വീണ്ടും ഭൂകമ്പം, മരണം, നാശം; പ്രകൃതിദുരന്തങ്ങളുടെ കേന്ദ്രമായി ചൈന മാറുന്നത് എന്തുകൊണ്ട്?

വീണ്ടും ഭൂകമ്പം, മരണം, നാശം; പ്രകൃതിദുരന്തങ്ങളുടെ കേന്ദ്രമായി ചൈന മാറുന്നത് എന്തുകൊണ്ട്?

ചൈനയിലെ ജനസംഖ്യയുടെ പകുതിയും നഗരങ്ങളിൽ 70 ശതമാനവും സ്ഥിതി ചെയ്യുന്നത് ദുരന്തസാധ്യതാ മേഖലകളിലാണ്
Updated on
2 min read

മാസങ്ങളുടെ ഇടവേളയ്ക്കുശേഷം ചൈനയില്‍നിന്ന് വീണ്ടുമൊരു ഭൂകമ്പ വാർത്ത, ഇത്തവണ മരണസംഖ്യയും നാശവും അല്‍പ്പം കൂടുതലാണ്. വടക്കുപടിഞ്ഞാറന്‍ ചൈനയിലെ ഗാന്‍സു പ്രവശ്യയിലുണ്ടായ ഭൂകമ്പത്തില്‍ ഇതുവരെ മരിച്ചത് 111 പേരാണ്, ഇരുനൂറിലധികം പേർക്ക് പരുക്കേറ്റതായും പ്രദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദശാബ്ദങ്ങള്‍ക്കിടെ അഗ്നിപർവത സ്ഫോടനം ഒഴികെയുള്ള എല്ലാ പ്രകൃതിദുരന്തങ്ങള്‍ക്കും ചൈന സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇതിന്റെ കാരണം എന്തെന്ന് പരിശോധിക്കാം.

ദുരന്തങ്ങളുടെ നിര

ചൈനയുടെ എല്ലാ പ്രവിശ്യകളും ഏതെങ്കിലും തരത്തിലുള്ള പ്രകൃതി ദുരന്തങ്ങള്‍ അനുഭവിച്ചിട്ടുണ്ട്. ചൈനയുടെ മൂന്നില്‍ രണ്ട് ഭാഗവും വെള്ളപ്പൊക്ക ഭീഷണി നേരിടുന്നതായാണ് ഗ്ലോബല്‍ ഫസിലിറ്റി ഫോർ ഡിസാസ്റ്റർ റിഡക്ഷന്‍ ആന്‍ഡ് റിക്കവറി (ജിഎഫ്‌ജിആർആർ) റിപ്പോർട്ടില്‍ പറയുന്നത്.

കിഴക്ക്, തെക്ക് തീരപ്രദേശങ്ങളും ചില പ്രവിശ്യകളും ചുഴലിക്കാറ്റുകൾ നേരിടുന്നു. വടക്കുകിഴക്ക്, വടക്കുപടിഞ്ഞാറൻ, വടക്കൻ ചൈന എന്നിവിടങ്ങളിൽ വരൾച്ച പലപ്പോഴും സംഭവിക്കാറുണ്ട്. ഓരോ പ്രവിശ്യയിലും റിക്ടർ സ്കെയിലിൽ 5.0 അല്ലെങ്കിൽ അതിലും ഉയർന്ന തീവ്രതയിലുള്ള ഭൂകമ്പങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ചൈനയുടെ പ്രദേശത്തിന്റെ 69 ശതമാനവും പർവതങ്ങളും സമതലങ്ങളും ചേർന്നതാണ്. സങ്കീർണമായ ഭൂമിശാസ്ത്രപരമായ ഘടനയാണ് പ്രകൃതി ദുരന്തങ്ങളിലേക്ക് നയിക്കുന്ന പ്രധാനഘടകം. രാജ്യത്തെ ജനസംഖ്യയുടെ പകുതിയും ചൈനീസ് നഗരങ്ങളിൽ 70 ശതമാനവും സ്ഥിതി ചെയ്യുന്നത് ദുരന്തസാധ്യതാ മേഖലകളിലാണ്.

വീണ്ടും ഭൂകമ്പം, മരണം, നാശം; പ്രകൃതിദുരന്തങ്ങളുടെ കേന്ദ്രമായി ചൈന മാറുന്നത് എന്തുകൊണ്ട്?
ചൈനയില്‍ നാശം വിതച്ച് ഭൂകമ്പം, 111 മരണം; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

ഭൂകമ്പങ്ങള്‍ക്ക് പിന്നില്‍

യുറേഷ്യൻ, പസഫിക്, ഇന്ത്യൻ മഹാസമുദ്രത്തിന്റെ പ്ലേറ്റുകള്‍ (Plates) ചേരുന്ന പ്രദേശത്താണ് ചൈന സ്ഥിതിചെയ്യുന്നത്. ഇതുമൂലം ഭൂമിയുടെ അന്തർഭാഗത്തുണ്ടാകുന്ന (Tectonic) ചലനങ്ങള്‍ മൂലമാണ് തുടർച്ചയായി ഭൂകമ്പങ്ങളുണ്ടാകുന്നത്. ചൈനയിലെ ഭൂകമ്പങ്ങളിൽ ഭൂരിഭാഗവും ഭൂഖണ്ഡാന്തരമാണ്. ആഗോളതലത്തിൽ വിനാശകരമായ ഭൂഖണ്ഡ ഭൂകമ്പങ്ങളുടെ മൂന്നിലൊന്നും സംഭവിക്കുന്നത് ഇവിടെയാണ്.

നഷ്ടം

മൂന്ന് പതിറ്റാണ്ടിനിടെ പ്രകൃതി ദുരന്തങ്ങള്‍ മൂലം രണ്ട് ലക്ഷത്തോളം പേരാണ് ചൈനയില്‍ മരിച്ചത്. ഏകദേശം 1,698 ബില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ നഷ്ടവും സംഭവിച്ചിട്ടുണ്ട്. മരണവും സാമ്പത്തികവും മാത്രമല്ല കൃഷിയെയും പ്രകൃതി ദുരന്തങ്ങള്‍ കാര്യമായി ബാധിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

രണ്ടായിരത്തിനുശേഷം 38.86 ദശലക്ഷം ഹെക്‌ടറിലെ വിളകളില്‍ ഓരോ വർഷവും പ്രകൃതിദുരന്തങ്ങള്‍ മൂലം കുറഞ്ഞത് 10 ശതമാനത്തിന്റെ നഷ്ടം ഉണ്ടായിട്ടുണ്ട്. അതിൽ 4.95 ദശലക്ഷം ഹെക്‌ടർ പൂർണമായും നശിച്ചിട്ടുണ്ട്, ഇത്തരം സാഹചര്യങ്ങളില്‍ വിളവിലുണ്ടാകുന്ന നഷ്ടം 80 ശതമാനത്തിന് മുകളിലുമാണ്. മൊത്ത ആഭ്യന്തര ഉത്പാദനത്തിലുണ്ടായ സാമ്പത്തിക നഷ്ടം 2.25 ശതമാനമാണെന്നും ജിഎഫ്‌ജിആർആർ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

വീണ്ടും ഭൂകമ്പം, മരണം, നാശം; പ്രകൃതിദുരന്തങ്ങളുടെ കേന്ദ്രമായി ചൈന മാറുന്നത് എന്തുകൊണ്ട്?
അയയാതെ ഹൂതികള്‍, ഒഴിയാതെ ആധി; എണ്ണ വിലവർധന ഭീഷണിയിൽ ലോകം

വെള്ളപ്പൊക്കവും ഭൂകമ്പവും

1998-ലെ വെള്ളപ്പൊക്കമായിരുന്നു ചൈനയെ കാര്യമായി ബാധിച്ച ദുരന്തങ്ങളിലൊന്ന്. നാലായിരത്തിലധികം പേരാണ് വെള്ളപ്പൊക്കത്തില്‍ മരിച്ചത്. 21.2 ദശലക്ഷം ഹെക്ടർ വിളകളും 6.85 ദശലക്ഷം വീടുകളും അന്ന് പൂർണമായും നശിച്ചു. 24 ബില്യണ്‍ യുഎസ് ഡോളറിന്റെ സാമ്പത്തിക നഷ്ടമാണ് അന്ന് സംഭവിച്ചത്.

2008-ലെ ഭൂകമ്പത്തില്‍ മരണസംഖ്യയും സാമ്പത്തിക നഷ്ടവും ഉയർന്നു. 87,000ത്തിലധികം പേരാണ് അന്ന് മരിച്ചത്. മൂന്നരലക്ഷത്തിലധികം പേർക്ക് പരുക്കേല്‍ക്കുകയും ചെയ്തു. അന്നത്തെ മൂല്യമനുസരിച്ച് ഏകദേശം 150 ബില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ സാമ്പത്തിക നഷ്ടമാണ് രേഖപ്പെടുത്തിയത്.

logo
The Fourth
www.thefourthnews.in