ഗാസയില്‍ ഇസ്രയേല്‍ പ്രയോഗിച്ചത് വൈറ്റ് ഫോസ്ഫറസ് ബോംബുകളോ?; അറിയാം അതീവ അപകടകാരി വില്ലി പീറ്ററിനെ
ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തിനിടയില്‍ ഇസ്രയേല്‍ പ്രതിരോധസേന, അന്താരാഷ്ട്ര നിയമപ്രകാരം കര്‍ശനമായി നിയന്ത്രിക്കപ്പെട്ട വൈറ്റ് ഫോസ്ഫറസ് ബോംബ് വര്‍ഷിച്ചതായാണ് റിപ്പോര്‍ട്ട്. ഗാസയിലെ ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിലാണ് ഇസ്രയേല്‍ വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ചിരിക്കുന്നതെന്ന് ആരോപിക്കുന്ന തരത്തിലുള്ള നിരവധി ഫോട്ടോകളും വീഡിയോകളുമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
വെളുത്തുള്ളിയുടെ മണമുള്ള, മെഴുക് പോലുള്ള രാസപദാര്‍ഥമാണ് ഫോസ്ഫറസ്. പെട്ടെന്ന് കത്തുന്ന രാസവസ്തുവാണിത്. വായുവുമായി കൂടിക്കലരുമ്പോള്‍ ഫോസ്ഫറസ് വളരെ അധികം തിളക്കത്തിലും വേഗത്തിലും കത്തുന്നു. ഈ രാസപ്രവര്‍ത്തനം പെട്ടെന്നുള്ള ചൂടും വെളിച്ചവും പുകയും ഉണ്ടാക്കുന്നത് കാരണം യുദ്ധസമയത്ത് പുകമറ സൃഷ്ടിക്കാന്‍ സൈന്യങ്ങള്‍ വൈറ്റ് ഫോസ്ഫറസ് ഉപയോഗിക്കുന്നു. ഗുരുതരമായി പൊള്ളലേല്‍ക്കാൻ കാരണമാകുന്നത് കൂടിയാണ് വൈറ്റ് ഫോസ്ഫറസ്. പ്രദേശത്ത് പെട്ടന്ന് തീ പടര്‍ന്ന് പിടിപ്പിക്കാനും ഇവയ്ക്ക് സാധിക്കും.
ഒരിക്കല്‍ കത്തിക്കഴിഞ്ഞാല്‍ വൈറ്റ് ഫോസ്ഫറസ് ചര്‍മത്തിലും വസ്ത്രത്തിലും പറ്റിപ്പിടിക്കും. ഇത് കോശങ്ങളിലേക്കും എല്ലുകളിലേക്കും ആഴത്തില്‍ തുളച്ചുകയറുന്ന തരത്തിലുള്ള പൊള്ളലിന് കാരണമാകുന്നു. ഇതുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്ക് ശ്വാസതടസം, അണുബാധ തുടങ്ങിയ പ്രശ്നങ്ങൾ സൃഷ്ടിക്കാനും മരണത്തിലേക്ക് നയിക്കാനും ഇടയാകും.
അന്താരാഷ്ട്ര നിയമപ്രകാരം വൈറ്റ് ഫോസ്ഫറസ് യുദ്ധോപകരണങ്ങള്‍ നിരോധിച്ചിട്ടില്ലെങ്കിലും അവയുടെ തീക്ഷ്ണമായ ഫലങ്ങള്‍ കാരണം ഉപയോഗം കര്‍ശനമായി നിയന്ത്രിച്ചിട്ടുണ്ട്. രണ്ടാംലോക മഹായുദ്ധത്തിനുശേഷം വൈറ്റ് ഫോസ്ഫറസ് സ്‌ഫോടകവസ്തുക്കളെ വില്ലി പീറ്റ് എന്നും വില്ലി പീറ്റര്‍ എന്നും അറിയപ്പെട്ടുതുടങ്ങി.
ലോകത്ത് നിരവധി യുദ്ധങ്ങളിൽ വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ചിട്ടുണ്ട്. 1800കളില്‍ ഐറിഷ് ദേശീയവാദികള്‍ ബ്രിട്ടീഷ് സേനക്കെതിരെ പ്രയോഗിച്ചതാണ് ആദ്യത്തെ വൈറ്റ് ഫോസ്ഫറസ് ഉപയോഗമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഐറിഷ് റിപ്പബ്ലിക്കുകള്‍ പ്രയോഗിച്ച ഫോര്‍മുലേഷന്‍ ഫെനിയന്‍ ഫയര്‍ എന്നും അറിയപ്പെടുന്നു. രണ്ട് ലോകയുദ്ധത്തിലും ബ്രിട്ടീഷ് സൈന്യം വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ചിട്ടുണ്ട്. ഇറാഖ് ഉപരോധത്തിനുശേഷം അമേരിക്കന്‍ സൈന്യം ഫലൂജയിലെ വിമതര്‍ക്കെതിരെയും ഈ രാസായുധം പ്രയോഗിച്ചിരുന്നു.
2006ലെ ലെബനന്‍ യുദ്ധത്തില്‍ ഹെസബൊല്ലയ്ക്കെതിരെ ഫോസ്ഫറസ് ഷെൽ പ്രയോഗിച്ചിട്ടുണ്ടെന്ന് ഇസ്രയേല്‍ സമ്മതിച്ചിട്ടുണ്ട്. ഓപ്പറേഷന്‍ കാസ്റ്റ് ലീഡ് എന്ന് വിളിക്കുന്ന 2008-09ലെ ഗാസ യുദ്ധത്തിലും ഇസ്രയേല്‍ പ്രതിരോധ സേന വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ചിട്ടുണ്ടെന്ന് നിരവധി മനുഷ്യാവകാശ സംഘടനകള്‍ ആരോപിച്ചിരുന്നു.
സിറിയന്‍ പ്രതിസന്ധി ഘട്ടത്തില്‍ വൈറ്റ് ഫോസ്ഫറസ്റ്റ് ഉള്‍പ്പെടെയുള്ള രാസായുധങ്ങള്‍ ഉപയോഗിച്ചതായി ബഷര്‍ അല്‍ അസ്സദ് നയിക്കുന്ന സിറിയന്‍ സര്‍ക്കാരിനെതിരെയും അന്താരാഷ്ട്ര സമൂഹം ആരോപിച്ചിരുന്നു. വിയറ്റ്‌നാമിലെ യുഎസ് സേനയും ഒന്നാം ചെചെന്‍ യുദ്ധത്തിലും രണ്ടാം ചെചെന്‍ യുദ്ധത്തിലും റഷ്യന്‍ സൈന്യവും വൈറ്റ് ഫോസ്ഫറസ് യുദ്ധോപകരണങ്ങള്‍ വ്യാപകമായി ഉപയോഗിച്ചു.
യുക്രെയ്‌നിൽ റഷ്യയും വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ചിരുന്നെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. 1972ല്‍ ഇത്തരം ആയുധങ്ങളെ 'കാറ്റഗറി ഓഫ് ആര്‍മ്സ് വ്യൂവ്ഡ് വിത്ത് ഹൊററില്‍' ഉള്‍പ്പെടുത്തി കൊണ്ട് ഐക്യരാഷ്ട്ര സഭ പ്രമേയം പാസാക്കിയിരുന്നു. ആളുകള്‍ക്ക് മോശമായി ബാധിക്കുന്ന ഇത്തരം ആയുധങ്ങളുടെ ഉപയോഗം കുറയ്ക്കാനും ഇല്ലാതാക്കാനും 1980ല്‍ ലോകരാജ്യങ്ങള്‍ സമ്മതിക്കുകയും ചെയ്തിരുന്നു.