ക്ക് കോവിഡ് പ്രതിരോധത്തിന് കഴിയുമെന്നാണ് വിലയിരുത്തൽ. ദിവസവും അഞ്ച് ടൺ വിറ്റു പോയിരുന്ന സ്ഥാനത്ത് ഇപ്പോൾ 20 മുതൽ 30 ടൺ നാരങ്ങയാണ് വിറ്റു പോകുന്നത്.

ആശുപത്രികളിലും ക്ലിനിക്കുകളിലും രോഗികളുടെ എണ്ണത്തിലുണ്ടായ വർദ്ധനവ് കാരണം മരുന്നുകളുടെയും മെഡിക്കൽ സേവനങ്ങളുടെയും കാര്യത്തിൽ സർക്കാർ വലിയ സമ്മർദ്ദം നേരിട്ട് വരികയാണ്. ചൈനയിലെ ആശുപത്രികളെല്ലാം കോവിഡ് രോ​ഗികൾ കൊണ്ട് നിറഞ്ഞിരിക്കുന്നുവെന്നാണ് ഹെൽത്ത് ഇക്കണോമിസ്റ്റും എപിഡമോളജിസ്റ്റുമായ എറിക് ഫീഗൽ-ഡിങ് പറഞ്ഞു. ചൈനയിൽ 60 ​ശതമാനം പേർക്കും അടുത്ത മൂന്ന് മാസത്തിനുള്ളിൽ കോവിഡ് പിടികൂടുമെന്നും ദശലക്ഷക്കണക്കിന് പേർ മരിക്കാൻ ഇടയാകുമെന്നാണ് എറിക് ഫീഗൽ-ഡിങ് പറഞ്ഞു.

logo
The Fourth
www.thefourthnews.in