ട്രാക്ടറുമായി കര്‍ഷകര്‍ തെരുവില്‍; യൂറോപ്പില്‍ ആളിപ്പടരുന്ന പ്രക്ഷോഭം, കാരണമെന്ത്?

ട്രാക്ടറുമായി കര്‍ഷകര്‍ തെരുവില്‍; യൂറോപ്പില്‍ ആളിപ്പടരുന്ന പ്രക്ഷോഭം, കാരണമെന്ത്?

ബെല്‍ജിയം, ഫ്രാന്‍സ്, ജര്‍മനി, നെതര്‍ലന്‍ഡ്‌സ്, സ്‌പെയിന്‍, ഇറ്റലി തുടങ്ങി നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ ശക്തമായ കര്‍ഷക പ്രക്ഷോഭത്തില്‍ വിറയ്ക്കുകയാണ്
Updated on
3 min read

ആയിരക്കണക്കിന് ട്രാക്ടറുകളുമായി പതിനായിരക്കണക്കിന് കര്‍ഷകര്‍ രാജ്യതലസ്ഥാനം വളഞ്ഞ് നരേന്ദ്ര മോദി സര്‍ക്കാരിനെ വിറപ്പിച്ച കര്‍ഷക പ്രക്ഷേഭം ഇന്ത്യ മറക്കാനിടയില്ല. 2014-ല്‍ അധികാരത്തിലേറിയതിന് ശേഷം മോദി നേരിട്ട ഏറ്റവും വലിയ ജനകീയ മുന്നേറ്റം ഒടുവില്‍ വിവാദ കര്‍ഷക ബില്ലുകള്‍ പിന്‍വലിച്ചതോടെയാണ് അവസാനിച്ചത്. ഇന്ത്യന്‍ തെരുവുകളില്‍ കര്‍ഷകര്‍ നടത്തിയ ഐതിഹാസിക സമരത്തിന് സമാനമായ പ്രക്ഷോഭം യൂറോപ്പിനേയും പിടിച്ചു കുലുക്കുകയാണ്. വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ കര്‍ഷക പ്രക്ഷോഭങ്ങള്‍ ആളിപ്പടരുന്നു. കാലാവസ്ഥാ സംരക്ഷണത്തിന് വേണ്ടി ഭരണാധികാരികള്‍ സ്വീകരിച്ച നടപടികള്‍ തങ്ങളുടെ ജീവിതം താളംതെറ്റിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് യൂറോപ്പില്‍ കര്‍ഷകര്‍ കൂട്ടത്തോടെ സമരത്തിനിറങ്ങിയിരിക്കുന്നത്. ജര്‍മനിയിലും സ്‌പെയിനിലുമെല്ലാം സമരം അക്രമാസക്തമാവുകയും ചെയ്തു.

ബെല്‍ജിയം, ഫ്രാന്‍സ്, ജര്‍മനി, നെതര്‍ലന്‍ഡ്‌സ്, സ്‌പെയിന്‍, ഇറ്റലി തുടങ്ങി നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ ശക്തമായ കര്‍ഷക പ്രക്ഷോഭത്തില്‍ വിറയ്ക്കുകയാണ്. ബെല്‍ജിയത്തിലും ഇറ്റിലിയിലും ഫ്രാന്‍സിലും ബുധനാഴ്ചയും കര്‍ഷകര്‍ ട്രാക്ടറുകളുമായി എത്തി റോഡുകള്‍ ഉപരോധിച്ചു. ബ്രസല്‍സിലെ യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടി നടക്കുന്ന വേദിയിലേക്ക് ട്രാക്ടറുകളുമായി നീങ്ങിയ കര്‍ഷകരെ സുരക്ഷാ സേന തടഞ്ഞു.

യുക്രെയ്നില്‍ നിന്ന് ഭക്ഷ്യധാന്യങ്ങള്‍ വിലകുറഞ്ഞ രീതിയില്‍ ഇറക്കുമതി ചെയ്യുന്നില്‍ ഇളവ് വരുത്താനും തരിശു കിടക്കുന്ന ഭൂമിയില്‍ കൃഷി നടത്താന്‍ കര്‍ഷകര്‍ക്ക് അനുമതി നല്‍കാനും ബുധനാഴ്ച ചേര്‍ന്ന യൂറോപ്യന്‍ യൂണിയന്‍ എക്‌സിക്യൂട്ടൂവ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍, ഈ തീരുമാനങ്ങള്‍ കൊണ്ടുമാത്രം കര്‍ഷക പ്രക്ഷോഭം തണുപ്പിക്കാന്‍ യൂറോപ്യന്‍ യൂണിയനാകില്ല.

ജര്‍മനിയില്‍ ട്രാക്ടറുകള്‍ റോഡുകളില്‍ നിരത്തി നിര്‍ത്തി കര്‍ഷകര്‍ നടത്തിയ സമയം സംഘര്‍ഷത്തിലാണ് കലാശിച്ചത്. നെതര്‍ലന്‍ഡ്‌സിലും ബെല്‍ജിയത്തിലും കഴിഞ്ഞവര്‍ഷം ആരംഭിച്ച സരമാണ്. ബെല്‍ജിയത്തിലെ യൂറോപ്യന്‍ യൂണിയന്‍ ആസ്ഥാന മന്ദിരത്തിന് മുന്നില്‍ ട്രാക്ടറുകള്‍ നിര്‍ത്തിയിട്ട് കഴിഞ്ഞ മാര്‍ച്ചില്‍ കര്‍ഷകര്‍ നടത്തിയ സമരം ലോകശ്രദ്ധ നേടിയിരുന്നു. കര്‍ഷകരെ പിന്തുണച്ചുകൊണ്ട് ഫ്രാന്‍സിലെ പ്രസിദ്ധമായ മോണാലിസ ചിത്രത്തില്‍ സൂപ്പ് ഒഴിച്ചു നടത്തിയ പ്രതിഷേധമാണ് ഈ വിഷയത്തില്‍ പുതുതായി നടന്ന 'അതിരുകടന്ന' പ്രതികരണം. എന്താണ് യൂറോപ്പിലെ കര്‍ഷകരെ പ്രകോപിപ്പിച്ചതിന് പിന്നിലെ പ്രധാന കാരണങ്ങള്‍?

ട്രാക്ടറുമായി കര്‍ഷകര്‍ തെരുവില്‍; യൂറോപ്പില്‍ ആളിപ്പടരുന്ന പ്രക്ഷോഭം, കാരണമെന്ത്?
മസ്‌കിന് ടെസ്‌ല നല്‍കുന്നത് 5600 കോടി ഡോളറിന്റെ 'ഭീമമായ ശമ്പളം'; അസാധുവാക്കി അമേരിക്കന്‍ കോടതി

ഈ സമരങ്ങളെല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നുവേണം കര്‍ഷകര്‍ ഉയര്‍ത്തുന്ന ആവശ്യങ്ങള്‍ കാണുമ്പോള്‍ മനസ്സിലാകുന്നത്. യൂറോപ്പിലെ കടുത്ത കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കാനെന്ന പേരില്‍ വിവിധ സര്‍ക്കാരുകള്‍ നടപ്പിലാക്കുന്ന നിയമങ്ങള്‍ ആത്യന്തികമായി പ്രതികൂലമായി ബാധിക്കുന്നത് കര്‍ഷകരെയാണ് എന്നതാണ് ഇവരെ കൂട്ടത്തോടെ തെരുവിലിറക്കാന്‍ പ്രേരിപ്പിച്ച പ്രധാന ഘടകം.

നൈട്രജന്‍ ബഹിര്‍ഗമനം തടയാന്‍ നടപടി സ്വീകരിക്കണം എന്നുള്ള 2019-ലെ കോടതി ഉത്തരവാണ് നെതര്‍ലന്‍ഡ്‌സില്‍ പ്രശ്‌നങ്ങള്‍ക്ക് തുടക്കം. കര്‍ഷകരുടെ ഫാമുകള്‍ പൂട്ടാനും ഫാമുകളിലെ മൃഗങ്ങളുടെ എണ്ണം വെട്ടിക്കുറയ്ക്കാനുമായിരുന്നു ഇതിനുള്ള മാര്‍ഗമായി നെതര്‍ലന്‍ഡ്‌സ് സര്‍ക്കാര്‍ കണ്ടെത്തിയത്. സര്‍ക്കാരിന്റേത് കര്‍ഷക വിരുദ്ധ നിലപാടാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കര്‍ഷകര്‍ സമരം ആരംഭിച്ചത്. ബെല്‍ജിയത്തിലെ ബ്രസല്‍സിലും സമാനമായ സാഹചര്യത്തിലാണ് കര്‍ഷകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

സ്‌പെയിനിലും ഫ്രാന്‍സിലും പ്രതിഷേധങ്ങള്‍ ശക്തമാണ്. 2023 സ്‌പെയിനിലെ ഏറ്റവും ചൂടുകൂടിയ വര്‍ഷമായിരുന്നു. വരള്‍ച്ച തടയുന്നതിന്റെ ഭാഗമായി, ടാഗൂസ് നദിയില്‍ നിന്ന് കര്‍ഷകര്‍ക്ക് കൃഷി ആവശ്യത്തിന് എടുക്കാനുള്ള വെള്ളത്തിന്റെ അളവ് ഗണ്യമായി വെട്ടിക്കുറച്ചതാണ് കര്‍ഷകരെ പ്രതിഷേധത്തിനിറക്കാന്‍ പ്രേരിപ്പിച്ചത്.

കഴിഞ്ഞ ഡിസംബറില്‍ ജര്‍മനിയിലെ ബെര്‍ലിനില്‍ ട്രാക്ടറുകള്‍ നിരത്തിയിട്ട് കര്‍ഷകര്‍ നടത്തിയ സമരം പോലീസും പ്രതിഷേധക്കാരും തമ്മിലുള്ള വലിയ ഏറ്റുമുട്ടലിലാണ് കലാശിച്ചത്. പതിനായിരം ട്രാക്ടറുകള്‍ റോഡില്‍ നിരത്തിയിട്ടായിരുന്നു അന്ന് കര്‍ഷകരുടെ സമരം.

കോവിഡ് മഹാമാരിക്ക് ശേഷം, സാമ്പത്തികമായി പ്രതിരോധത്തിലായ തങ്ങളെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നതാണ് ഭരണകൂടങ്ങളുടെ പുതിയ കാലാവസ്ഥ നയങ്ങള്‍ എന്നാണ് കര്‍ഷകര്‍ വിമര്‍ശിക്കുന്നത്. കാലാവസ്ഥ വ്യതിയാനത്തിന്റെ ദൂഷ്യഫലങ്ങള്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നതെന്നും എന്നാല്‍, തങ്ങള്‍ മാത്രമാണ് കാലാവസ്ഥ വ്യതിയാനത്തിന്റെ ഉത്തരവാദികള്‍ എന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും യൂറോപ്പിലെ കര്‍ഷകര്‍ പറയുന്നു.

പരിസ്ഥിതി പ്രവര്‍ത്തകരും കര്‍ഷരും തമ്മിലുള്ള വാക്‌പോരും ശക്തമാണ്. കാലാവസ്ഥ സംരക്ഷണ നടപടികളോട് കര്‍ഷകര്‍ സഹകരിക്കണം എന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. യൂറോപ്പിലെ 80 ശതമാനം ആവാസവയവസ്ഥയും മോശം സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ചില വിളകളുടെ നിരന്തരമായുള്ള കൃഷി മൂലം മണ്ണ് നശിക്കുകയും ജല ലഭ്യത ഗണ്യമായി കുറയും ചെയ്തുവെന്ന് ഇവര്‍ ആരോപിക്കുന്നു.

എന്നാല്‍, ഭരണകൂടങ്ങള്‍ ഈ പ്രക്ഷോഭങ്ങളെ നോക്കിക്കാണുന്നത് രാഷ്ട്രീയപ്രേരിതമായ നീക്കം എന്ന നിലയിലാണ്. നെതര്‍ലന്‍ഡ്‌സില്‍ മാര്‍ച്ചില്‍ നടന്ന തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയ ഭരണകക്ഷി, കര്‍ഷക പ്രക്ഷോഭങ്ങള്‍ ആരംഭിച്ചതിന് ശേഷം നടന്ന തിരഞ്ഞെടുപ്പുകളില്‍ വലിയ പതനത്തിലേക്കാണ് പോയത്. ജര്‍മനിയില്‍ കര്‍ഷക പ്രക്ഷോഭത്തിന് തീവ്ര വലതു പാര്‍ട്ടിയായ ആള്‍ട്ടര്‍നേറ്റീവ് ഓഫ് ജര്‍മനിയുടെ പിന്തുണയുണ്ട്.

logo
The Fourth
www.thefourthnews.in