ആരാണ് സ്റ്റാർമർ? എന്താണ് സ്റ്റാർമറിസം?

ആരാണ് സ്റ്റാർമർ? എന്താണ് സ്റ്റാർമറിസം?

ജെറമി കോർബിൻ ലേബർ പാർട്ടിയുടെ നേതൃത്വത്തിലുള്ള സമയത്ത് തന്നെ സ്റ്റാർമർ പതുക്കെ പാർട്ടിയുടെ മുഖമായി മാറുന്നുണ്ടായിരുന്നു
Published on

ബ്രിട്ടനിൽ ലേബർ പാർട്ടി അട്ടിമറിവിജയം നേടിയിരിക്കുകയാണ്. 650 സീറ്റുള്ള ബ്രിട്ടീഷ് പാർലമെന്റിൽ 412 സീറ്റുകളില്‍ ലേബർ പാർട്ടി വിജയിച്ചിരിക്കുന്നു. ഋഷി സുനക്കിന് പകരം പ്രധാനമന്ത്രിസ്ഥാനത്തെത്താൻ പോകുന്ന കെയിർ സ്റ്റാർമർ ആരാണ്? 1962ൽ ഒരു ദാരിദ്ര്യത്തിൽ ഉഴലുന്ന ഒരു തൊഴിലാളിവർഗ കുടുംബത്തിലെ നാലുമക്കളിൽ ഒരാളായി ജനിച്ച സ്റ്റാർമർ എങ്ങനെ ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തെത്തി? സ്റ്റർമറിന്റെ രാഷ്ട്രീയ ജീവിതം എങ്ങനെ രേഖപ്പെടുത്താം?

ലേബർ പാർട്ടിയെ താൻ അടിമുടി മാറ്റിയെന്നും, ബ്രിട്ടീഷ് ജനതയ്ക്കും ബ്രിട്ടന്റെ പരിവർത്തനത്തിനും വേണ്ടി താൻ പോരാടുമെന്നുമാണ് പ്രചാരണവേളയിൽ കെയിർ സ്റ്റാർമർ എക്‌സിൽ കുറിച്ചത്. തിരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോൾ ബ്രിട്ടൻ ജനതയും ആ പരിവർത്തനം ആഗ്രഹിച്ചിരുന്നു എന്നാണ് വ്യക്തമാകുന്നത്.

ആരാണ് സ്റ്റാർമർ? എന്താണ് സ്റ്റാർമറിസം?
'ക്ലമന്റ് ആറ്റ്‌ലിക്ക് ശേഷം സ്റ്റാര്‍മര്‍'; ചരിത്ര വിജയത്തിന് കാരണമായത് വലത് യാഥാസ്ഥിതിക നയങ്ങള്‍

ജെറമി കോർബിൻ ലേബർ പാർട്ടിയുടെ നേതൃത്വത്തിലുള്ള സമയത്ത് തന്നെ സ്റ്റാർമർ പതുക്കെ പാർട്ടിയുടെ മുഖമായി മാറുന്നുണ്ടായിരുന്നു. 2019ൽ തിരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് ജെറമി കോർബിനെ പാർട്ടിയിൽ നിന്ന് താൽക്കാലികമായി പുറത്താക്കിയപ്പോൾ പൂർണമായും ലേബർ പാർട്ടി സ്റ്റാർമറിന്റെ കയ്യിലേക്ക് വന്നു. 2015ൽ ബ്രിട്ടീഷ് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സ്റ്റർമാർ 2020ൽ പാർട്ടിയുടെ നേതൃത്വത്തിലേക്ക് വരികയും ചെയ്തു.

2019 പൊതുതിരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം ലേബർ പാർട്ടിയുടെ തിരിച്ചുവരവിന് കാരണക്കാരനായ നേതാവാണ് കെയിർ സ്റ്റാർമെർ. ബ്രിട്ടനിലെ ഇന്ത്യക്കാരെ കണക്കിലെടുക്കാൻ സാധിക്കാത്തതും 2019ലെ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണമായി കണക്കാക്കപ്പെട്ടിരുന്നു. എന്നാൽ ഇത്തവണ അകന്നു നിന്ന ഇന്ത്യൻ ജനതയെ വീണ്ടും ഒപ്പം നിർത്താൻ സാധിച്ചു എന്നതും വിജയത്തിൽ നിർണായകമായി.

ലേബർ പാർട്ടി നേതൃസ്ഥാനത്തേക്ക് മത്സരിക്കുന്ന സമയത്ത് സ്റ്റാർമർ നിരവധി ഉറപ്പുകൾ പാർട്ടി പ്രവർത്തകർക്ക് നൽകിയിരുന്നു. അതിൽ റെയിൽ, ഊർജ്ജ മേഖലയിലും ജലസേചനത്തിലുമെല്ലാം വരുത്താൻ ഉദ്ദേശിക്കുന്ന മാറ്റത്തെ കുറിച്ച് പറഞ്ഞിരുന്നെങ്കിലും ഇപ്പോൾ മിക്ക ഉറപ്പിൽ നിന്നും സ്റ്റാർമർ പുറകോട്ടുപോയി.

സ്റ്റാർമറിന് കിട്ടിയ കയ്യടികളും വിമർശനവും

ബ്രിട്ടൻ ഇപ്പോൾ അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളുടെ കാരണമായി കെയിർ സ്റ്റാർമർ കാണുന്നത് ബ്രെക്സിറ്റും കോവിഡും യുക്രെയിൻ യുദ്ധവുമാണ്. ഈ മൂന്നു കാര്യങ്ങൾ കാരണമുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനാണ് താൻ അധികാരത്തിലെത്തിയാൽ പ്രഥമ പരിഗണന നൽകുക എന്ന് സ്റ്റാർമർ പറഞ്ഞിട്ടുള്ളതും, ലേബർ പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ഉണ്ടായിരുന്നതുമാണ്. റെയിൽവേ ദേശസാൽക്കരിക്കും എന്നതാണ് മറ്റൊരുറപ്പ്. സമ്പന്നരായവരുടെ നികുതി വർധിപ്പിക്കുമെന്ന വാഗ്ദാനത്തിൽ നിന്നും, കാലാവസ്ഥ മേഖലയിൽ 280 കോടി പൗണ്ടിന്റെ നിക്ഷേപം നടത്തുമെന്ന നിലപാടിൽ നിന്നും പിന്നീട് സ്റ്റാർമർ പിൻവാങ്ങി.

ഇടതുപക്ഷസ്വഭാവം കൂടുതലുള്ള സ്ഥാനാർത്ഥികളെ പുറത്താക്കുക എന്ന നയമാണ് സ്റ്റാർമർ എപ്പോഴും സ്വീകരിച്ചത്. അതുമാത്രവുമല്ല ഗാസയ്ക്കുമുകളിൽ ഇസ്രയേൽ നടത്തുന്ന ആക്രമണത്തിൽ പലസ്തീനൊപ്പം നിൽക്കുന്നവർക്കെതിരായിരുന്നു സ്റ്റാർമർ. ഗാസയെ അക്രമിക്കാനുള്ള അവകാശം ഇസ്രയേലിനുണ്ട് എന്നതായിരുന്നു സ്റ്റാർമറിന്റെ അഭിപ്രായം. നിലവിൽ പാർലമെന്റ് അംഗങ്ങളായ ഇടതുപക്ഷ സ്വഭാവമുള്ളവരെ വീണ്ടും മത്സരിക്കാൻ സാധിക്കാത്ത തരത്തിൽ വിലക്കുകയായിരുന്നു. ഇടതുപക്ഷ സ്വഭാവമുള്ളവരെ ഇല്ലാതാക്കുകയാണ് സ്റ്റാർമറിന്റെ ലക്ഷ്യമെന്ന് ബ്രിട്ടനിലെ ആദ്യത്തെ കറുത്തവർഗക്കാരിയായ വനിത എംപി ഡയാന അബോട്ട് പറഞ്ഞിരുന്നു.

ഒരു ദരിദ്രകുടുംബത്തിലെ നാലുമക്കളിൽ ഒരാളാണ് കെയിർ സ്റ്റാർമെർ. സ്കൂൾ കാലഘട്ടത്തിനു ശേഷം അദ്ദേഹം നിയമം പഠിച്ചു. അടിസ്ഥാനവർഗവുമായി നിരന്തരം ചേർന്ന് പ്രവർത്തിച്ചിട്ടുള്ള, മനുഷ്യാവകാശ വിഷയങ്ങൾ കൈകാര്യം ചെയ്ത അഭിഭാഷകനെന്ന രീതിയിൽ ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യതയുണ്ടാക്കാൻ കെയിർ സ്റ്റാർമറിന് സാധിച്ചു. അതിനു ശേഷമാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്.

ആരാണ് സ്റ്റാർമർ? എന്താണ് സ്റ്റാർമറിസം?
ബ്രിട്ടിഷ് പാര്‍ലമെന്റിൽ ആദ്യ മലയാളി സാന്നിധ്യം; ലേബര്‍ പാര്‍ട്ടി ടിക്കറ്റിൽ വിജയിച്ച് കോട്ടയം സ്വദേശി സോജന്‍ ജോസഫ്

പ്രസിദ്ധമായ മാക്ഡൊണാൾഡ്‌സ് കമ്പനിക്കെതിരെ നടത്തിയ കേസിലൂടെ അദ്ദേഹം പ്രസിദ്ധനായി. കമ്പനി പരിസ്ഥിതിക്ക് ദോഷം ചെയ്യുന്നു എന്നായിരുന്നു വാദം. 2003-ൽ അയർലണ്ട് പൊലീസിങ് ബോർഡിൽ മനുഷ്യാവകാശ ഉപദേശകനായി നിയമിക്കപ്പെട്ടതാണ് അദ്ദേഹത്തിന്റെ പൊതുജീവിതത്തെ സംബന്ധിച്ച് നിർണായകമായ സംഭവം. പിന്നീട് 2008ൽ ക്രൗൺ പ്രോസിക്യൂഷൻ സർവീസിന്റെ (സിപിസി) ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ ആയി നിയമിക്കപ്പെട്ടു. സിപിഎസിന്റെ ഭാഗമായിരുന്ന സമയത്ത് തനിക്ക് ജനങ്ങളുടെ പ്രശ്നങ്ങൾ കൂടുതൽ അടുത്ത് നിന്ന് മനസിലാക്കാൻ സാധിച്ചു എന്നദ്ദേഹം പിന്നീട് പറഞ്ഞിട്ടുണ്ട്.

സിപിഎസിന്റെ നിയമങ്ങളുടെ ഭാഗമായി ലൈംഗികാതിക്രമകേസുകളിൽ അതിജീവിതരുടെ ഭാഗം പരിഗണിച്ചുകൊണ്ട് മാത്രമേ സമിതി പ്രവർത്തിക്കാൻ പാടുള്ളു എന്നാണ് നിയമം. അത്തരത്തിൽ തന്റെ നിലപാടുകൾ രൂപപ്പെടുത്തുന്നതിൽ സിപിഎസിന്റെ ഭാഗമായി നിന്നകാലം വലിയ രീതിയിൽ മാറ്റംവരുത്തിയതായും അദ്ദേഹം പറയുന്നു. തെറ്റായ ആരോപണങ്ങളുടെ പേരിൽ എംപിമാർക്കെതിരെ നടപടിയെടുത്തെന്ന വിമർശനവും അദ്ദേഹത്തിനെതിരെയുണ്ട്. 2010ലെ വിദ്യാർത്ഥി പ്രക്ഷോഭത്തിനെതിരെ നിലപാടെടുത്തതും വിമർശനങ്ങൾക്ക് കാരണമായി.

2009ലെ ജി20 ഉച്ചകോടിക്കെതിരെ പ്രതിഷേധിച്ചവരിൽ ഉൾപ്പെട്ട ആളെന്ന് തെറ്റിദ്ധരിച്ച് ജീൻ ചാൾസ് ഡി മെനൻഡസ് എന്ന വ്യക്തിയെ പോലീസ് വെടിവച്ച് കൊന്ന സംഭവത്തിൽ പോലീസിനെതിരെ നടപടിയെടുത്തില്ല എന്ന വിമർശനവും സ്റ്റാർമറിനെതിരെ ഉണ്ടായിരുന്നു. ലണ്ടനിലെ ജയിലിൽ കഴിയുകയായിരുന്ന വിക്കിലീക്സിന്റെ സ്ഥാപകനെ അമേരിക്കയ്ക്ക് കൈമാറാൻ മുൻകയ്യെടുത്തതും സ്റ്റാർമറായിരുന്നു.

സ്റ്റാര്‍മറിസം

പ്രത്യേകിച്ച് ഒരു പ്രത്യയശാസ്ത്രമില്ലെന്നതാണ് സ്റ്റാർമർ നേരിടുന്ന പ്രധാനവിമർശനം. ടോമി ബ്ലെയറുമായാണ് അദ്ദേഹത്തെ പലപ്പോഴും താരതമ്യം ചെയ്തിട്ടുള്ളത്. കോർബിനു ശേഷം ലേബർ പാർട്ടിയെ സ്റ്റർമാർ പുനരുജ്ജീവിപ്പിക്കാൻ മുൻപന്തിയിൽ വന്ന സാഹചര്യത്തിലാണ് ഈ താരതമ്യമുണ്ടായത്.

എന്നാൽ ടോമി ബ്ലെയറിൽ നിന്ന് വ്യത്യസ്തമായി തൊഴിലാളികളുടെയും ട്രേഡ് യൂണിയനുകളുടെയും സമരങ്ങളും അവകാശപോരാട്ടങ്ങളും മുഖവിലയ്‌ക്കെടുക്കുന്ന നേതാവുകൂടിയാണ് സ്റ്റാർമർ എന്നത് അദ്ദേഹത്തിന്റെ പ്രത്യേകതയാണ്. ഇടതുപക്ഷമെന്ന പൊതുധാരയുടെ ഭാഗമാണ് ഈ നിലപാടെങ്കിലും തീവ്രഇടത് നിലപാടുകളെ എതിർക്കുന്ന ലിബറൽ കാഴ്ച്ചപ്പാടാണ് ഇദ്ദേഹം മിക്കപ്പോഴും പ്രകടിപ്പിച്ചിട്ടുള്ളത്.

ആരാണ് സ്റ്റാർമർ? എന്താണ് സ്റ്റാർമറിസം?
യുകെയിൽ ചരിത്ര മുന്നേറ്റവുമായി ലേബർ പാർട്ടി; ഋഷി സുനക്കും പാർട്ടിയും വൻ തോൽവിയിലേക്ക്

തൊഴിലാളികൾക്ക് വേണ്ടി പുതിയ നയപരിപാടികൾ അവതരിപ്പിക്കുക എന്ന നിലപാടുമായാണ് അദ്ദേഹം തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചത്. തൊഴിലാളികളുടെ അവകാശങ്ങൾക്കുവേണ്ടി നിലകൊള്ളുമ്പോൾ തന്നെ, പൊതുമേഖലാ വ്യവസായങ്ങളെ ദേശസാൽക്കരിക്കുക എന്നതും വ്യവസായത്തിലേക്ക് കൂടുതൽ പണം ചിലവഴിക്കുക എന്നതും ഇദ്ദേഹത്തിന്റെ നയമാകുന്നിടത്താണ് വ്യവസ്ഥാപിത ഇടതുപക്ഷ ചിന്തയിൽ നിന്നും ഒരു ലിബറൽ വഴിയിലേക്ക് അദ്ദേഹം മാറുന്നു എന്ന വിമർശനം ഉയരുന്നത്. കാലാവസ്ഥ പ്രശ്നങ്ങളിൽ കാര്യമായ ഇടപെടൽ നടത്തണമെന്ന് പറയുന്ന നേതാവാണ് അദ്ദേഹം. ഹരിത വ്യവസായസംരംഭങ്ങൾ സജീവമാക്കുക എന്നതും അദ്ദേഹത്തിന്റെ പ്രഖ്യാപിത നയമാണ്. ഇടതിനോട് ചേർന്ന് നിൽക്കുന്ന ഒരു മിതവാദനിലപാടാണ് സ്റ്റാർമറിന്റെ പ്രത്യേയശാസ്ത്രം. ആളുകൾ അതിനെ സ്റ്റാർമറിസം എന്ന് വിശേഷിപ്പിക്കുന്നു. അതിൽ സാമ്പത്തിക സ്ഥിരത, തൊഴിലാളികളുടെ അവകാശങ്ങൾ, പരിസ്ഥിതി വിഷയങ്ങൾ ഭാഗമാണ്. രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ പ്രത്യേകിച്ച് മാറ്റങ്ങളൊന്നുമില്ലാതെ തുടരുകയും ആരോഗ്യമേഖല തകർന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ സ്റ്റാർമറിസം എന്ത് ചലനമാണുണ്ടാക്കുക എന്നതാണ് കണ്ടറിയേണ്ടത്.

logo
The Fourth
www.thefourthnews.in