സ്‌കോട്ട്‌ലൻഡിന്റെ സ്വാതന്ത്ര്യമെന്ന സ്വപ്നം ബാക്കിയാക്കി സ്റ്റർജൻ പടിയിറങ്ങുമ്പോൾ
സ്‌കോട്ട്‌ലൻഡിന്റെ ചരിത്രത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രി നിക്കോള സ്റ്റർജൻ കഴിഞ്ഞ ദിവസമാണ് രാജി പ്രഖ്യാപിച്ചത്. 2014 മുതൽ തുടർച്ചയായ എട്ടു വർഷം സർക്കാരിനെ നയിച്ച വനിത. 'രാഷ്ട്രീയം ക്രൂരമാണെന്ന്' പ്രഖ്യാപിച്ചായിരുന്നു സ്‌കോട്ട്‌ലൻഡിന്റെ സ്വാതന്ത്ര്യത്തിനും ട്രാൻസ്‌ജെൻഡർ അവകാശങ്ങൾക്കും വേണ്ടി പോരാടിയ പ്രധാനമന്ത്രിയുടെ പടിയിറക്കം. സ്വതന്ത്ര സ്കോട്ട്ലൻഡ് എന്ന ആശയം മാത്രം ലക്ഷ്യമാക്കി രൂപം കൊള്ളുകയും അതിനായി പ്രവർത്തിക്കുകയും ചെയ്യുന്ന സ്കോട്ടിഷ് നാഷണൽ പാർട്ടിയുടെ ശക്തയായ നേതാവായിരുന്നു നിക്കോള സ്റ്റർജൻ.
1970-ൽ ഇർവിനിൽ ഒരു സാധാരണ തൊഴിലാളി വർഗ കുടുംബത്തിലായിരുന്നു നിക്കോള സ്റ്റർജന്റെ ജനനം. കൗമാരക്കാലത്ത് തന്നെ രാഷ്ട്രീയത്തിൽ ഇറങ്ങിയ അവർ 1987-ലെ പൊതുതിരഞ്ഞെടുപ്പിൽ എസ്‌എൻപിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങിയിരുന്നു. മാർഗരറ്റ് താച്ചറാണ് സ്റ്റർജനെ രാഷ്ട്രീയത്തിലേക്ക് ആകർഷിപ്പിച്ച വ്യക്തി. 1992 ൽ ഗ്ലാസ്‌ഗോ ഷെറ്റിൽസ്റ്റൺ മണ്ഡലത്തിൽ 21 -ാം വയസിൽ സ്ഥാനാർഥിയായി നിന്നെങ്കിലും ലേബർ പാർട്ടിയോട് 15,000 വോട്ടുകൾക്ക് അവർ പരാജയപ്പെട്ടു.
പിന്നീട് ഗ്ലാസ്കോ സർവകലാശാലയിൽ നിന്ന് നിയമത്തിൽ ബിരുദം നേടിയ സ്റ്റർജൻ രണ്ട് വർഷം അഭിഭാഷകയായി ജോലി ചെയ്തു. 1999ലാണ് ശരിക്കുമുള്ള രാഷ്‌ട്രീയ ജീവിതം ആരംഭിക്കുന്നത്. സ്‌കോട്ടിഷ് പാർലമെന്റിന്റെ പ്രാദേശിക തിരഞ്ഞെടുപ്പിൽ അങ്ങനെ ആദ്യ സീറ്റ് ഉറപ്പിച്ചു. 2007-ൽ എസ്എൻപി അധികാരമേറ്റപ്പോൾ അവർ ആദ്യത്തെ ഡെപ്യൂട്ടി മിനിസ്റ്ററായി ഒപ്പം ആരോഗ്യ സെക്രട്ടറി എന്ന പദവിയും ലഭിച്ചു. 2010-ൽ എസ്എൻപിയുടെ ചീഫ് എക്സിക്യൂട്ടീവായ പീറ്റർ മുറെലിനെയാണ് അവർ വിവാഹം കഴിച്ചത്.
പാർട്ടിയുടെ സ്ഥാപക നേതാവ് അലക്സ് സാൽമണ്ട് ലൈംഗിക ആരോപണങ്ങളിൽപെട്ട് സ്ഥാനമൊഴിഞ്ഞപ്പോഴാണ് നിക്കോള സ്റ്റർജൻ എസ്എൻപിയുടെ സാരഥ്യം ഏറ്റെടുത്തത്. നാൽപതിലേറെ എംപിമാരുള്ള എസ്എൻപി ബ്രിട്ടിഷ് പാർലമെന്റിലെ മൂന്നാമത്തെ ഏറ്റവും വലിയ പാർട്ടിയാണ്. തുടർന്ന് നടന്ന രണ്ട് തിരഞ്ഞെടുപ്പുകളിലും പാർട്ടിയെ അവർ നയിച്ചു. 2015ലെ പൊതുതിരഞ്ഞെടുപ്പിൽ 59ൽ 56 സീറ്റും നേടി ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് പാർട്ടിക്ക് നേടിക്കൊടുത്തത്.
അങ്ങനെ നിക്കോള സ്റ്റർജൻ സ്‌കോട്ട്‌ലൻഡിന്റെ ആദ്യത്തെ വനിത പ്രധാനമന്ത്രിയായി. സ്‌കോട്ട്‌ലൻഡിന്റെ സൗജന്യ ശിശു സംരക്ഷണ അലവൻസ് ഇരട്ടിയാക്കിയത് മുതൽ ബേബി ബോക്‌സ് പോലെയുള്ള നയങ്ങളും സ്റ്റർജൻ നടപ്പിലാക്കി. ആളുകൾക്ക് ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യുന്നത് എളുപ്പമാക്കുന്നതിനുള്ള ഒരു ബിൽ സ്കോട്ടിഷ് സർക്കാർ പാസാക്കിയിരുന്നു. ഇത് നടപ്പിലാക്കാതെയിരിക്കാനുള്ള യു കെ ഗവൺമെന്റിന്റെ നീക്കത്തെ പ്രതിരോധിക്കാൻ കോടതിയിൽ പോകാൻ വരെ സ്റ്റർജൻ തയ്യാറായി.
2014ലാണ് സ്കോട്ട്ലൻഡ് സ്വതന്ത്ര രാഷ്ട്രമായി മാറണമോ എന്നറിയാൻ ജനങ്ങൾക്കിടയിൽ ഹിതപരിശോധന നടത്തിയത്. അന്ന് റഫറണ്ടം കാമ്പയ്‌നിന് നിർണായക പങ്ക് വഹിച്ച വ്യക്തിയായിരുന്നു സ്റ്റർജൻ. ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിട്ട സാഹചര്യത്തിൽ വീണ്ടും റഫറണ്ടം വേണമെന്നാണ് എസ്എൻപിയുടെ നിലപാട്.
2016 ലെ ബ്രെക്‌സിറ്റ് തിരഞ്ഞെടുപ്പ് സമയത്ത് സ്കോട്ടിഷ് സ്വാന്ത്ര്യം സംബന്ധിച്ച ഒരു ജനഹിതപരിശോധനയ്ക്ക് സ്റ്റർജൻ പല തവണ ശ്രമിച്ചു. എന്നാൽ ഓരോ തവണയും അവർ യുകെ സർക്കാരിന്റെ എതിർപ്പ് നേടിയെടുക്കുക മാത്രമാണ് ചെയ്തത്. ഡേവിഡ് കാമറൂൺ, തെരേസ മേ, ബോറിസ് ജോൺസൺ, ലിസ് ട്രസ്, ഋഷി സുനക് എന്നീ അഞ്ച് പ്രധാനമന്ത്രിമാരുമായി അവർ നല്ല ബന്ധം സ്ഥാപിച്ചിരുന്നുവെങ്കിലും രണ്ടാമതൊരു തിരഞ്ഞെടുപ്പിന് സ്റ്റർജനെ ആരും പിന്തുണയ്ക്കാൻ നിന്നില്ല. സ്വതന്ത്ര സ്കോട്ട്ലൻഡിനായി മറ്റൊരു റഫറണ്ടം കൂടി നടത്തണമെന്ന് ശക്തമായ ആവശ്യം ഉന്നയിക്കുന്നതിനിടെയാണ് നേതാവിന്റെ പടിയിറക്കം.
നിക്കോള സ്റ്റർജന്റെ അപ്രതീക്ഷിത രാജിയെത്തുടർന്ന് സ്കോട്ടിഷ് നാഷണൽ പാർട്ടി (എസ്എൻപി) പുതിയ നേതാവിനായുള്ള നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. മുതിർന്ന നേതാവ് ജോൺ സ്വിന്നി, യുവ വനിതാ നേതാവ് കെയ്റ്റ് ഫോർബ്സ്, ആൻഗസ് റോബർട്സൺ, പാർട്ടിയിലെ ഏഷ്യൻ മുഖമായ ഹുമാസ് യൂസഫ്, ജോനാ ചെറി, സ്റ്റീഫൻ ഫിൻ, മേരി മക് അലൻ തുടങ്ങിയവരുടെ പേരുകളാണ് നേതൃസ്ഥാനത്തേക്ക് ഉയർന്ന് കേൾക്കുന്നത്. എസ്എൻപിയുടെ നിലവിലെ ഡെപ്യൂട്ടി നേതാവായ കീത്ത് ബ്രൗണിനാണ് കൂടുതൽ സാധ്യതയെന്നാണ് വിലയിരുത്തൽ.