ദുരൂഹത മാറുമോ? ജോൺ എഫ് കെന്നഡിയുടെ കൊലപാതകം സംബന്ധിച്ച് കൂടുതൽ രേഖകൾ പുറത്തുവിടുന്നു

ദുരൂഹത മാറുമോ? ജോൺ എഫ് കെന്നഡിയുടെ കൊലപാതകം സംബന്ധിച്ച് കൂടുതൽ രേഖകൾ പുറത്തുവിടുന്നു

1963 നവംബര്‍ 22 ന് ടെക്‌സസിലെ ഡാളസ് സന്ദര്‍ശനത്തിനിടെയാണ് യുഎസ് പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡി വെടിയേറ്റ് മരിച്ചത്
Updated on
2 min read

യു എസ് പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് രേഖകള്‍ അമേരിക്ക പുറത്തുവിടുന്നു. ഏകദേശം 13,173 ഫയലുകള്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കുന്നതോടെ ഇതുമായി ബന്ധപ്പെട്ട 97% രേഖകളും പരസ്യമാകുമെന്ന് അമേരിക്കൻ പ്രസിഡൻ്റിൻ്റെ ഓഫീസ് അറിയിച്ചു. രേഖകളില്‍ നിന്ന് കൊലപാതകവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകളൊന്നുമില്ലെങ്കിലും ചരിത്രകാരന്മാര്‍ക്ക് കൊലയാളിയെകുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ ഇത് സഹായിക്കും.

കെന്നഡിയുടെ കൊലപാതക വാർത്ത
കെന്നഡിയുടെ കൊലപാതക വാർത്ത

1963 നവംബര്‍ 22ന് ടെക്‌സസിലെ ഡാളസ് സന്ദര്‍ശനത്തിനിടെയാണ് യു എസ് പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡി വെടിയേറ്റ് മരിച്ചത്. കെന്നഡിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് രേഖകള്‍ പുറത്ത് വിടാന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വ്യാഴാഴ്ചയാണ് ഉത്തരവിട്ടത്. എന്നാല്‍ സുരക്ഷയുടെ ഭാഗമായി ചില രേഖകള്‍ 2023 ജൂണ്‍ വരെ പുറത്ത് വിടില്ലെന്ന് അദ്ദേഹം പറഞ്ഞു. 515 രേഖകള്‍ പൂര്‍ണമായി തടഞ്ഞുവയ്ക്കുമെന്നും 2,545 രേഖകള്‍ ഭാഗികമായും തടഞ്ഞുവയ്ക്കുമെന്നും യു എസ് നാഷണല്‍ ആര്‍ക്കൈവ്‌സ് അറിയിച്ചു.

സോവിയറ്റ് യൂണിയനില്‍ മുമ്പ് താമസിച്ചിരുന്ന യു എസ് പൗരനായ ലീ ഹാര്‍വി ഓസ്വാള്‍ഡാണ് കെന്നഡിയെ കൊലപ്പെടുത്തിയതെന്നും ലീ ഹാര്‍വി തനിച്ചാണ് കൊലപാതകം നടത്തിയതെന്നും കണ്ടെത്തിയിരുന്നു

1964ലെ യു എസ് അന്വേഷണത്തിലും വാറന്‍ കമ്മീഷന്റെ അന്വേഷണത്തിലും സോവിയറ്റ് യൂണിയനില്‍ മുൻപ് താമസിച്ചിരുന്ന യു എസ് പൗരനായ ലീ ഹാര്‍വി ഓസ്വാള്‍ഡാണ് കെന്നഡിയെ കൊലപ്പെടുത്തിയതെന്നും ലീ ഹാര്‍വി തനിച്ചാണ് കൊലപാതകം നടത്തിയതെന്നും കണ്ടെത്തിയിരുന്നു. അറസ്റ്റിന് രണ്ട് ദിവസത്തിന് ശേഷം ഡാലസ് പോലീസ് ആസ്ഥാനത്തെ ബേസ്മെന്റില്‍ വെച്ച് ലീ ഹാര്‍വി കൊല്ലപ്പെട്ടകയും ചെയ്തു.

കെന്നഡിയുടെ കൊലപാതകം പല തരത്തിലുള്ള ഗൂഢാലോചന സിദ്ധാന്തങ്ങൾക്ക് കാരണമായിട്ടുണ്ട്.

പുതിയ രേഖകളില്‍ മെക്‌സികൊ സിറ്റിയില്‍ വച്ച് 1963 ല്‍ ഓസ്വാള്‍ഡ് കണ്ടുമുട്ടിയ സോവിയറ്റ് കെജിബി ഉദ്യോഗസ്ഥനെ പറ്റിയും ഓസ്വാള്‍ഡിന്റെ പ്രവര്‍ത്തനങ്ങളെപറ്റിയും കൂടുതല്‍ വിവരങ്ങള്‍ ഉണ്ടാകുമെന്നാണ് ചരിത്രകാരന്മാര്‍ പ്രതീക്ഷിക്കുന്നത്. മെക്‌സിക്കോ സിറ്റിയിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രയുമായി ബന്ധപ്പെട്ട് ഏജന്‍സിയുടെ കൈവശമുള്ള എല്ലാ വിവരങ്ങളും മുൻപ് പുറത്തുവിട്ടിരുന്നുവെന്നാണ് സിഐഎ അതിന്റെ ഏറ്റവും ഒടുവിലത്തെ പ്രസ്താവനയില്‍ പറഞ്ഞത്. എന്നാല്‍ മേരി ഫെറല്‍ ഫൗണ്ടേഷനിലെ ഗവേഷകര്‍ ഫയലുകള്‍ പുറത്തുവിടാന്‍ സര്‍ക്കാരിനെതിരെ കേസ് നല്‍കി. ഓസ്വാള്‍ഡിന്റെ മെക്‌സിക്കോയിലെ സമയത്തെക്കുറിച്ചുള്ള വിവരങ്ങള്‍ സിഐഎ മറച്ചുവെക്കുകയാണെന്ന് അവര്‍ ആരോപിച്ചു.

മെക്‌സിക്കന്‍ ഗവണ്‍മെന്റിലെ മറ്റ് ഉദ്യോഗസ്ഥരുടെ അറിവില്ലാതെ മെക്‌സിക്കോയിലെ സോവിയറ്റ് എംബസിയില്‍ ഒരു വയര്‍ടാപ്പ് സ്ഥാപിക്കാന്‍ മെക്‌സിക്കോ പ്രസിഡന്റ് അമേരിക്കയെ സഹായിച്ചതായ വിവരങ്ങള്‍ പുതിയ രേഖകളില്‍ വെളിപ്പെടുത്തുന്നുണ്ട്. ഫയലുകള്‍ പുറത്തുവിടുന്നത് കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണത്തെ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് കൂടുതല്‍ ധാരണ നല്‍കുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.

2017 ഓടെ എല്ലാ വിവരങ്ങളും പുറത്തുവിടാന്‍ 1992-ലെ നിയമം നിര്‍ബന്ധിതമാക്കിയിട്ടും ട്രംപ് ഭരണകൂടം ചില രേഖകള്‍ മാത്രം പുറത്ത് വിടുകയും ദേശീയ സുരക്ഷയുടെ പേരില്‍ മറ്റുള്ളവ തടഞ്ഞുവയ്ക്കുകയും ചെയ്യുകയായിരുന്നു. 2021 ഒക്ടോബറില്‍, 1,500 ഓളം രേഖകള്‍ ബൈഡന്‍ പുറത്തുവിട്ടു. എന്നാല്‍ ബാക്കിയുള്ളവ മുദ്രവെച്ചിരിക്കുകയാണെന്നാണ് പറഞ്ഞിരുന്നത്.

logo
The Fourth
www.thefourthnews.in