മങ്കിപോക്‌സ്: ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

മങ്കിപോക്‌സ്: ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

ഈ വര്‍ഷം ഇതുവരെ 60 രാജ്യങ്ങളിലായി 16,000 പേര്‍ക്ക് മങ്കിപോക്‌സ് പിടിപെട്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്
Updated on
1 min read

മങ്കിപോക്‌സില്‍ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. വിവിധ രാജ്യങ്ങളില്‍ മങ്കി പോക്‌സ് ബാധ ഉയര്‍ന്നു വരുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഇടപെടല്‍. ലോകാരോഗ്യ സംഘടന പുറപ്പെടുവിക്കുന്ന ഏറ്റവും ഉയര്‍ന്ന ആരോഗ്യമുന്നറിയിപ്പാണ് ഇത്.

ലോകാരോഗ്യ സംഘടനാ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അധനം ഗബ്രെയൂസെസ്
ലോകാരോഗ്യ സംഘടനാ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അധനം ഗബ്രെയൂസെസ്

വ്യാഴാഴ്ച ചേര്‍ന്ന ആരോഗ്യ വിദഗ്ധരുടെ ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. ലോകമാകെ വേഗത്തില്‍ രോഗം പടര്‍ന്നുപിടിക്കുന്നുവെന്ന് യോഗം വിലയിരുത്തി. പുതിയ രോഗവ്യാപന രീതി സംബന്ധിച്ച് ഇപ്പോഴും കൃത്യമായ അറിവ് ലഭ്യമല്ല. ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് ഉന്നതതലയോഗത്തിൽ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. തുടര്‍ന്ന് ലോകാരോഗ്യ സംഘടനാ ഡയറക്ടര്‍ ജനറലാണ് അന്തിമ തീരുമാനം എടുത്തത്. രോഗവ്യാപനം തടയാന്‍ ആഗോളതലത്തില്‍ തന്നെ മാനദണ്ഡം വേണമെന്ന വിലയിരുത്തലില്‍ ആണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

ഈ വര്‍ഷം ഇതുവരെ 60 രാജ്യങ്ങളിലായി 16,000 പേര്‍ക്ക് മങ്കിപോക്‌സ് പിടിപെട്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. അഞ്ച് പേര്‍ രോഗം ബാധിച്ച് മരിച്ചു. മരണം റിപ്പോര്‍ട്ട് ചെയ്തത് ആഫ്രിക്കന്‍ രാജ്യങ്ങളിലാണ്. ചികിത്സ, വാക്‌സിന്‍ തുടങ്ങിയ കാര്യങ്ങളിലെല്ലാം രാജ്യങ്ങള്‍ക്കിടയില്‍ സഹകരണം ആവശ്യമെന്നാണ് വിലയിരുത്തല്‍.

മങ്കിപോക്‌സ്: ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന
എന്താണ് മങ്കി പോക്‌സ്; പകരുന്നതെങ്ങനെ, ശ്രദ്ധിക്കേണ്ടതെന്തെല്ലാം

2009 ന് ശേഷം ഇത് ഏഴാം തവണയാണ് ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. കോവിഡ് 19 നായിരുന്നു അവസാനമായി സമാന പ്രഖ്യാപനം നടന്നത്.

പ്രധാനമായും മൃഗങ്ങളില്‍ കണ്ടുവരുന്ന വൈറല്‍ രോഗമാണ് മങ്കിപോക്‌സ്. മൃഗങ്ങളില്‍ നിന്നാണ് ഇത് മനുഷ്യരിലേക്ക് പടര്‍ന്നത്. യൂറോപ്യന്‍ രാജ്യങ്ങളിലാണ് ഇപ്പോള്‍ പ്രധാനമായും രോഗം പടരുന്നത്. അമേരിക്ക , കാനഡ, ഇസ്രയേല്‍. നൈജീരിയ, ബ്രസീല്‍ മെക്‌സികോ എന്നിവിടങ്ങളിലും സ്ഥിതി രൂക്ഷമാണ്.

logo
The Fourth
www.thefourthnews.in