'ചൈന കണക്കുകൾ മൂടി വയ്ക്കുന്നു';
ഒമിക്രോണ്‍ വ്യാപനത്തില്‍ ചൈനയ്ക്കെതിരെ ലോകാരോഗ്യ സംഘടന

'ചൈന കണക്കുകൾ മൂടി വയ്ക്കുന്നു'; ഒമിക്രോണ്‍ വ്യാപനത്തില്‍ ചൈനയ്ക്കെതിരെ ലോകാരോഗ്യ സംഘടന

വാക്സിനേഷന്‍ പൂര്‍ത്തിയാക്കുന്നതിന് ചൈനയ്ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന
Updated on
1 min read

ഒമിക്രോണിന്റെ പുതിയ വകഭേദം ബിഎഫ്-7 ചൈനയില്‍ പടര്‍ന്നുപിടിക്കുന്നതില്‍ ആശങ്ക പങ്കുവെച്ച് ലോകാരോഗ്യ സംഘടന. പുതിയ സാഹചര്യം, രോഗത്തിന്റെ തീവ്രത, യഥാര്‍ഥ കണക്കുകള്‍ എന്നിവ ചൈന പങ്കുവെയ്ക്കണമെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ആവശ്യപ്പെട്ടു. ചൈന രോഗികളുടേയും മരണസംഖ്യയുടേയും യഥാര്‍ഥ കണക്കുകള്‍ മൂടിവെയ്ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചൈനയില്‍ എത്രയും വേഗത്തില്‍ വാക്സിനേഷന്‍ പൂര്‍ത്തിയാക്കുന്നതിന് ലോകാരോഗ്യ സംഘടനയുടെ പൂര്‍ണ പിന്തുണയും അദ്ദേഹം അറിയിച്ചു. പുതിയ കോവിഡ് വകഭേദത്തിന്റെ കൂടുതൽ വിവരങ്ങൾ എത്രയും വേഗത്തില്‍ കൈമാറാന്‍ ലോകാരോഗ്യ സംഘടന ചൈനയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ കോവിഡ് ബാധിച്ച് മരിച്ചത് ഏഴ് പേരാണെന്നാണ് ചൈന പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍. എന്നാല്‍ ബീജിങ്ങില്‍ ദിവസവും 200ലേറെ പേര്‍ കോവിഡ് ബാധിച്ച് മരിക്കുന്നുവെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കോവിഡ് ബാധിച്ച് ശ്വാസതടസത്തെ തുടര്‍ന്ന് മരിച്ചവരെ മാത്രമെ കോവിഡ് മരണങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തൂ എന്നാണ് ചൈനയുടെ പുതിയ നിലപാട്. കോവിഡ് ബാധിച്ച് ഹൃദ്രോഗമോ മറ്റെന്തെങ്കിലും അസുഖങ്ങളോ ബാധിച്ച് മരിക്കുന്നവരെ സാധാരണ മരണമായാണ് കണക്കാക്കുന്നത്. മഹാമാരിയുടെ ആഘാതം മറച്ച് വയ്ക്കുന്നതിന് തുല്യമാണ് ചൈനയുടെ നടപടിയെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.

ചൈനീസ് സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കുറവാണെങ്കിലും രാജ്യത്തെ ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളെല്ലാം നിറഞ്ഞ് കഴിഞ്ഞുവെന്നാണ് ലോകാരോഗ്യസംഘടന വിലയിരുത്തുന്നത്. പുതിയ വകഭേദം പടര്‍ന്നുപിടിക്കുന്നത് തടയുന്നത് അത്ര എളുപ്പമാകില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

സ്വന്തമായി വികസിപ്പിച്ചെടുത്ത വാക്സിന്‍ സിനോവാക് ആണ് ചൈനയില്‍ ഉപയോഗിച്ചിരുന്നത്. ചൈനയുടെ വാക്സിന്‍ മറ്റ് വാക്സിനുകളെ പോലെ ഫലപ്രദമല്ലെന്നും തെളിയിക്കപ്പെട്ടിരുന്നു. ജര്‍മനിയില്‍ നിന്ന് ബയോഎന്‍ടെക് വാക്സിനുകള്‍ ചൈനയിലേക്ക് കഴിഞ്ഞ ദിവസം കയറ്റി അയച്ചിരുന്നു. പുറത്ത് നിന്ന് ചൈനയിലെത്തുന്ന ആദ്യ വാക്സിനാണ് ഇത്.

2020 മുതലാണ് സീറോ കോവിഡ് നയത്തിന്റെ ഭാഗമായി ചൈനയില്‍ കർശന നിയന്ത്രണങ്ങൾ കൊണ്ടുവന്നത്. എന്നാൽ, ശക്തമായ പ്രതിഷേധ സാഹചര്യവും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കേറ്റ ആഘാതവും കണക്കിലെടുത്ത് നിയന്ത്രണങ്ങള്‍ നീക്കി. ഇതിന് പിന്നാലെയാണ് കോവിഡ് കേസുകളുടെ എണ്ണം കുതിച്ചുയർന്നത്.

രണ്ടാഴ്ചയ്ക്കകം ബീജിങ്ങില്‍ കോവിഡ് കേസുകള്‍ ഇരട്ടിയാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ജനുവരി ആദ്യത്തോടെ കോവിഡ് ഉയർന്ന നിരക്കിലെത്തുമെങ്കിലും ഫെബ്രുവരി അവസാനമോ മാർച്ച് ആദ്യമോ ചൈനയിലെ ജനജീവിതം സാധാരണ നിലയിലേക്ക് എത്തുമെന്നാണ് കണക്കാക്കുന്നത്.

അതേസമയം, ചൈനയിൽ വീണ്ടും കോവി‍ഡ് പിടിമുറക്കിയതിന് പിന്നാലെ കഴിഞ്ഞ ദിവസം ഒമിക്രോൺ ബിഎഫ്-7 ഇന്ത്യയിലും റിപ്പോർട്ട് ചെയ്തിരുന്നു. ​ഗുജറാത്തിലും ഒഡീഷയിലുമായി നാല് കേസുകളാണ് രാജ്യത്ത് കണ്ടെത്തിയത്. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ചേരുന്ന ഉന്നതതല യോഗം രാജ്യത്തെ കോവിഡ് സ്ഥിതിഗതികൾ അവലോകനം ചെയ്യും.

logo
The Fourth
www.thefourthnews.in