ചാൾസ് രാജാവും കാമിലയും
ചാൾസ് രാജാവും കാമിലയും

ബ്രിട്ടന്റെ പുതിയ രാജ്ഞി: ആരാണ് ചാൾസ് രാജാവിന്റെ ദീർഘകാല പ്രണയിനി കാമില?

ഡയാനയുടെ മരണത്തിന് പിന്നാലെ രാജകുമാരിയോടുള്ള സഹതാപത്തിന്റെ ഒഴുക്ക് കാമില വിരുദ്ധ വികാരമായി ബ്രിട്ടനിൽ പടർന്നു കയറി
Updated on
3 min read

ഏഴ് പതിറ്റാണ്ടിന് ശേഷം ഒരു കിരീടധാരണത്തിന് ബ്രിട്ടൻ ഇന്ന് സാക്ഷിയായി. എലിസബത്ത് രാജ്ഞിയുടെ ഏഴ് പതിറ്റാണ്ട് നീണ്ട ഭരണത്തിന് ശേഷമാണ് ബ്രിട്ടനിൽ ചാൾസ് യുഗം ആരംഭിക്കുന്നത്. ചാൾസ് മൂന്നാമൻ രാജാവായതിനൊപ്പം ഭാര്യ കാമില ബ്രിട്ടന്റെ 29ആം രാജ്ഞിയായി മാറി. ചാൾസ് രാജാവിന്റെ രണ്ടാം ഭാര്യയാണ് കാമില. ബ്രിട്ടീഷ് രാജകുടുംബത്തെ തന്നെ പ്രതിരോധത്തിലാക്കിയ വിവാദങ്ങൾക്കൊപ്പമാണ് ഇരുവരുടെയും പതിറ്റാണ്ടുകൾ നീളുന്ന പ്രണയകഥ ആരംഭിക്കുന്നത്.

ആരാണ് ബ്രിട്ടന്റെ പുതിയ റാണി കാമില പാർക്കർ ബൗൾസ് ?

1947 ൽ ബ്രിട്ടനിലെ രാജകുടുംബവുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്ന ഒരു പ്രഭു കുടുംബത്തിലാണ് കാമില ജനിച്ചത്. .രാജകുടുംബത്തിന്റെയും ബ്രിട്ടനിലെ ഉയർന്ന വിഭാഗങ്ങളുടെയും സാമൂഹിക ചുറ്റുപാടിൽ തന്നെയാണ് കാമിലയും വളർന്ന് വന്നത്.

കാമില പാർക്കർ ബൗൾസ്
കാമില പാർക്കർ ബൗൾസ്

1970-ൽ 23 വയസ്സുള്ളപ്പോൾ ഒരു പോളോ മത്സരത്തിൽ വെച്ചാണ് കാമില ചാൾസ് രാജാവിനെ കണ്ടുമുട്ടിയത്. അന്ന് ബ്രിട്ടനിലെ ഏറ്റവും യോഗ്യതയുള്ള ബാച്ചിലറായിരുന്നു ചാൾസ്. ഇരുവരും പെട്ടെന്ന് അടുക്കുകയും പ്രണയത്തിലാവുകയും ചെയ്തു. എന്നാൽ ചാൾസ് 1972 അവസാനത്തിൽ നാവിക സേനയിലേക്ക് പോയപ്പോൾ ഈ പ്രണയബന്ധം തകർന്നു. കാമില കുതിരപ്പടയാളിയായ ആൻഡ്രൂ പാർക്കർ ബൗൾസിനെ വിവാഹം കഴിച്ചു. പിന്നാലെ ഇരുവർക്കും രണ്ട് കുട്ടികളും ജനിച്ചു.

1970 കളുടെ അവസാനത്തിൽ ചാൾസ് രാജകുമാരൻ ഡയാന സ്പെൻസറിനെ കണ്ടുമുട്ടുകയും 1981 ൽ ഇരുവരും വിവാഹിതരാവുകയും ചെയ്തു. രാജകുടുംബം ആഘോഷമാക്കിയ ഈ ആഡംബര വിവാഹത്തിൽ കാമിലയും പങ്കുകൊണ്ടിരുന്നു. ഡയാന രാജകുമാരിക്ക് ബ്രിട്ടനിൽ ഏറെ ജനപ്രീതിയുണ്ടായിരുന്നു.

ഇരുവരും തമ്മിലുള്ള സൗഹൃദം ഇക്കാലത്തും തുടർന്നുപോന്നിരുന്നു. കാമിലയുടെ മൂത്തമകൻ ടോമിന്റെ ഗോഡ്ഫാദറായിരുന്നു ചാൾസ്. 1980 കളുടെ അവസാനം ആയപ്പോഴേക്കും ചാൾസ് രാജകുമാരനും കാമിലയുമായി പ്രണയബന്ധമുണ്ടെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നു. ഡയാനയുമായുള്ള ചാൾസിന്റെ ബന്ധത്തെ ചുറ്റിപ്പറ്റിയും അഭ്യൂഗങ്ങളുണ്ടായിരുന്നു. 1989-ൽ ചാൾസും കാമിലയും തമ്മിലുള്ള ഒരു റെക്കോർഡഡ് ഫോൺ കാൾ ചോർന്നു. ഇത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചു. 1993 ഓടെ കാമില - ചാൾസ് ബന്ധം ബ്രിട്ടീഷ് രാജകുടുംബത്തെ പൂർണ്ണമായും പ്രതിരോധത്തിലാക്കി. ഒടുവിൽ 1994-ൽ കാമിലയുമായുള്ള തൻറെ ബന്ധം ചാൾസ് രാജകുമാരൻ സ്ഥിരീകരിച്ചു.

ബ്രിട്ടീഷുകാർക്ക് ഡയാനയോടുള്ള പ്രിയം വളരെ പെട്ടെന്നാണ് കാമിലയോടുള്ള വെറുപ്പായി മാറിയത്. ഡയാനയുമായുള്ള ചാൾസിന്റെ ബന്ധം തകർത്തത് കാമിലയാണെന്നായിരുന്നു വിമർശനം. ഈ സമയം തന്നെ കാമില പാർക്കർ ബൗൾസിൽ നിന്നും ചാൾസ് ഡയാനയിൽ നിന്നും വിവാഹമോചനം നേടി. കാമിലക്കെതിരെ ഡയാന തന്നെ പലപ്പോഴായി രംഗത്ത് വന്നതോടെ കാമിലക്കെതിരെയുള്ള ജനരോഷം വർധിച്ചു. " എന്റെ വിവാഹത്തിലെ മൂന്നാമത്തെ വ്യക്തി" എന്നാണ് ഡയാന കാമിലയെ വിശേഷിപ്പിച്ചത്. ഇക്കാലയളവിൽ കാമില പൊതുജീവിതത്തിൽ നിന്ന് അപ്രത്യക്ഷയായി.

ചാൾസ് രാജാവും കാമിലയും
രാജകിരീടമണിഞ്ഞ് ചാള്‍സ് മൂന്നാമന്‍; 70 വര്‍ഷങ്ങള്‍ക്കിപ്പുറം ബ്രിട്ടന് ചരിത്ര നിമിഷം

1997-ൽ പാരീസിൽ വെച്ച് ഒരു കാർ അപകടത്തിൽ ഡയാന കൊല്ലപ്പെട്ടു. ഡയാനയോടുള്ള സഹതാപത്തിന്റെ ഒഴുക്ക് കാമില വിരുദ്ധ വികാരമായി ബ്രിട്ടനിൽ പടർന്നു കയറി. ഇരുവരുടെയും വിവാഹം അസാധ്യമായ ഒന്നായാണ് അന്ന് ബ്രിട്ടൻ കണ്ടിരുന്നത്.1999 ഓടെ കാമിലയും ചാൾസും വീണ്ടും പൊതുമധ്യത്തിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങി. പിന്നാലെ കാമില ചാൾസിനൊപ്പം ക്ലാരൻസ് ഹൗസിലേക്ക് താമസം മാറി. കാമിലയുടെ പേര് ഔദ്യോഗിക രേഖകളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി.

ആറ് വർഷത്തിന് ശേഷം, എലിസബത്ത് രാജ്ഞിയുടെ സമ്മതത്തോടെ വിൻഡ്‌സറിൽ വെച്ചാണ് ഇരുവരും വിവാഹിതരായത്. പറക്കാനുള്ള ഭയം ഉണ്ടായിരുന്നിട്ടും യുകെയിലെ ഔദ്യോഗിക പരിപാടികൾ വിദേശ പര്യടനങ്ങളിലും ഒരു സീനിയർ റോയൽ എന്ന നിലയിൽ കാമില ചാൾസിനെ പിന്തുണച്ചു. കുട്ടികളുടെ സാക്ഷരത, ഗാർഹിക പീഡനത്തിന് ഇരയായവരെ പിന്തുണയ്ക്കൽ തുടങ്ങിയ കാര്യങ്ങൾക്കായി അവർ പ്രവർത്തിച്ചു. കാലക്രമേണ, ബ്രിട്ടന്റെ കാമിലയോടുള്ള മനോഭാവം മയപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത്തരത്തിൽ വളരെ ദുർഘടം പിടിച്ച പാതകൾ പിന്നിട്ടാണ് കാമില ഇന്ന് ബ്രിട്ടന്റെ റാണിയായി സ്ഥാനമേൽക്കുന്നത്.

ചാൾസ് രാജാവും കാമിലയും
ഇം​ഗ്ലണ്ടിന്റെ റോസാപുഷ്പം കൊഴിഞ്ഞു വീണിട്ട് കാൽനൂറ്റാണ്ട്
logo
The Fourth
www.thefourthnews.in