ലുല ഡ സിൽവ
ലുല ഡ സിൽവ

ബ്രസീലുകാരോട് വാക്ക് പാലിക്കാൻ ലുല ഡ സിൽവ

ഇരുൾ നിറഞ്ഞതും അനിശ്ചിതത്വങ്ങൾ നിറഞ്ഞതുമായ നാളുകൾക്ക് ശേഷം 215 മില്യൺ വരുന്ന ജനതയെ ഒരുമിപ്പിക്കുന്നതിലാകും ഇനി അദ്ദേഹത്തിന്റെ ശ്രദ്ധ
Updated on
1 min read

ബ്രസീലിനെ തകർത്ത ബോള്‍സനാരോ യുഗത്തിന് അന്ത്യം കുറിച്ച് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയിരിക്കുകയാണ്. രാഷ്ട്രപതിയുടെ കൊട്ടാരമായ പലന്‍സിയോ ഡോ പ്ലനാല്‍റ്റോയുടെ മുന്നില്‍ ഒത്തുകൂടിയ പതിനായിരത്തോളം വരുന്ന ജനങ്ങളോടായി ബ്രസീലിയൻ ചരിത്രത്തിലെ ഏറ്റവും മോശം കാലത്തിന് അന്ത്യം കുറിക്കുകയാണെന്ന പ്രസംഗത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞ. ഇരുൾ നിറഞ്ഞതും അനിശ്ചിതത്വങ്ങൾ നിറഞ്ഞതുമായ നാളുകൾക്ക് ശേഷം 215 മില്യൺ വരുന്ന ജനതയെ ഒരുമിപ്പിക്കുന്നതിലാകും ഇനി അദ്ദേഹത്തിന്റെ ശ്രദ്ധ.

ബ്രസീൽ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക തകര്‍ച്ചയും അരക്ഷിതാവസ്ഥയ്ക്കും കാരണക്കാരനായ മുൻ പ്രസിഡന്റിനെതിരെ അലയടിച്ച ഭരണവിരുദ്ധ തരംഗത്തിന്റെ ഫലമായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പിലെ ലുലയുടെ വിജയം. രാജ്യത്തെ തളർത്തിയ ദാരിദ്ര്യത്തിൽ നിന്നും, കോവിഡിന്റെ നീരാളി പിടുത്തത്തിൽ നിന്നും രക്ഷപെടുത്താൻ ലുലയുടെ ഭരണത്തിന് സാധിക്കുമെന്നാണ് അദ്ദേഹത്തിന് അനുകൂലമായി വിധിയെഴുതിയ ബ്രസീലിയൻ ജനതയുടെ വിശ്വാസം. ഇതിന് മുൻപ് ഭരണത്തിലെത്തിയപ്പോൾ ബ്രസീൽ പട്ടിണിയെ അതിജീവിക്കുന്നതിലും വിദ്യാഭ്യാസ രംഗത്ത് കൈവരിച്ച പുരോഗതിയുമാണ് അത്തരമൊരു വിശ്വാസത്തിലേക്ക് ബ്രസീൽ ജനതയെ കൊണ്ടെത്തിച്ചത്.

മുൻ പ്രസിഡന്റിന്റെ കാലത്തെ ദുരന്തങ്ങളെകുറിച്ചുള്ള പരാമർശങ്ങൾക്കും രാഷ്ട്രപതിയുടെ ഔദ്യോഗിക വസതി വേദിയായി. കോവിഡിനെ നേരിടുന്നതിൽ പരാജയപ്പെട്ടതുമൂലം 7 ലക്ഷം ആളുകൾക്കാണ് ബ്രസീലിൽ ജീവൻ നഷ്ടമായത്. കൂടാതെ ആമസോൺ മഴക്കാടുകളെ സംരക്ഷിച്ച് നിലനിർത്തുന്നതിലും പരാജയമായിരുന്നു കഴിഞ്ഞ സർക്കാർ. നിഷ്കളങ്കരായ ആളുകളുടെ ജീവന് ഭീഷണിയായ ആളുകൾക്ക് കൃത്യമായ ശിക്ഷ ലഭിക്കുമെന്ന് ബോൾസനാരോയുടെ പേരെടുത്ത് പറയാതെ ലുല സത്യപ്രതിജ്ഞാവേദിയിൽ ബ്രസീലുകാർക്ക് ഉറപ്പുനൽകി.

മറീന സിൽവയെ പരിസ്ഥിതി മന്ത്രിയാക്കാനുള്ള തീരുമാനം, ബോള്‍സനാരോ കാലത്തുനിന്നുള്ള ബ്രസീലിൻ്റെ ഉയർത്തെഴുന്നേൽപ്പിന് ഊർജ്ജം പകരുമെന്ന് വിലയിരുത്തപ്പെടുന്നു. ആമസോൺ മഴക്കാടുകളുടെ സംരക്ഷണത്തിനായി പ്രവർത്തിച്ചയാളാണ് മറീന. ഇവരടക്കം 11 സ്ത്രീകളാണ് പുതിയ മന്ത്രിസഭയിൽ ഇടം പിടിച്ചത്. കിടപ്പാടമില്ലാത്തതിന്റെ പേരിൽ തെരുവിൽ കഴിയേണ്ടി വരുന്നവർക്കും, ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്നവർക്കും, ജീവിക്കാൻ ഭയപ്പെട്ടിരുന്നവർക്കുമെല്ലാം പ്രതീക്ഷ പകർന്നാണ് ലുല അധികാരമേറ്റത്

logo
The Fourth
www.thefourthnews.in