മോദിയുടെ അഭിനന്ദന സന്ദേശവും ഷഹബാസിൻ്റെ മറുപടിയും; ഇന്ത്യ - പാക് ബന്ധങ്ങൾക്ക് പുതിയ വഴിത്തിരിവാകുമോ?

മോദിയുടെ അഭിനന്ദന സന്ദേശവും ഷഹബാസിൻ്റെ മറുപടിയും; ഇന്ത്യ - പാക് ബന്ധങ്ങൾക്ക് പുതിയ വഴിത്തിരിവാകുമോ?

ഏപ്രിൽ, മെയ് മാസങ്ങളിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ ഇന്ത്യ-പാക് ഉഭയകക്ഷി ചർച്ചകൾക്ക് പോലുമുള്ള സാധ്യതകൾ വിലയിരുത്താനാകു എന്നാണ് ഇരു രാജ്യങ്ങളുടെയും വിശകലന വിദഗ്ധർ അഭിപ്രായപ്പെടുന്നത്
Updated on
2 min read

പാകിസ്താന്‍ പ്രധാനമന്ത്രിയായുള്ള ഷഹബാസ് ഷെരീഫിന്റെ തിരഞ്ഞെടുപ്പ് ഇന്ത്യ-പാകിസ്താൻ ബന്ധത്തിന്റെ പുതിയൊരു അധ്യായത്തിന് തുടക്കമാകുമോ? ഷഹബാസിന് ആശംസകളറിയിച്ചുള്ള ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റും അതിനുള്ള ഷഹബാസിന്റെ മറുപടിയും നല്‍കുന്ന സൂചനകള്‍ ഇതിന് ആക്കംകൂട്ടുന്ന തരത്തിലുള്ളതാണെന്നാണ് അന്തരാഷ്ട്ര തലത്തിലെ ചർച്ചകൾ.

'പാകിസ്താൻ പ്രധാനമന്ത്രിയായി സ്ഥാനമേറ്റ ഷഹബാസ് ഷെരീഫിന് അഭിനന്ദനങ്ങൾ' എന്നാണ് മാർച്ച് അഞ്ചിന് നരേന്ദ്ര മോദി എക്‌സിൽ കുറിച്ചത്. നരേന്ദ്രമോദിയുടെ ആശംസകൾക്ക് 'നന്ദി അറിയിക്കുന്നു' എന്നാണ് മറുപടിയായി മാർച്ച് ഏഴിന് എക്‌സിൽ ഷഹബാസ് എഴുതിയത്.

വെറും ഒരു വരി മാത്രം നീണ്ടു നിന്ന മോദിയുടെ അഭിനന്ദന സന്ദേശവും ഷെരീഫിൻ്റെ പ്രതികരണവും അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് ബ്രീഫിങ്ങിൽ ചർച്ചകൾക്ക് തുടക്കമിട്ടിരുന്നു. വിളക്കിച്ചേർക്കാനാവുന്നതിലുമധികം നയതന്ത്ര ബന്ധത്തിൽ അകന്നുനിൽക്കുന്ന ഇരു രാജ്യങ്ങളും തമ്മിലുള്ള പിരിമുറുക്കം ക്രമേണ കുറയാനുള്ള സാധ്യതകളെക്കുറിച്ചും സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് വിലയിരുത്തിയതായി അന്താരാഷ്ട്ര വൃത്തങ്ങൾ സൂചിപ്പിക്കുന്നു. അതേസമയം, ഇന്ത്യയിൽ ഏപ്രിൽ, മെയ് മാസങ്ങളിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിനുശേഷം മാത്രമേ ഇന്ത്യ-പാക് ഉഭയകക്ഷി ചർച്ചകൾ പോലുള്ള സാധ്യതകൾ വിലയിരുത്താനാകു എന്നാണ് ഇരു രാജ്യങ്ങളുടെയും വിശകലന വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

മോദിയുടെ അഭിനന്ദന സന്ദേശവും ഷഹബാസിൻ്റെ മറുപടിയും; ഇന്ത്യ - പാക് ബന്ധങ്ങൾക്ക് പുതിയ വഴിത്തിരിവാകുമോ?
പാകിസ്താനിൽ ഷഹബാസ് ഷെരീഫ് വീണ്ടും പ്രധാനമന്ത്രി

ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുക എന്നത് നിലവിലെ പാകിസ്താൻ സർക്കാരിന് ദുഷ്കരമായ വിദേശനയ പരീക്ഷണമായിരുക്കുമെന്നാണ് ഐക്യരാഷ്ട്രസഭയിലും അമേരിക്കയിലും ബ്രിട്ടനിലും പാകിസ്താൻ അംബാസഡറായിരുന്ന നയതന്ത്രജ്ഞ മലീഹ ലോധി പ്രതികരിച്ചത്. ഇരു രാജ്യങ്ങൾക്കുമിടയില്‍ നിരവധി തടസങ്ങൾ നിലനിൽക്കുന്നുണ്ടെന്നും ഇവ പരിഹരിക്കുക അത്ര എളുപ്പമല്ലെന്നും മലീഹ ലോധി പ്രതികരിച്ചതായി അന്താരഷ്ട്ര മാധ്യമമായ അൽ ജസീറ റിപ്പോർട്ട് ചെയ്തു.

പഠാൻകോട്ട്, ഉറി, പുൽവാമ, പൂഞ്ച് തുടങ്ങി അക്രമങ്ങളുടെ നീണ്ടനിര ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കുകയായിരുന്നു. പാകിസ്താനുമായി സാധാരണ ഒരു അയൽ രാജ്യവുമായുള്ള ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് ഇന്ത്യ പലപ്രാവശ്യം വ്യക്തമാക്കിയിരുന്നു. എന്നാൽ അത്തരമൊരു ഇടപെടലിനായി പാകിസ്താൻ ഭീകരതയും ശത്രുതയും ഇല്ലാത്ത അന്തരീക്ഷം സ്ഥാപിക്കണമെന്നാണ് ഇന്ത്യയുടെ നിലപാട്. ‘നല്ല ബന്ധം നിലനിർത്താനായി ഇന്ത്യ ഒരടി നടന്നാൽ പാകിസ്താൻ രണ്ടടി നടക്കാൻ തയ്യാറാണെന്നാണ് 2014ൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്ഥാനാരോഹണച്ചടങ്ങിൽ പങ്കെടുത്ത പാകിസ്താൻ പ്രധാനമന്ത്രി നവാസ് ഷരീഫ് പറഞ്ഞത്. എന്നാൽ പിന്നീടുള്ള വർഷങ്ങളിൽ അടിവെച്ചു വന്നത് നയതന്ത്രജ്ഞരായിരുന്നില്ല, മറിച്ച് പാക് ഭീകരരായിരുന്നു.

2019 ഫെബ്രുവരിയിൽ പുൽവാമ ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്താനിലെ ബാലാകോട്ടിലെ ജയ്‌ഷെ മുഹമ്മദ് (ജെഎം) ഭീകര പരിശീലന ക്യാമ്പിൽ ഇന്ത്യ വ്യോമാക്രമണം നടത്തിയതു മുതൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളായിരുന്നു. 2019 ഓഗസ്‌റ്റിൽ ഇന്ത്യ ജമ്മു കശ്‌മീരിന്റെ പ്രത്യേക അധികാരങ്ങൾ പിൻവലിക്കുകയും പഴയ സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്‌തതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഭിന്നത രൂക്ഷമായി.

മോദിയുടെ അഭിനന്ദന സന്ദേശവും ഷഹബാസിൻ്റെ മറുപടിയും; ഇന്ത്യ - പാക് ബന്ധങ്ങൾക്ക് പുതിയ വഴിത്തിരിവാകുമോ?
കര്‍ണാടക നിയമസഭയുടെ ഇടനാഴിയില്‍ പാക് അനുകൂല മുദ്രാവാക്യം; കോണ്‍ഗ്രസ് എം പിയുടെ മൂന്ന് അനുയായികള്‍ അറസ്റ്റിൽ

ഇരു രാജ്യങ്ങളും തമ്മിൽ അഭിപ്രായ ഭിന്നതകൾ നിലനിൽക്കുന്നുണ്ടെങ്കിലും നവാസ് ഷരീഫും ഷഹബാസ് ഷരീഫും മോദിയുമായും ബിജെപിയുമായും (ഭാരതീയ ജനതാ പാർട്ടി) പങ്കിടുന്ന ബന്ധം പുതിയ അധ്യായത്തിന് തുടക്കമിടുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. 1999 ഫെബ്രുവരിയിൽ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്‌പേയി പാക് പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിനെ കാണാൻ അതിർത്തി കടന്ന് ലാഹോറിലേക്ക് ബസ് യാത്ര നടത്തിയിരുന്നു. അന്ന് നടന്ന കൂടിക്കാഴ്ചയിൽ നവാസും വാജ്‌പേയിയും തമ്മിൽ സമാധാന കരാറിൽ ഒപ്പുവച്ചിരുന്നു, എന്നാൽ ഇതിന് ഒരു വര്‍ഷം തികയും മുൻപ് തന്നെ ഇരു രാജ്യങ്ങളും തമ്മിൽ ആണവ പരീക്ഷണങ്ങൾ നടത്തി, സംഘർഷം വർധിച്ചു.

ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള പ്രദേശത്തേക്ക് പാക് സൈനികർ നുഴഞ്ഞുകയറുന്നതായി ഇന്ത്യ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ഈ സംഭവത്തിന് പിന്നിൽ അന്നത്തെ സൈനിക മേധാവിയായിരുന്ന ജനറൽ പർവേസ് മുഷറഫും സർവീസിലുണ്ടായിരുന്ന കമാൻഡർമാരുമാണെന്ന് കുറ്റപ്പെടുത്തി നവാസും രംഗത്തെത്തി. ഏതാനും മാസങ്ങൾക്കു ശേഷം, 1999 ഒക്ടോബറിൽ മുഷറഫ് നടത്തിയ സൈനിക അട്ടിമറിയിലൂടെ, ചുമതലയേറ്റ് രണ്ട് വർഷത്തിന് ശേഷം ഷരീഫിനു പ്രധാനമന്ത്രി സ്ഥാനം നഷ്ടമായിരുന്നു.

മോദിയുടെ അഭിനന്ദന സന്ദേശവും ഷഹബാസിൻ്റെ മറുപടിയും; ഇന്ത്യ - പാക് ബന്ധങ്ങൾക്ക് പുതിയ വഴിത്തിരിവാകുമോ?
ഇന്ത്യയുമായുള്ള തർക്കത്തിനിടെ ചൈനയുടെ സൗജന്യ സൈനിക സഹായം; കരാറിൽ ഒപ്പുവെച്ച് മാലദ്വീപ്, ഗവേഷണ കപ്പലിനും അനുമതി

ശേഷം 2013ൽ നവാസ് അധികാരത്തിൽ തിരിച്ചെത്തി. ഒരു വർഷത്തിനുശേഷം, ഇന്ത്യയിൽ ബിജെപിയും അധികാരത്തിലെത്തി, മോദി ഇന്ത്യൻ പ്രധാനമന്ത്രിയായി. മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ദക്ഷിണേഷ്യയിൽ നിന്നുള്ള നേതാക്കൾക്കൊപ്പം നവാസും ഇന്ത്യയിലെത്തിയിരുന്നു. തുടർന്ന്, 2015 ഡിസംബറിൽ, നവാസിൻ്റെ ചെറുമകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ മോദി ലാഹോറിലെത്തിയിരുന്നു. ഇരു രാജ്യങ്ങളും ഔപചാരികമായ സംഭാഷണം പുനരാരംഭിക്കുമെന്നും 2016 ജനുവരിയിൽ മുതിർന്ന നയതന്ത്രജ്ഞരുടെ യോഗം പ്രഖ്യാപിക്കുമെന്നും അന്ന് പാകിസ്താൻ സർക്കാർ അറിയിച്ചു. എന്നാൽ ഒരാഴ്ചയ്ക്ക് ശേഷം തന്നെ, സ്ഥിതിഗതികൾ വീണ്ടും സങ്കീർണമായി. മൂന്ന് വർഷത്തിന് ശേഷം, 2019 ഫെബ്രുവരിയിൽ, ഇന്ത്യൻ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, ഇന്ത്യൻ അധീന കശ്മീരിൽ ചാവേർ ബോംബാക്രമണത്തിൽ 46 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ട സംഭവത്തിന് ശേഷം, സംഘർഷം വീണ്ടും ഉയർന്നു.

2022ൽ ഇമ്രാൻ ഖാനെയും അദ്ദേഹത്തിൻ്റെ പാകിസ്താൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) പാർട്ടിയെയും അവിശ്വാസ വോട്ടെടുപ്പിലൂടെ പുറത്താക്കിയ ശേഷമാണ് ഷെഹ്ബാസ് പാക് പ്രധാനമന്ത്രിയായി സ്ഥാനമേൽക്കുന്നത്. അന്ന് മോദി ഷെഹ്ബാസിനെ അഭിനന്ദിക്കുകയും ഇരു രാജ്യങ്ങളും തമ്മിൽ സമാധാനവും സ്ഥിരതയും കൊണ്ടുവരുന്നതിനായി അവശ്യ നടപടികൾ സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്നും അറിയിച്ചിരുന്നു.

പാകിസ്താനിൽ പുതിയ സർക്കാർ അധികാരത്തിലേറിയ സാഹചര്യത്തിൽ ഇന്ത്യയിൽ വരാനിരിക്കുന്ന ദേശിയ തിരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏതു രീതിയിൽ മുന്നോട്ട് പോകുമെന്ന് വിലയിരുത്താനാകുക.

logo
The Fourth
www.thefourthnews.in